ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറുപേരിവരേയും ഞാനറിയും കുരുപുംഗവ! 66
ദിവ്യാത്മാക്കൾ മഹാത്മാക്കൾ സർ‌വ്വശസ്ത്രജ്ഞമുഖ്യന്മാർ.
ഭ്രാതാക്കൾ നിങ്ങൾ ശൂരന്മാരേവരും ചരിതവ്രതർ 67
അറിവേറും ഭവാന്മാർക്കുള്ളരിയോരു മനസ്സുമേ
അറിഞ്ഞിട്ടാണു ഞാൻ പാർത്ഥ, പരിപന്ഥിത്വമാർന്നതും. 68
പുരുഷൻ സ്ത്രീസമക്ഷത്തു പൊറുക്കാറില്ല കൗരവ!
കൈയൂക്കു‌ള്ളവനാണെങ്കിൽ ചെയ്യുമാത്മപ്രധർഷണം. 69
രാത്രക്കാലത്തു ഞങ്ങൾക്കു പേർത്തുമൂക്കേറ്റമേറുമേ
അതിനാൽ കോപമുൾക്കൊണ്ടേൻ സദാരനിഹ പാർത്ഥ, ഞാൻ. 70
പോരിൽ തോല്പിച്ചു നീയെന്നെ വീര, താപത്യവർദ്ധന!
എന്നാലതെന്തുകൊണ്ടെന്നുമിന്നോതാം കേട്ടുകൊൾക നീ. 71
ബ്രഹ്മചര്യം പരം ധർമ്മം നിന്മേലുണ്ടതു കേവലം
അതിനാലാണു നീയെന്നെയെതിർത്തേവം ജയിച്ചതും. 72
ക്ഷത്രിയൻ കാമവൃത്തൻ താനത്രയെന്നാൽ പരന്തപ!
രാത്രി പോരിടുകിൽ ജീവിച്ചത്ര പോകില്ല നിശ്ചയം 73
കാമവൃത്തനുമേ ബ്രഹ്മപുരസ്കൃതനതാകിലോ
വെല്ലും നക്തഞ്ചരന്മാരെയെല്ലാമെ സപുരോഹിതൻ. 74
അതുകൊണ്ടിഹതാപത്യം, ശ്രേയസ്സിച്ഛിപ്പതാകിലോ
അതിന്നേൽപ്പിച്ചുക്കൊള്ളേണം നൽ പുരോഹിതരെ സ്വയം. 75
ഷഡംഗവേദനിരതർ ശുദ്ധന്മാർ സത്യവാദികൾ
ധർമ്മാത്മാക്കൾ കൃതാത്മാക്കളായ് വരേണം പുരോഹിതർ. 76
മുഖ്യം നൃപർക്കും ജയവും സ്വർഗ്ഗവുംമേലിലങ്ങനെ
സിദ്ധം ധാർമ്മികനായുണ്ടു ശുദ്ധനെങ്കിൽ പുരോഹിതൻ. 77
കിട്ടുവാനും ലാഭമതു കിട്ടിയാൽ കാക്കുവാനുമേ
വരിക്കേണം ഗുണം കൂടും പുരോഹിതനെ മന്നവൻ. 78
പുരോഹിതമതംപോലെ നിൽക്കേണം ഭൂതിയോർപ്പവൻ
സാഗരാംബരയാം ഭൂമിയാകേ നേടുന്നതിന്നുമേ. 79
വെറും ശൗര്യത്തിനാലും താനാഭിജാത്യത്തിനാലുമേ
പാരു നേടില്ല താപത്യ, വിപ്രൻ കൂടാതെ പാർത്ഥിവൻ. 80
പരം ധരിച്ചുകൊണ്ടാലും കുരുവംശവിവർദ്ധനാ!
ബ്രാഹ്മണൻ മുൻപിട്ടു രാജ്യം നന്മയിൽ കാത്തിടാം ചിരം 81

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/483&oldid=156832" എന്ന താളിൽനിന്ന് ശേഖരിച്ചത്