ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

353

ഇതിൽ തത്വം സർവ്വവും ചൊല്ലിയാലും
ക്ഷേത്രജ്ഞൻ നീയെന്നുറയ്ക്കുന്നു ഞങ്ങൾ. 13

യയാതി പറഞ്ഞു
മരുത്തു രേതസ്സിവ ഗർഭയോനി-
ക്കകത്തുതാനാർത്തവമൊത്തിണക്കും
തന്മാത്രസംയുക്തമവൻ ക്രമത്തിൽ
ഗർഭം വളർത്തും കലിതാധികാരം. 14

ഗർഭം വളർന്നിട്ടുടലൊക്കെയൊത്താൽ‍
സംജ്ഞാബലംപൂണ്ടു മനുഷ്യനാവും
ശബ്ദങ്ങൾ കേൾക്കും ചെവികൊണ്ടു , കൺകൊ-
ണ്ടവ്വണ്ണമേ രൂപവുമങ്ങു കാണും. 15

ഘ്രാണത്തിനാൽ ഗന്ധമറിഞ്ഞിടും നാ-
വാലേ രസം ത്വക്കിനാൽ സ്പർശമേവം
മനസ്സാലേ ഭാവമെന്നിപ്രകാരം
ദേഹിക്കു ദേഹസ്ഥിതി ചെയ്തിരിപ്പൂ. 16

അഷ്ടകൻ പറഞ്ഞു
ചത്താൽ ചുടും കുഴിയിൽ തട്ടി മൂടും
നികൃഷ്ടമാം ദേഹമില്ലാതെയാക്കും;
ഇല്ലാത്തമട്ടിപ്രകാരം നശിക്കെ-
യെന്തൊന്നിനാൽ ചേഷ്ടചെയ്യുന്നു പിന്നെ? 17

യയാതി പറഞ്ഞു
പ്രാണൻ പോയാൽ സുപ്തനെപ്പോലെയായ്ത്താൻ
പുണ്യത്തേയോ പാപമോ മുൻനടത്തി
യോന്യാന്തരം വായുവിൻ പ്രേരണത്താൽ
ജീവൻ തേടിക്കൂടുമേ രാജസിംഹ! 18

പുണ്യം ചെയ്താൽ‍ പുണ്യയോനിക്കു കൂടും
പാപം ചെയ്താൽ പാപയോനിക്കു കൂടും
പാപം ചെയ്താൽ കീടഖഗാദിയാകു-
മെനിക്കിതേ വേണ്ട മഹാനുഭാവ! 19

നാല്ക്കാലിയാം നല്ലിരുകാലിയാറു-
കാലുള്ളതെന്നീവകയായ് ജനിക്കും
ഓതീടിനേൻ നിന്നൊടിതൊക്കെയെന്തു
ചോദിച്ചിടുന്നുണ്ടിനി നീ നരേന്ദ്ര! 20

അഷ്ടകൻ പറഞ്ഞു
എന്തൊന്നു ചെയ്താൽ മുഖ്യലോകം ഗമിക്കും
മർത്ത്യൻ വിദ്യാവ്രതമെന്നാദിയാലേ
അതും ചോദിക്കുന്നു ഞാൻ ചൊല്ലിടേണം
ശുഭം തേടും ലോകമെത്തുന്ന മാർഗ്ഗം. 21

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/278&oldid=156605" എന്ന താളിൽനിന്ന് ശേഖരിച്ചത്