ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അനുക്രമണികാപൎവ്വം


നാരായണനെയും സാക്ഷാൽ നരനാം നരനേയുമേ
സരസ്വതീദേവിയേയും നമിച്ചു ജയമോതുക.

1. അനുക്രമണിക


ശൗനകനാരംഭിച്ച സത്രത്തിൽ സന്നിഹിതനായ സൂതനോടു്, ചില മഹർഷിമാർ, വ്യാസനിർമ്മിതമായ ഭാരതകഥ വിസ്തരിച്ചുപറയാനാവശ്യപ്പെടുന്നു. വ്യാസൻ ഭാരതം നിർമ്മിച്ചതും അതു് ഗണപതിയെക്കൊണ്ടു പകർത്തിച്ചതും ആയ കഥ വിവരിച്ചതിനുശേഷം, സൂതൻ ഭാരതകഥയെ സംബന്ധിച്ച ഒരു ദിങ് മാത്രദർശനം നടത്തുന്നു. മഹാഭാരതശ്രവണഫല വിവരണത്തോടുകൂടി അദ്ധ്യായം അവസാനിക്കുന്നു.

ലോമഹർഷണന്റെ[1] പുത്രനുഗ്രശ്രവസ്സെന്ന പൗരാണികനായ സൂതനന്ദനൻ നൈമിഷാരണ്യത്തിങ്കൽ കുലപതിയായ ശൗനകന്റെ പന്തീരാണ്ടുകൊണ്ടു കഴിയുന്ന സത്രത്തിൽ:

നിരക്കെത്താപസശ്രേഷ്ഠരിരിക്കുന്നോരിടത്തുടൻ
പെരുത്ത വിനയത്തോടുമൊരുനാൾ ചെന്നു കേറിനാൻ.        1
നൈമിഷാരണ്യാശ്രമത്തിലാ മഹാൻ ചെന്നവാറുടൻ
ചിത്രസൽക്കഥ കേൾപ്പാനായൊത്തുകൂടീ മഹർഷികൾ.        2
പ്രത്യേകമഭിവാദ്യം ചെയ്താത്താപസരൊടായവൻ
പ്രത്യർച്ചിതൻ[2] സാധു തപോവൃദ്ധി ചോദിച്ചിതാദ്യമേ:        3
വിഷ്ടര[3]ങ്ങളിലാ യോഗിശ്രേഷ്ഠരെല്ലാമിരിക്കവേ
മുനിവാക്കാൽ പീഠമേറീ വിനീതൻ സുതനന്ദനൻ        4
ഇരുന്നവൻ വിശ്രമിച്ചെന്നറിഞ്ഞിട്ടൊരു മാമുനി
കഥാപ്രസ്താവനയ്ക്കായിട്ടയഥ ചോദിച്ചു സാദരം:        5
"വരവെങ്ങുന്നിത്രനാളും പരം നന്ദിച്ചിതെങ്ങു നീ?
സരോജനേത്ര, ഹേ സൂത, പറകെന്നോടശേഷവും."        6

  1. ലോമഹൎഷണൻ - പുരാണ പാരായണം കൊണ്ടു ശ്രോതാക്കളിൽ രോമാഞ്ചം ജനിപ്പിച്ചതിനാൽ ഈ പേരിൽ പ്രസിദ്ധനായിത്തീൎന്ന ഒരു മഹർഷി.
  2. പ്രത്യൎച്ചിതൻ = പകരം പൂജിക്കപ്പെട്ടവൻ
  3. വിഷുരം = പീഠം
"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/14&oldid=202348" എന്ന താളിൽനിന്ന് ശേഖരിച്ചത്