ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രദ്ധയോടിതു കേൾപ്പോനും കേൾപ്പിക്കും പുണ്യശീലനും
രാജസൂയാശ്വമേധങ്ങൾ ചെയ്തമട്ടൊക്കുമേ ഫലം. 47

സമുദ്രഭഗവാൻതാനും സുമേരുഗിരിരാജനും
രണ്ടു രത്നനിധാനങ്ങളുണ്ടമ്മട്ടിതു ഭാരതം. 48

ഇതു വേദങ്ങളെപ്പോലെ പവിത്രം പരമുത്തമം
ശ്രാവ്യം ശ്രുതിക്കു സുഖദം പാവനം ശീലവർദ്ധനം. 49

ഈയിഷ്ടമാം ഭാരതത്തെ യാചിപ്പോനു കൊടുപ്പവൻ
കടൽചൂഴും ഭൂമിയൊക്കെക്കൊടുപ്പാനായിടും ദൃഢം. 50

പാരീക്ഷിതജയം പുണ്യം പാരിക്കും ദിവ്യമിക്കഥ
കഥിപ്പേൻ കേട്ടുകൊൾക്കെല്ലാമതിഹർഷം പെടുമ്പടി. 51

മൂവാണ്ടുകൊണ്ടുതാൻ കൃഷ്ണദ്വൈപായനമുനീശ്വരൻ
മഹാഭാരതമാഖ്യാനമിഹ തീർത്താനിതത്ഭുതം. 52

ധർമ്മാർത്ഥകാമമോക്ഷങ്ങൾവിഷയം ഭരതർഷഭ!
കാണാം മറ്റുമിതിൽ കാൺകയില്ലിങ്ങില്ലാത്തതെങ്ങുമേ. 53

63.വ്യാസോൽപത്തി ഉപരിചരവസുവിന്റെ കഥ. സത്യവതിയുടെ ഉത്ഭവം. സത്യവതി മത്സ്യഗന്ധിയിനിയായതു്. കടത്തുവള്ളത്തിൽവെച്ച് പരാശരൻ മത്സ്യഗന്ധിനിയെ കണ്ടതും ദ്വൈപായനന്റെ ഉത്പത്തിയും. ദ്വൈപായനന് വ്യാസൻ എന്ന പേരു സിദ്ധിച്ചത്. അണീമാണ്ഡവ്യന്റെ കഥ. ഭീഷ്മ ദ്രോണാദികളായ ആചാരയ്യന്മാർ, ധർമ്മപുത്രാദികളായ രാജാക്കന്മാർ, സാത്യകി കൃതവർമ്മാദികളായ യാദവന്മാർ തുടങ്ങി ഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ആവിർഭാവം.

വൈശമ്പായനൻ പറഞ്ഞു

ഇഹോപരിചരൻ രഞ്ജിപ്പേറും ധർമ്മിഷ്ഠമന്നവൻ ഉണ്ടായിരുന്നൂ നായാട്ടു കൊണ്ടാടും വ്രതമാർന്നവൻ, 1

ചേദിരാജ്യം രമ്യനവൻ വസു പൗരവനന്ദനൻ ഇന്ദ്രോപദേശാൽ കൈക്കൊണ്ടാൻ നന്ദനീയം മഹീശ്വരൻ. 2

അസ്ത്രംവെച്ചാശ്രമം വാണിട്ടവൻ തപമിരിക്കവേ ഇന്ദ്രാദിവാനവന്മാരാ മന്നവാന്തികമെത്തിനാർ. 3

ഇന്നരേന്ദ്രൻ തപസ്സാലങ്ങിന്ദ്രപട്ടത്തിനർഹനാം എന്നോർത്തു സാന്ത്വേന തപസ്സങ്ങു നിർത്താനൊരുങ്ങിനാർ. 4

ദേവകൾ പറഞ്ഞു

ധർമ്മസങ്കരമാകൊല്ല നന്മഹീനാഥ, ഭൂമിയിൽ അങ്ങെടുത്തീടമീദ്ധർമ്മമെങ്ങും ലോകർ തുടങ്ങുമേ. 5 </poem>

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/186&oldid=156503" എന്ന താളിൽനിന്ന് ശേഖരിച്ചത്