ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു
ഏവമാവാമെന്നു ചൊന്നാൻ ഭൂവിൻ നാഥനസംശയം:
“നിന്നെയെൻ നഗരത്തേക്കു നയിപ്പേൻ ഞാൻ ശുചിസ്മിതേ!

ആ സ്ഥാനത്തിനർഹയാം നീ സത്യം ചൊല്ലുന്നു ഞാനെടോ.”
ഏവം നല്ലനടപ്പുള്ളോളിവളോടോതിവെച്ചുടൻ 19

രാജർഷി കൈപിടിച്ചിട്ടായവളൊന്നിച്ചു മേവിനാൻ.
അവളേ വിശ്വസിപ്പിച്ചു പോയാൻ വീണ്ടും പറഞ്ഞുടൻ. 20

ദുഷ്യന്തൻ പറഞ്ഞു
ചതുരംഗപ്പടയെ ഞാൻ നിനക്കായിട്ടയയ്ക്കുവൻ;
അവ്വണ്ണം നിന്നെയെൻ ഗേഹമാനയിപ്പേൻ ശുചിസ്മിതേ! 21

വൈശമ്പായനൻ പറഞ്ഞു
എന്നായവളൊടോതീട്ടാ മന്നവൻ ജനമേജയ!
മനസ്സിൽ കാശ്യപനെയും നിനച്ചുംകൊണ്ടു പോയിനാൻ: 22

'തപസ്വിയാമാ മുനീന്ദ്രനിതു കേട്ടെന്തു ചെയ്യുമോ?'
പരമമ്മിട്ടോർത്തുകൊണ്ടേ പുരം പൂകീടിനാൻ നൃപൻ. 23

മുഹൂർത്തംമുൻപവൻ പോകേ കണ്വനാശ്രമമെത്തിനാൻ
നാണിച്ചച്ഛന്റെ മുൻപിട്ടു ചെന്നീലപ്പോൾ ശകുന്തള. 24

ദിവ്യജ്ഞാനി തപസ്സേറും കണ്വനായവളോടുടൻ
സകലം ദിവ്യചഷുസ്സാൽ കണ്ടു നന്ദിച്ചു ചൊല്ലിനാൻ. 25

കണ്വൻ പറഞ്ഞു
നീയെന്നെയാദരിക്കാതെ ഭദ്രേ, ഗൂഢം പുമാനുമായ്
ചെയ്ത സംസർഗ്ഗമിന്നേതും ധർമ്മം തെറ്റിയതല്ലെടോ. 26

ക്ഷത്രിയന്നിങ്ങു ഗാന്ധർവ്വവിവാഹം ബഹുമുഖ്യമാം
കാമിപ്പോനായ്ക്കാമമുള്ളോൾക്കമന്ത്രം* ഗൂഢസംഗമം. 27

ധർമ്മശാലി മഹാനല്ലോ ദുഷ്യന്തൻ പുരുഷർഷഭൻ
നന്ദിയുള്ളാപ്പതിയിൽ നീ ചേർന്നിതല്ലോ ശകുന്തളേ! 28

പാർത്തട്ടിൽ യോഗ്യനായുണ്ടാം ശക്തൻ പുത്രൻ നിനക്കെടോ
ആഴി ചൂഴുമൊരീയൂഴി വാഴുമാ വീരനന്ദനൻ. 29

ചക്രവർത്തിപദം പൂണ്ടു ചക്രം വർത്തിക്കുമായവൻ
ഒരേടവും കേടു തട്ടാതൊരുമാതിരി വീര്യവാൻ. 30

പിന്നെക്കാൽ കഴുകിച്ചെന്നു ചൊന്നാളാ മുനിയോടവൾ
ഫലഭാരം താഴെവെച്ചു വിശ്രമിച്ചങ്ങിരിക്കവേ. 31

ശകുന്തള പറഞ്ഞു
വരിച്ചു ദുഷ്യന്തനൃ‌പവരനേ വരനായി ഞാൻ
മന്ത്രിമാരൊക്കുമവനിൽ പ്രസാദം ചെയ്തിടേണമേ! 32

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/228&oldid=156550" എന്ന താളിൽനിന്ന് ശേഖരിച്ചത്