ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനേകാസനഭേദങ്ങൾ മനം തെറ്റാതെ യോഗികൾ 48

കൈക്കൊണ്ടിരിപ്പതായ് ക്കണ്ടിട്ടത്ഭുതപ്പെട്ടു പാർത്ഥിവൻ.
ദേവാലയങ്ങളിൽ ഭൂമിദേവർതൻ പൂജ കണ്ടഹോ! 49

ബ്രഹ്മലോകത്തിലാം താനെന്നമ്മഹീനാഥനോർത്തുപോയ്.
ഇത്ഥമാക്കാശ്യപതപോഗുപ്ത*മായിടുമാശ്രമം 50

അതിപുണ്യഗുണം കണ്ടു മതിയായീലവന്നഹോ!
അനന്തരം ഭൂരിതപോധനർഷിസ-
ജ്ജനം പെടും പുണ്യവിവിക്തശോഭനേ
പുരോഹിതാമാത്യയുതൻ കരേറിനാൻ
നരോത്തമൻ കാശ്യപതാപസാശ്രമേ. 51

71.മേനകാപ്രേഷണം

ശകുന്തള,ആശ്രമത്തിൽ‍ വന്നുചേർന്ന അതിഥിയെ സൽക്കരിക്കുന്നു.കണ്വൻ ആശ്രമത്തിലില്ലെന്നു മനസ്സിലാക്കിയ ദുഷ്യന്തൻ ശകുന്തളയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു. ആ കണ്വപുത്രി തന്റെ ജനനകഥ പറയുന്നതിന്റെ പ്രാരംഭമായി, പണ്ട് വിശ്വമിത്രൻ തപസ്സുചെയ്യുന്നതുകണ്ടു പരിഭ്രമിച്ച ഇന്ദ്രൻ ആ തപോനിഷ്ഠയ്ക്കു ഭംഗം വരുത്തുന്നതിനുവേണ്ടി മേനകയേ പറഞ്ഞയച്ചു ഭംഗം വരുത്തുന്നു.

വൈശമ്പായനൻ പറഞ്ഞു

പിന്നേ മന്ത്രികളേ വിട്ടാ മന്നവൻതന്നെയേകനായ്
കയറിച്ചെന്നു കണ്ടീലാക്കാശ്യപർഷിയെയാശ്രമേ. 1

മാന്യർഷിയെക്കണ്ടതില്ലാ ശൂന്യമായ് ക്കണ്ടിതാശ്രമം
അരണ്യത്തെ മുഴക്കിക്കൊ'ണ്ടാരുണ്ടെ'ന്നാൻ നരാധിപൻ. 2

പൃത്ഥ്വീശശബ്ദം കേട്ടപ്പോൾ പൊയ് ത്താർമാതൊത്ത കന്യക
 പാരം താപസവേഷത്തിലിറങ്ങിച്ചെന്നിതാശ്രമാൽ. 3

കരിമീന്മിഴി ദുഷ്യന്തനൃപനെക്കണ്ടപാടവൾ
'അങ്ങയ്ക്കിതാ സ്വാഗത'മെന്നങ്ങോതീ സൽക്കരിച്ചുടൻ 4

ആസനം പാദ്യമർഘ്യംതൊട്ടാചാരാൽ പൂജ ചെയ്തവൾ
അനാമയത്തെച്ചോദിച്ചാൾ നൃപതേ, കശലത്തൊടും. 5

പൂജിച്ചനാമയം ചോദിച്ചവൾ വേണ്ടും പ്രകാരമേ
വീണ്ടു'മങ്ങയ്ക്കെന്തു ചെയ്തിടേണ്ടു' വെന്നായി സസ്മിതം. 6

മഞ്ജുഭാഷിണിയായോരാക്കന്യയെപ്പാർത്തു പാർത്ഥിവൻ
ചൊന്നാൻ മുറയ്ക്കു സൽക്കാരം നന്നായേറ്റു രസത്തൊടും 7

ദുഷ്യന്തൻ പറഞ്ഞു
വന്ദ്യനാം കണ്വമുനിയെ വന്ദിപ്പാൻവേണ്ടി വന്നു ഞാൻ
ഭദ്രേ, ചൊല്ലെവിടെപ്പോയീ ഭദ്രനാമാ മുനീശ്വരൻ? 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/222&oldid=156544" എന്ന താളിൽനിന്ന് ശേഖരിച്ചത്