ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു

ധൃതരാഷ്ട്രൻ പുത്രനോർത്തീവിധം ചൊന്നതു കേട്ടുടൻ
പരം മുഹൂർത്തം ചിന്തിച്ചു ദുര്യോധനനൊടോതിനാൻ. 5

ധൃതരാഷ് ട്രൻ പറഞ്ഞു

ധർമ്മനിത്യൻ പാണ്ഡു പാരം ധർമ്മതത്ത്വപരായണൻ
ജ്ഞാതിലോകത്തിലൊക്കേയും വിശേഷിച്ചിജ്ജനത്തിലും. 6
അറിഞ്ഞിട്ടില്ലവൻ താനേ കഴിക്കും ഭോജനാദിയെ
രാജ്യമെല്ലാമെനിക്കെന്നാ പ്രാജ്യശീലനുരയ്ക്കുമേ. 7
അവന്റെ പുത്രനോ പാണ്ഡുസമനായോരു ധാർമ്മികൻ
പാരിൽ പുകഴ്ന്ന ഗുണവാൻ പൗരന്മാർക്കതിസമ്മതൻ. 8
അവനെക്കേവലം നമ്മൾ വേർപെടുത്തുന്നതെങ്ങനെ
പിതൃപൈതാമഹമഹീപദാൽ,സാഹ്യദർ കൂടുമേ. 9
അമാത്യർ പാണ്ഡുഭൃതരാം സൈന്യവും പാണ്ഡുസംഭൃതം
അവർക്കെഴും പുത്രപൗത്രന്മാരുമേ പാണ്ഡു പോറ്റിയോർ. 10
പാണ്ഡു മാനിച്ചുവെച്ചോരാകുന്നൂ പൗരജനങ്ങളും
യുധിഷ്ഠിരാർത്ഥമവരിന്നമ്മെക്കൊല്ലാതിരിക്കുമോ? 11

ദുര്യോധനൻ പറഞ്ഞു

ശരിയാണിതു ഞാൻ മുൻപേ കരുതീട്ടുള്ള ദോഷമാം
ഞാനാ പ്രകൃതികൾക്കർത്ഥമാനാൽ പ്രീതി വളർത്തിനേൻ. 12
നമുക്കു തുണയായ് നില്ക്കും സമം മുറ്റും പ്രമാണികൾ
ഭണ്ഡാരവും മന്ത്രികളുമെന്നധീനത്തിലാം വിഭോ! 13
പാണ്ഡവന്മാരെയങ്ങൊന്നു വേണ്ടവണ്ണമകറ്റണം
മൃദുവാം കൗശലാൽ വാരണാവതത്തേക്കു ഭ്രപതേ! 14
പരമീ രാജ്യമിങ്ങെന്നിലുറച്ചെന്നു വരും വിധൗ
തിരിയേ മക്കളോടൊത്തു വരുത്താം നൃപ,കുന്തിയെ. 15

ധൃതരാഷ് ട്രൻ പറഞ്ഞു

ദുര്യോധന,മനക്കാമ്പിലിയ്യുള്ളോനുമിതോർപ്പതാം
അഭിപ്രായം പാപമെന്നോർത്തുരിയാടാത്തതാണെടോ. 16
ഭീഷ്മരും ദ്രോണരും പിന്നെ വിദുരൻ കൃപരും പരം
കൗന്തേയരേ മാറ്റുവതു സമ്മതിക്കില്ലൊരിക്കലും. 17
ആക്കൗരവേയർക്കവരും മകനേ, നമ്മളും ശരി
പക്ഷഭേദം സഹിക്കില്ലാ സൂക്ഷ്മം കാണുന്ന ധാർമ്മികർ. 18
എന്നാലീ നമ്മളാക്കൗരവേയമാന്യജനത്തിനും
നാട്ടാർക്കുമിങ്ങു വിദ്വിഷ്ടരാകാതാകുന്നതെങ്ങനെ? 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/424&oldid=156768" എന്ന താളിൽനിന്ന് ശേഖരിച്ചത്