ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഫീതമാം രാജ്യവും വിട്ടു രാജ്യശ്രീയും വെടിഞ്ഞുടൻ 46

സൗഖ്യമെല്ലാം പുറത്താക്കിത്തപസ്സിന്നായൊരുങ്ങിനാൻ.
തപസ്സിനാൽ സിദ്ധിനേടി ലോകവ്യാപ്തമഹസ്സവൻ

വിശ്വതാപിതപസ്സാലേ ബ്രാഹ്മണത്വത്തെ നേടിനാൻ;
ഇന്ദ്രനൊന്നിച്ചുതാൻ സോമപാനവും ചെയ്തു കൗശികൻ.

176. വസിഷ്ഠശോകം

വിശ്വാമിത്രന്റെ ആഭിചാരപ്രയോഗം നിമിത്തം വസിഷ്ഠന്റെ പുത്രന്മാർ മരിച്ചുപോകുന്നു. ഈ സങ്കടം സഹിക്കവയ്യാതെ വസിഷ്ഠൻ ആത്മഹത്യയ്ക്കരുങ്ങുന്നു. ആ ശ്രമങ്ങളെല്ലാം വിഫലമായിത്തീരുന്നു.


ഗന്ധർവ്വൻ പറഞ്ഞു
കല്മാഷപാദനെന്നുണ്ടായ് നാട്ടിൽ പേർകേട്ട മന്നവൻ
ഇക്ഷ്വാകുവംശജൻ പാർത്ഥ, തേജസ്സാലെതിരറ്റവൻ.

ഒരിക്കൽ നായാട്ടിനവൻ പുരി വിട്ടേറിനാൻ വനം
മാൻ പന്നിയയെന്നിവകളിലമ്പുമെയ്തു നടന്നുതേ.

അക്കാട്ടിലായവൻ ഖൾഗവർഗ്ഗവും കൊന്നിതേറ്റവും
നായാടി ശ്രാന്തനായിട്ടു തിരിയെപ്പോന്നിതാ നൃപൻ

ഇവനെശ്ശിഷ്യനാക്കേണമെന്നോർത്താൻ ഗാധിനന്ദൻ
ആ രാജാവു മഹാത്മാവാം വാസിഷ്ഠമുനിമുഖ്യനെ

പശിയും ദാഹവും പുണ്ടു തനിയേ പോംവഴിക്കുടൻ
പോരിങ്കലജിതൻ കണ്ടു നേരിട്ടേറ്റേടിനാൻ മുനി.

ശക്തിയെന്ന മഹാഭാഗൻ വസിഷ്ഠകുലവർദ്ധനൻ
വസിഷ്ഠപുത്രരാം നൂറുപേരിലുംവെച്ചു മൂത്തവൻ

എന്മാർഗ്ഗം വിട്ടൊഴിക്കെന്നാൻ വന്മഹാമാനി മന്നവൻ
അക്ഷണം സാന്ത്വമായോതീ ശ്ലക്ഷ്ണവാക്കാലെ മാമുനി:

“എൻമാർഗ്ഗമാം മഹാരാജ, ധർമ്മമേവം സനാതനം
സർവ്വധർമ്മത്തിലും മാർഗ്ഗം വിപ്രന്നൊഴിയണം നൃപൻ"

പരസ്പരം രണ്ടുപേരും പരം പേശീ വഴിക്കുതാൻ
'വഴിമാറുകനീ' 'നീതാൻ വഴിമാറുക'യെന്നുമേ.

വഴിമാറീല ധർമ്മംവിട്ടൊഴിയാതുള്ള താപസൻ
മുനിക്കുമാറീലരചൻ മാനി കോപമിയന്നവൻ.

വഴിമാറാത്ത മുനിയെയൂഴിനായകസത്തമൻ
കശയാൽ തച്ചു മോഹത്താൽ ഭൃശം രാക്ഷസവൃത്തിയായ്.

ചമ്മട്ടികൊണ്ടടിച്ചോരാ വന്മഹാമുനിസത്തമൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/496&oldid=156846" എന്ന താളിൽനിന്ന് ശേഖരിച്ചത്