ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുണ്ഡരീക സുഗന്ധാഖ്യ സുരസാഖ്യ പ്രമാഥിനി, 63
കാമ്യ ശാരദ്വതിയിവർ കൂട്ടമായ് നൃത്തമാടിനാർ.
മേനകാ സഹജന്യാഖ്യ കർണ്ണികാ പുഞ്ജികസ്ഥല 64
ഋതുസ്തല ഘൃതാചീ ശ്രീവിശ്വാചീ പൂർവ്വചിത്തിയും,
ഉല്ലോചയാവിധംതാനാ പ്രേമ്ലോചയിവർ പത്തുപേർ 65
ഉർവ്വശീദേവി പതിനൊന്നാമതെന്നിവർ പാടിനാർ.
ധാതാവങ്ങര്യമാ മിത്രനംശൻ വരുണനാബ്ഭഗൻ 66
ഇന്ദ്രൻ വിവസ്വാൻ പൂഷാവാ ത്വഷ്ടാവു സവിതാവുമേ,
പർജ്ജന്യൻ വിഷ്ണുവീപ്പന്തിരണ്ടാദിത്യരുമങ്ങനെ 67
പാർത്ഥന്നു മഹിമാവേറ്റം ചേർത്തു നിന്നാർ നഭസ്ഥലേ.
മൃഗവ്യാധൻ സർപ്പനേറ്റം പുകഴും നിരൃതിപ്രഭു 68
അജൈകപാത്തഹിർബ്ബുദ്ധനി പിനാകി പുനരാവിധം.
ദഹനൻതാനീശ്വരൻതാൻ കപാലീ ധരണീപതേ! 69
സ്ഥാണു പിന്നെബ്ഭർഗ്ഗനെന്നീ രുദ്രന്മാരും നിരന്നുതേ.
അശ്വിനീദേവരങ്ങഷ്ടവസുക്കന്മാർ മരുത്തുകൾ 70
വിശ്വേദേവകൾ സാദ്ധ്യന്മാരിവരും വന്നുകൂടിനാർ.
കാർക്കോടകൻ സർപ്പവരൻ ഭുജംഗപതി വാസുകി 71
കച്ഛപൻ കുണ്ഡനവ്വണ്ണം തക്ഷകൻ പന്നഗോത്തമൻ
അണഞ്ഞിതു തപസ്സുള്ളോരതിക്രോധബലാന്വിതർ 72
മറ്റുള്ള നാഗവരരും മുറ്റുമങ്ങെത്തിനിന്നുതേ.
അരിഷ്ടനേമി താർഷ്യൻതാൻ ഗരുഡൻ ഹരികേതനും 73
അരുണൻതാനാരുണിയീ വൈനതേയരുമെത്തിനാർ.
ഇദ്ദേവഗണയോഗത്തെത്തപസ്സിദ്ധമഹർഷികൾ 74
വിമാനാദ്രികളിൽ കണ്ടാർ കണ്ടതില്ലന്യരാരുമേ.
ഇത്ഥമത്യത്ഭുതം കണ്ടു വിസ്മയംപൂണ്ടു താപസർ 75
അതിൽപ്പിന്നെപ്പാണ്ഡവരിലതിപ്രീതിയുമേന്തിനാർ.
കീർത്തിപൂണ്ടീടുമാപ്പാണ്ഡു പുത്രലോഭന പിന്നെയും 76
ചൊല്ലീടുമ്പോൾ കുനതിയാകും ധർമ്മപത്നിയുമോതിനാൾ.

കുന്തി പറഞ്ഞു

നാലാം സന്താനമാപത്തിൽപ്പോലും കല്പിപ്പതില്ലിഹ 77
ഇനി സ്വൈരിണിയാം, പിന്നെയഞ്ചായാലവൾ വന്ധകി.
ഇന്നിദ്ധർമ്മമറിഞ്ഞുംകൊണ്ടെന്തിന്നെന്നോടഹോ! ഭവാൻ 78
അപത്യാർത്ഥം ക്രമം വിട്ടു തെറ്റിച്ചൊല്ലുന്നു ഭൂപതേ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/366&oldid=156703" എന്ന താളിൽനിന്ന് ശേഖരിച്ചത്