ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

317
ഈ ലോകമെല്ലാമുൾക്കൊള്ളും ത്രൈലോക്യൈശ്വരമത്സരം.
രാജ്യാർത്ഥത്തിൽ ജയം കിട്ടാൻ ബൃഹസ്പതിയെ വാനവർ
ആചാരനാക്കിയവ്വണ്ണം ശുക്രനെദ്ദൈത്യവീരരും; 6

ആ ബ്രാഹ്മണരുമന്യോന്യമെപ്പോഴും മത്സരിപ്പവർ.
വാനോർ പോരിൽ കൊന്നു വിട്ട ദാനവന്മാർഗണങ്ങളെ 7

വീണ്ടും ജീവിപ്പിച്ചുകൊണ്ടാൻ കാവ്യൻ മന്ത്രബലത്തിനാൽ;
എഴുന്നേറ്റവർ പിന്നെയും പൊരുതീ സുരരോടുടൻ 8

എന്നാലസുരർ യുദ്ധത്തിൽക്കൊന്നാൽ പാരമമർത്ഥ്യരെ
ജീവിപ്പിച്ചീലുദാരാത്മാവായീടുന്ന ബൃഹസ്പതി. 9

ശുക്രന്നറിവെഴും സഞ്ജീവനമന്ത്രം ബൃഹസ്പതി
അറിയില്ലതുകൊണ്ടേറ്റം സുരന്മാർക്കു വിഷാദമായ്. 10

ആദ്ദേവന്മാർ കാവ്യനാകുമുശനസ്സിൽ ഭയത്തിനാൽ
ആചാര്യജ്യേഷ്ഠസുതനാം കചനോടേവമോതിനാർ. 11

ദേവന്മാർ പറഞ്ഞു
ഭജിക്കും ഞങ്ങളെയനുഭജിക്ക തുണ ചെയ്ക നീ.
ഏതോ മഹാതപസ്സുള്ളാ ബ്രാഹ്മണൻ ശുക്രനുള്ളതാം. 12

ആ മന്ത്രം കൈക്കലാക്കേണം ഭാഗം നല്കാം ഭവാനുമേ.
വൃഷപർവ്വസമീപത്തിൽ കാണുമാ ദ്വിജനെബ്ഭവാൻ 13

അങ്ങു കാപ്പൂ ദാനവരെ ഞങ്ങളെക്കാപ്പാതില്ലവൻ.
കവിയാമവനിൽ സേവ നന്നായ് ചെയ്വോൻ യുവാവു നീ.

അവനുള്ളിഷ്ടസുതയാം ദേവയാനിയെയും പരം
ആരാധിപ്പാൻ ഭവാൻ പോരുമാകാ മറ്റാർക്കുമേ ദൃഢം. 15

ശീലം സൗമ്യത ദാക്ഷിണ്യമചാരം ദമമാദിയാൽ
ദേവയാനി തെളിഞ്ഞാലങ്ങാ വിദ്യയെ ലഭിക്കുമേ. 16

വൈശമ്പാനൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റു പോന്നൂ ബൃഹസ്പതിസുതൻ കചൻ
ദേവസൽക്കാരമേറ്റാശുവൃഷപർവ്വാന്തികത്തുതാൻ. 17

ഏവം ദൈത്യാലയം പുക്കു ദേവപ്രേഷിതനാക്കചൻ
നന്ദിച്ചു ശുക്രനെക്കണ്ടു വന്ദിച്ചേവമുണർത്തിനാൻ. 18

കചൻ പറഞ്ഞു
അംഗിരസ്സിന്റെ പൗത്രൻ ഞാൻ ബൃഹസ്പതിസുതൻ വിഭോ!
കചനെന്നാണു പേരെന്നെശ്ശിഷ്യനാക്കേണമേ ഭവാൻ. 19

ബ്രഹ്മൻ ഞാൻ ഗുരുവാമങ്ങിൽ ബ്രഹ്മചര്യം ചരിക്കുവൻ
ആയിരം വർഷകാലം നന്നായിട്ടനുവദിക്കു മേ. 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/242&oldid=156566" എന്ന താളിൽനിന്ന് ശേഖരിച്ചത്