ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4

കളും പാപമതികളുമാണ് നിശ്ചയം. നിങ്ങളുടെ ഈ മുനിവേഷം വെറും കപടമാണ്. ചാപബാണങ്ങൾ മുനിമാൎക്കു പററിയതല്ല. അതിനാൽ നിങ്ങൾ മുനിവംശദൂഷകരുമാണു്. വിരാദനെന്നു പ്രഖ്യാതനായ ആശരനാണു് ഞാൻ. സദാ ശസ്ത്രം ധരിച്ചുംകൊണ്ടു ഞാൻ ഈ ഘോരാടവിയിൽ നടക്കുന്നു. ഋഷിമാംസമാണു് എന്റെ ഭക്ഷണം. സുന്ദരിയായ ഇവളെ ഞാൻ എന്റെ ഭാൎയ്യയാക്കും. പാപചിത്തരായ നിങ്ങളെക്കൊന്നു രുധിരം കുടിക്കയും ചെയ്യും." ദുരാത്മാവും മഹാ ഗൎവ്വിയുമായ വിരാധൻ്റെ ഈ ധിക്കാരവചസ്സുകൾ കേട്ടു് ജനകാത്മജയായ സീത ഏററവും സംഭ്രമിച്ചു. കൊടുങ്കാറേറററ കദളിയെന്നപോലെ അവൾ ഉലഞ്ഞുപോയി. ശോഭനഗാത്രിയായ സീത രാക്ഷസകരത്തിൽ അകപ്പെട്ടുവെന്നു കണ്ടപ്പോൾ ശ്രീരാഘവൻ അത്യന്തം ദുഃഖിച്ചു. ആ മഹാത്മാവു് പരിശുഷ്കവദനത്തോടെ ലക്ഷ്മണനോടിങ്ങനെ പറഞ്ഞു. "ഹാ! ലക്ഷ്മണ! നോക്കുക. ജനകപുത്രിയായ സീത - ശുഭചരിതയായ എന്റെ പ്രാണവല്ലഭ - ഇതാ രാക്ഷസകരത്തിൽ കുടുങ്ങിയല്ലൊ. രാജപുത്രിയും യശസ്വിനിയുമായ ഇവൾ എത്രയോ സുഖഭോഗങ്ങളോടുകൂടി വളൎന്നുവന്നവളല്ലെ. ഹാ! സൌമിത്രെ! വരമെന്ന വ്യാജേന കൈകേയി ഏതൊരു കാൎയ്യത്തെ ഇച്ഛിച്ചുവോ ആയത് അവളിപ്പോൾ നേടിക്കഴിഞ്ഞു. ദീൎഘദൎശിനിയായ അവൾ പുത്രന്നുണ്ടായ രാജ്യലാഭം നിമിത്തം പരിതുഷ്ടയാകയും ചെയ്തു. സൎവ്വഭൂതങ്ങൾക്കും പ്രിയനായ എന്നെ ഏതൊരുത്തി വനം പ്രാപിപ്പിച്ചുവൊ എൻ്റെ ആ മദ്ധ്യമാതാവു് ഇപ്പോൾ കൃതാൎത്ഥയായിരിക്കാം. ഹാ! ലക്ഷ്മണ! പിതൃവിയോഗദുഃഖമൊ രാജ്യാപഹരണദുഃഖമൊ എനിക്കു സാരമില്ല. വൈദേഹിയുടെ ശരീരത്തിൽ അന്യൻ കൈവെക്കുന്നുവെങ്കിൽ ആ ദുഃഖമാണു് എനിക്കു സഹിച്ചുകൂടാത്തതു്." ശ്രീരാഘവന്റെ ശോകപരിക്ലിന്നമായ ഈ വചനങ്ങൾ കേട്ടു് വിരാധനോടുള്ള ലക്ഷ്മണന്റെ ക്രോധം എത്രയും വൎദ്ധിച്ചു. ചീററി ഊതുന്ന സൎപ്പമ്പോലെ നിശ്വസിച്ച്കുംകൊണ്ടു സൌമിത്രി ഇങ്ങിനെ പറഞ്ഞു. "ഹെ! ഇന്ദ്രതുല്യ! സൎവ്വഭൂതങ്ങൾക്കും നാഥനായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/9&oldid=203251" എന്ന താളിൽനിന്ന് ശേഖരിച്ചത്