ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
37

പോയി. പ്രതിജ്ഞ മുഴുവൻ സാധിച്ചു് ഹെ! കാകുൽസ്ഥ! അങ്ങുന്നു യഥാസുഖം നാടുവാഴും. ഹെ! രഘുനന്ദന! അങ്ങയുടെ പിതാവായ ദശരഥൻ ഭാഗ്യവാൻ തന്നെ. യയാതിയെപ്പോലെ ജ്യേഷ്ഠപുത്രനായ അങ്ങയാൽ ആ മഹാത്മാവു ധന്യനായി. ഹെ! അനഘ! ഈ വൃത്താന്തം സൎവ്വവും ഞാൻ എന്റെ തപശ്ശക്തികൊണ്ടും ദശരഥനോടുള്ള സ്നേഹംകൊണ്ടും ഗ്രഹിച്ചിരിക്കുന്നു. ഖരാദിവധസങ്കല്പരൂപമായ അങ്ങയുടെ ഹൃദയവും ഞാൻ അറിയുന്നു. അതിനാലാണു് അങ്ങുന്നു ഈ വനത്തിൽ എന്റെ സമീപത്തുതന്നെ വസിക്കേണമെന്നു ഞാൻ ആഗ്രഹിക്കുന്നതു്. അങ്ങുന്നു പഞ്ചവടിയിൽ ചെന്നു് അവിടെ നല്ലോരാശ്രമം നിൎമ്മിക്കുക. എത്രയും രമ്യവും സുശ്ലാഖ്യവുമായ ആ വനം ഗോദാവരീതീരത്താണു് സ്ഥിതിചെയ്യുന്നതു്. അതിനാൽ ആ പ്രദേശത്തെ സീതയും നിശ്ചയമായും ഇഷ്ടപ്പെടും. ഇവിടെനിന്നു് അധികം ദൂരത്തും അല്ല. കയ്കനികളും അവിടെ സുലഭങ്ങളാണു്. ജനശൂന്യവും പക്ഷിവൃന്ദങ്ങൾ പാൎത്തുപോരുന്നതുമായ ആ പ്രദേശം പരമപാവനമാണു്. ഹെ! മഹാബാഹൊ! അങ്ങുന്നു സഭാൎയ്യനാണെങ്കിലും മഹാശക്തനാണല്ലൊ. ഈ വനത്തിൽ വസിച്ചു് അങ്ങുന്നു് താപസരക്ഷ ചെയ്യുക. ഹെ! വീര! മദൂകദ്രുമങ്ങൾ നിറഞ്ഞുള്ള ഒരു മഹാവനം അതാ നോക്കുക. അതിന്റെ ഉത്തരഭാഗത്തുകൂടെ നടന്നാൽ ഒരു വടവൃക്ഷത്തിന്നരികെ ചെല്ലും. അവിടെയുള്ള പൎവ്വതവും കടന്നു യാത്രചെയ്യുക. എന്നാൽ വിദൂരത്തായി നിത്യപുഷ്പിതകാനനത്തോടുകൂടിയ പഞ്ചവടിയിലെത്തും." ഈ വാക്കുകൾ കേട്ടു ശ്രീരാഘവൻ സൌമിത്രിയോടുകൂടെ സത്യവാദിയായ അഗസ്ത്യമുനിയെ നമസ്കരിച്ചു് ആ മഹാത്മാവോടു യാത്രപറഞ്ഞു. വിദിതാത്മാവായ അഗസ്ത്യന്റെ അനുമതിയും വാങ്ങി അവർ സീതയോടുകൂടെ പഞ്ചവടിക്കു പുറപ്പെട്ടു. സമരധീരരായ ആ നരോത്തമനന്ദനന്മാർ ചാപതൂണികൾ ധരിച്ചു് മഹൎഷിവൎയ്യനാൽ ഉപദേശിക്കപ്പെട്ട മാൎഗ്ഗത്തൂടെ ഏകാഗ്രചിത്തരായി സഞ്ചരിച്ചു.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/42&oldid=203154" എന്ന താളിൽനിന്ന് ശേഖരിച്ചത്