ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
45

സരസ്സുകളിൽ സാരസ്സങ്ങൾ ഉണ്ടെന്നു് ശബ്ദംകൊണ്ടു മാത്രമെ അനുമാനിച്ചുകൂടൂ. പുളിനങ്ങളിലും തീരപ്രദേശത്തുമുള്ള മണൽതരികൾ നിശ്ശേഷം നനഞ്ഞു് ഈ സരിത്തുകൾ, ഇരുന്നു സല്ലപിപ്പാൻപോലും ഉതകാത്തവണ്ണം അരമ്യമായിത്തീൎന്നിരിക്കുന്നു. ശിലാതലങ്ങളിന്മേൽ പതിച്ചുകിടക്കുന്ന മഞ്ഞിൻതുള്ളികൾ സൂൎയ്യരശ്മിതട്ടാതെ കടുശീതമായും വിഷമയമായും തീൎന്നിട്ടുണ്ടു്. ജീൎണ്ണിച്ചും വാടിയും ചാഞ്ഞുകിടക്കുന്ന ദലങ്ങളും കേസരങ്ങളും മഞ്ഞിൻതുള്ളികളുടെ ഘനംകൊണ്ടു കൊഴിഞ്ഞുവീണു് പത്മങ്ങൾ നാളശേഷങ്ങളായിത്തീൎന്നിരിക്കുന്നു. തന്നിമിത്തം പൊയ്കകളുടെ ശോഭ തീരെ കെട്ടുപോയി. ഹെ! പുരുഷവ്യാഘ്ര! സുധാൎമ്മികനും ദുഃഖവിഹ്വലനുമായ ഭരതൻ ഇപ്പോൾ ഭക്തിപുരസ്സരം നിന്തിരുവടിയെ ധ്യാനിച്ചുംകൊണ്ടു പുരത്തിൽ വസിക്കയായിരിക്കാം. രാജ്യം, മാനം, മററു വിവിധഭാഗങ്ങൾ എന്നിവയെല്ലാം പരിത്യജിച്ചു് നിരാഹാരനായി താപസവൃത്തിയോടുംകൂടെ അവൻ ഇപ്പോൾ ഈ വിധം കുളുൎത്ത നിലത്തുതന്നെ ശയിക്കുന്നുണ്ടായിരിക്കാം. അവനും നിത്യം ഇതേ സമയത്തുതന്നെ അനുചരന്മാരോടുകൂടെ സ്നാനാൎത്ഥം സരയൂനദിയിലേക്കു പോകുന്നുണ്ടായിരിക്കും. അത്യന്തം സുഖിയും സുഖോചിതനും സുകുമാരനുമായ അവൻ ഈ അതിരാവിലെ സരയൂനദിയിലിറങ്ങുന്നതെങ്ങിനെ? പത്മപത്രാക്ഷനും, ശ്യാമളവൎണ്ണനും, വീരനും, കൃശോദരനും, മഹാനും, ധൎമ്മജ്ഞനും, സത്യവാദിയും, ജിതേന്ദ്രിയനും, അകൃത്യത്തിൽ ലജ്ജയുള്ളവനും, പ്രിയഭാഷിയും, സുന്ദരനും, മഹബാഹുവും ആയ ഭരതൻ സൎവ്വഭോഗങ്ങളും ഉപേക്ഷിച്ചു് സൎവ്വാത്മനാ നിന്തിരുവടിയെ ആശ്രയിക്കുന്നു. സ്വൎഗ്ഗതുല്യമായ സുഖത്തെപ്പോലും നിരസിച്ചു് അവൻ വനസ്ഥനായ അങ്ങയെ തപസ്സുകൊണ്ടു പിന്തുടരുന്നു. "മനുഷ്യർ പിതാവിന്റെ സ്വഭാവത്തെയല്ല അനുവൎത്തിക്കുക. മാതാവിന്റെതാണു്" എന്നുള്ള ലോകവാദത്തെ ഭരതൻ നിരൎത്ഥകമാക്കിയിരിക്കുന്നു. ഭൎത്താവു ദശരഥൻ. പുത്രനോ ഉത്തമനായ ഭരതൻ. പിന്നെ മദ്ധ്യമമാതാവായ കൈകേയി എങ്ങിനെ ഈവിധം ക്രൂരയായി." ഭ്രാതൃവാത്സല്യത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/50&oldid=203228" എന്ന താളിൽനിന്ന് ശേഖരിച്ചത്