ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
30

"ഭ്രാതാവെ! പോരിക - അഗസ്ത്യമുനിയുടെ ഉദരത്തിൽനിന്നും പുറത്തേക്കു പോരിക" എന്നു തന്റെ സഹോദരനെ ഉച്ചസ്വരത്തിൽ വിളിച്ചു. വിപ്രഘാതകിയായ ആ അസുരന്റെ വാക്കുകൾ കേട്ടു ധീമാനും മുനിസത്തമനുമായ അഗ്സ്ത്യൻ ചിരിച്ചുംകൊണ്ടിപ്രകാരം പറഞ്ഞു. "എന്റെ ജഠരാഗ്നിയില്പെട്ടു ദഹിച്ചുപോയ ആ രക്ഷസനുണ്ടൊ ഇനി പുറത്തു പോരുന്നു. ഇല്വല മേഷരൂപിയായ നിന്റെ ഭ്രാതാവു യമസദനം പ്രാപിച്ചു കഴിഞ്ഞു." തന്റെ സോദരന്റെ നിധനവൃത്താന്തം കേട്ടു ദുസ്സഹമായ രോഷത്തോടെ ആ രജനീചരൻ മുനിവൎയ്യനായ അഗസ്ത്യനെ ഹിംസിപ്പാനായി പാഞ്ഞടുത്തു. ഇതു കണ്ടു ദീപ്തതേജസ്സായ ആ മഹൎഷിശ്രേഷ്ഠൻ അഗ്നികല്പങ്ങളായ തന്റെ നയനങ്ങൾകൊണ്ടു ഇല്വലനെ ചുട്ടെരിച്ചു. വിപ്രന്മാരോടുള്ള അനുകമ്പയാൽ ഇത്രയും ദുഷ്കരമായ കൎമ്മം പോലും അഗസ്ത്യമുനി ചെയ്തിട്ടുണ്ടു്. തടാകങ്ങളാലും കാനനങ്ങളാലും പ്രശോഭിതനായ ഈ ആശ്രമപദം ആ മുനിപുംഗവന്റെ സോദരന്റെതാണു്" ശ്രീരാഘവൻ സൌമിത്രിയോടിപ്രകാരം സംഭാഷണം ചെയ്തുകൊണ്ടിരിക്കെ സൂൎയ്യൻ അസ്തമിച്ചു. സന്ധ്യയും ആഗമിച്ചു. അനന്തരം ഭ്രാതാവോടുംകൂടെ രാമൻ വിധിവൽസന്ധ്യയെ ഉപാസിച്ചു് ആശ്രമത്തിൽ ചെന്നുകേറി മുനിവൎയ്യനെ അഭിവന്ദിച്ചു. മഹാത്മാവായ ആ മുനിവൎയ്യനും അവരെ യഥാവിധി ആദരിച്ചു. ഫലമൂലാദി താപസാന്നത്തെ ഭക്ഷിച്ചു് പ്രഭാതത്തിൽ ശ്രീരാഘവൻ മഹൎഷിവൎയ്യനെ ചെന്നു കൈവണങ്ങി "ഹെ! ഭഗവൻ! നിന്തിരുവടിയെക്കണ്ടു വന്ദിപ്പാനായി വന്ന ഞാൻ രാത്രി മുഴുവൻ ഇവിടെ വളരെ സുഖത്തോടെ വസിച്ചു. ഇപ്പോൾ ഇതാ ഞാൻ അങ്ങയോടു വിട ചോദിക്കുന്നു. നിന്തിരുവടിയുടെ ഭ്രാതാവായ അഗസ്ത്യമഹൎഷിയെക്കാണ്മാൻ എനിക്കു വളരെ ആഗ്രഹമുണ്ടു്. ഞങ്ങൾ ഇപ്പോൾ അങ്ങോട്ടു പോകുന്നു" എന്നിങ്ങിനെ പറഞ്ഞു. അനന്തരം ആ തപോധനന്റെ അനുജ്ഞയോടുകൂടി രഘുനന്ദനൻ ചുറ്റുമുള്ള കാനനങ്ങൾ ദൎശിച്ചും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/35&oldid=203126" എന്ന താളിൽനിന്ന് ശേഖരിച്ചത്