ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

375
പ്രതീപൻ പറഞ്ഞു
നീതന്നെ നിരസിച്ചല്ലോ ചോദിക്കും കാര്യമോമലെ !
നടപ്പുതെറ്റിച്ചാലെന്നെ മുടിക്കും ധർമ്മവിപ്ലവം. 8

അലം വരാംഗീമണീ,യെൻ വലന്തുടയിലേറി നീ
മക്കൾക്കും സ്‌നുഷകൾക്കുംതാനൊക്കുമീയോരിരിപ്പിടം. 9

ഇടത്തേത്തുട ഭാര്യയ്ക്കാം വെടിഞ്ഞിതതു ഹന്ത നീ
ആയതിൻകാരണം കാമമാചരിക്കില്ല നിങ്കൽ ഞാൻ. 10

സ്‍‌നുഷയാവുക നീയെന്റെ സുതനായി വരിച്ചിടാം
സ്‌നുഷസ്ഥാനത്തു വാമോരു, നീ വന്നേറിയതില്ലയോ? 11

അതെന്നാലതു ധർമ്മജ്ഞ, സുതനെത്താൻ ഭജിക്കുവൻ
നിൻ ഭക്തിയാൽ ഖ്യാതമല്ലോ വൻപ്പെഴും ഭാരതാന്വയം. 12

മന്നിൽ മറ്റുള്ള മന്നോർക്കുമിന്നീ നിങ്ങളൊരാശ്രയം
സ്ഫുടം നൂറ്റാണ്ടൂ ചെന്നാലുമൊടുങ്ങില്ലിഹ സൽഗുണം. 13

നിൻ കലത്തിലതിൽപാരം നിങ്കൽ സാധുത്ത്വമുത്തമം
ധർമ്മജ്ഞ, നിശ്ചയം ചെയ്തോരമ്മട്ടിൽ ചെയ്‌വനൊക്കെയും. 14

നിന്മകൻ സ്വീകരിക്കേണമെന്മേൽ സംശയമെന്നിയേ
ഏവമായാൽ നിന്മകന്നു കേവലം രതികൂട്ടുവൻ; 15

പുണ്യപുത്രരെ നേടീട്ടു വിണ്ണു കേറും ഭവത്സുതൻ.
വൈശാമ്പായനൻ പറഞ്ഞു
ഏവമെന്നാ നൃപൻ ചൊന്നോരാ വരാംഗി മറഞ്ഞുതേ 16

പുത്രജന്മം കാത്തതോർത്തു പാർത്തിതാപ്പാർത്ഥിവേന്ദ്രനും.
ഇതിന്നു ശേഷവും പിന്നെ പ്രതീപൻ പാർത്ഥിവർഷഭൻ 17

സുതാർത്ഥമായ് തപം ചെയ്ത സദാരൻ കരുനന്ദന!
വൃദ്ധരാകുമവർക്കുണ്ടായ് പുത്രനായാ മഹാഭിഷൻ 18

ശാന്തന്നുണ്ടായി സന്താനം താന്താൻ ശാന്തനുവാണവൻ.
സ്വകർമ്മത്താലക്ഷയങ്ങളാകും ലോകങ്ങളോർത്തവൻ 19

പുണ്യകർമ്മങ്ങൾ താൻ ചെയ്തു ധന്യൻ ശാന്തനു കൗരവൻ.
പ്രതീപൻ യൗവനം വന്നവാറാപ്പുത്രനൊടോനാൻ; 20

“ശാന്തനോ, നിന്റെ ഭൂതിക്കെന്നന്തികേ മുൻപൊരംഗന
വന്നാൾ, നിന്നന്തികേ ഗൂഢമെന്നാലോ വരവർണ്ണിനി 21

പുത്ര, ദിവ്യാംഗന രസാൽ പുത്രാർത്ഥം വന്നുവെങ്കിലോ,
അവളോടേതാരുടേയെന്നിവ ചോദിച്ചുപോകൊലാ. 22

അവളെന്തെന്തു ചെയ്താലുമിവിടെച്ചോദ്യമാകൊലാ
എന്നാജ്ഞയ്ക്കൂ ഭജിപ്പോളെബ്‍ഭജിക്കെ"ന്നരുളീടിനാൻ. 23

വൈശാമ്പായനൻ പറഞ്ഞു
പ്രതീപനശ്ശാന്തനുവാം സുതനോടിതുരച്ചുതാൻ
രാജ്യവും പുത്രനേകീട്ടാപ്പൂജ്യൻ കാടു കരേറിനാൻ. 24

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/300&oldid=156631" എന്ന താളിൽനിന്ന് ശേഖരിച്ചത്