ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രജാക്ഷേമരതൻ സർപ്പവ്രജാധിക്യം നിനച്ചവൻ
മറ്റും ദേവകളോടൊത്തു മുറ്റും കൈക്കൊണ്ടു സമ്മതം. 10

അന്നുമുഗ്രവിഷക്കാരീ ദന്ദശൂകങ്ങളുല്ല‍ക്കടർ
അവർക്കീ വിഷതൈക്ഷ്ണ്യത്താലേവർക്കും ക്ഷേമമൊക്കുവാൻ.

അമ്മ ചെയ്തതു നന്നായീ പരപീഡാകരക്കിതും
അന്യജീവികളിൽ പീഡനാന്യായം ചെയ്‌വവർക്കഹോ! 12

പ്രാണഹാനിപെടും ശിക്ഷ ദൈവം താനേ ‌കൊടുക്കുമേ.
ഏവം ചൊല്ലിക്കദ്രുവിനെദ്ദേവൻ മാനിച്ചു പത്മജൻ 13

വിളിച്ചാക്കശ്യപനൊടും നളിനാലയനോതിനാൻ
ബ്രഹ്മാവു പറഞ്ഞു
ദന്ദശൂകങ്ങൾ സർപ്പങ്ങൾ നിന്നിലുണ്ടായ ജാതികൾ 14

മഹാവിഷോഗ്രരിവരെ മാതാവേവം ശപിച്ചതിൽ
ഉണ്ണീ, നിനക്കു ചെറുതും മന്യുവുണ്ടായിടൊല്ലെടോ 15

മുന്നേ കണ്ടിട്ടുള്ളതാണീ യജ്ഞേ സർപ്പകല‌ക്ഷയം
സൂതൻ പറഞ്ഞു
ഏവം ചൊല്ലീ പ്രീതനാക്കിയാപ്രജാപതിയേ വിധി 16

കശ്യപന്നുപദേശിച്ചൂ വിഷസംഹാരവിദ്യയെ.

21.സൗപർണ്ണം-സമുദ്രദർശനം

പിറ്റെദിവസം കദ്രുവും വിനതയുംകൂടി പരീക്ഷയിൽ ജയിക്കുന്നതാരാണെന്നു മനസ്സിലാക്കാനായി ഉച്ചൈഃശ്രവസ്സിനെ ചെന്നുകാണാൻ പുറപ്പെടുന്നു. സമുദ്രവർണ്ണനം

സൂതൻ പറഞ്ഞു
മുനേ, രാത്രി കഴിഞ്ഞിട്ടുദ്ദിന സൂര്യനുദിക്കവേ
കദ്രൂ വിനതമാർ തമ്മിലൊത്തു സോദരിമാർ പരം 1

ദാസ്യം പന്തയമായേറ്റം വാശിയോടും ചൊടിച്ചുടൻ
ഒന്നിച്ചുച്ചൈഃശ്രവോശ്വത്തെച്ചെന്നു കാണ്മാനിറങ്ങിനാർ. 2

ഉടനായവർ വെള്ളം നില്പിടമാം കടൽ കണ്ടുതേ.
പരന്നഗാധം കടയുമിരമ്പും ഘോഷമാർന്നഹോ! 3

തിമിംഗലഝഷാനേകുമകരങ്ങൾ നിരന്നുമേ
നാനാ രൂപങ്ങളായുള്ള നാനാ ജന്തുക്കളൊത്തുമേ, 4

ഭയങ്കരങ്ങളായ് മറ്റു ജലജന്തുക്കളൊത്തുമേ
ഉഗ്രങ്ങളായിടും നക്രകൂർമ്മങ്ങളിടചേർന്നുമേ, 5

പുരുരത്നം വിളഞ്ഞാണ്ടും വരുണൻ വാണുകൊണ്ടുമേ
നാഗങ്ങൾ കുടികൊണ്ടും പാടാകം പുഴകൾ പൂണ്ടുമേ, 6

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/100&oldid=156426" എന്ന താളിൽനിന്ന് ശേഖരിച്ചത്