ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

404
അവനങ്ങമ്മയോടോതീ ബാലൻതൻ പാണ്ഡുഭാവവും. 19

അമ്മ വീണ്ടുമപേക്ഷിച്ചൂ നന്മയോടൊരു പുത്രനെ
അവ്വണ്ണം സമ്മതിച്ചാനങ്ങമ്മയോടു മുനീന്ദ്രനും. 20

മുറ്റും കാലം വന്നവളിൽ പെറ്റൂ ദേവി കുമാരനെ
പാണ്ഡുവായ് ലക്ഷണം ചേർന്നു മിന്നും ദീപ്തിയൊടൊത്തഹോ! 21

അവന്റെ മക്കൾ വീരന്മാരഞ്ചു പാണ്ഡവരെന്നവർ.
ഋതുകാലേ വിട്ടു മൂത്ത വധുവേ മുനിസന്നിധൗ 22

അവളോ മുനിതൻ ഗന്ധം രൂപമെന്നിവയോർത്തഹോ!
ദേവിയാ വാക്കു ചെയ്തീലാ ദേവീസന്നിഭഭീതിയാൽ. 23

അപ്പോൾ സ്വഭൂഷണം ചാർത്തിച്ചപ്സരസ്സൊത്ത ദാസിയെ
ആക്കൃഷ്ണപാർശ്വം* വിട്ടാളന്നാക്കാശീശ്വരനന്ദിനി. 24

അവളാ മുനി വന്നപ്പോളെതിരേറ്റു വണങ്ങിയും
അനുവാദാലനുശയിച്ചനുവർത്തിച്ചു നന്ദിയിൽ. 25

ഗൂഢം കാമോപഭോഗത്താൽ ഗാഢം സന്തുഷ്ടനായ് മുനി
കൂടെക്കിടന്നോരവളിൽ കൂടും ഹർഷാൽ മഹാവ്രതൻ 26

ഇപ്പോൾ നിൻ കുക്ഷിയിൽപ്പട്ട ഗർഭം ശ്രേയസ്വിയയ് വരും 27

ധർമ്മാത്മാവായ് ത്തീരുമേറ്റം സമ്മതപ്പെട്ട ബുദ്ധിമാൻ.”
കൃഷ്ണദ്വൈപായനസുതനവൻ വിദുരനാം മഹാൻ 28

ധൃതരാഷ്ട്രന്റെയും പാണ്ഡുവിന്റെയും ഹിതസോദരൻ.
മാണ്ഡവ്യമാമുനീന്ദ്രന്റെ ശാപത്താൽ ധർമ്മദേവർതാൻ 29

വിദുരാകാരനായ് ത്തീർന്നു കാമക്രോധവിവർജ്ജിതൻ‍.
കൃഷ്ണദ്വൈപായനൻ സത്യവതിയോടിതുമോതിനാൻ 30

തന്നെച്ചതിച്ചതും ശൂദ്രതന്നിൽ പുത്രൻ ജനിച്ചതും.
ധർമ്മത്തിലെക്കടം തീർത്തിട്ടമ്മയെച്ചെന്നു കണ്ടവൻ 31

അവളെത്താൻ ഗർഭമേല്പിച്ചിവിടെത്താൻ മറഞ്ഞു തേ.
വിചിത്രവീര്യക്ഷേത്രത്തിന്റെ വ്യസനാലിവരിങ്ങനെ 32

ഉണ്ടായ് വന്നൂ കുമാരന്മാർ കുരുവംശം വളർത്തുവോർ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/329&oldid=156662" എന്ന താളിൽനിന്ന് ശേഖരിച്ചത്