ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നെയെൻ മന്യുഭവനീ വഹ്നി ലോകം ദഹിപ്പവൻ
അടക്കിയാൽ ദഹിപ്പിക്കുമുടനീയെന്നയും ദൃഢം.
നിങ്ങൾ വിശ്വഹിതേച്ഛുക്കളിങ്ങെനിക്കറിവുണ്ടതും
വിധിപ്പിനെങ്കിലോ ലോകഹിതം ഹിതമെനിക്കുമേ.
പിതൃക്കൾ പറഞ്ഞു
എന്നാൽ നിൻ മന്യുഭവനീ വഹ്നി ലോകം ദഹിപ്പവൻ
ജലത്തിലാക്കുകവനെജ്ജലേ ലോകങ്ങൾ നില്പതും.
രസമെല്ലാം ജലമയം ലോകമൊക്കജ്ജലാത്മകം
എന്നാൽ ജലത്തിൽ വിട്ടേക്കുകീ ക്രോധാഗ്നിയെ നീ ദ്വിജ!
കിടക്കട്ടേ കടലിൽ നിന്നുടെ കോപാഗ്നി ബോദ്ധ്യമോ?
വെള്ളം ദഹിക്കട്ടെ വിശ്വമെല്ലാം ജലമയം മതം.
ഏവമായാൽ സത്യമാകും കേവലം നിൻ പ്രതിജ്ഞയും
ലോകേശരൊത്തിടുന്നൊരീ ലോകവും നാശമാർന്നിടാ
വസിഷ്ഠടൻ പറഞ്ഞു
ഔർവ്വൻ ക്രോധാഗ്നിയെപ്പിന്നെയവ്വണ്ണം തന്നെയാഴിയിൽ
വെടിഞ്ഞിതാ വഹ്നിയത്രേ കിടപ്പൂ കടലിൽ ജലം.
വീണ്ടുമശ്വമുഖാകരം പൂണ്ടെന്നായ് കാണ്മു വൈദികർ
മുഖത്തിൽ നിന്ന് തീ വിട്ടിട്ടാഹരിപ്പു മഹാജലം.
എന്നാൽ നന്മ വരും നീയുമിന്നീ ലോകം മുടിക്കൊലാ
പരലോകങ്ങളറിയും പരാശരാ, ബുധോത്തമ!

181. രാക്ഷസസത്രം

പരാശരൻ രാക്ഷസസത്രം നടത്തുന്നു.അനവധി രാക്ഷസൻമാർ അതിൽ ആവാഹിക്കപ്പെട്ടു വെന്തുമരിക്കുന്നു.കശ്യപൻ മുതലായ മഹർഷിമാർ വന്നപേക്ഷിച്ചതനുസരിച്ച് പരാശരൻ ഒടുവിൽ ആ സത്രം മതിയാക്കുന്നു.


ഗന്ധർവൻ പറഞ്ഞു
മഹാത്മാവാമാ വസിഷ്ഠനേവം ചൊന്നളവാ മുനി
സർവ്വലോകക്ഷയം ചെയ്യും ക്രോധം വിട്ടങ്ങടങ്ങിനാൻ.
മഹാതേജോനിധി പരം മഹാവേദജ്ഞനുത്തമൻ
ചെയ്തതു രാക്ഷസസത്രത്തെശ്ശക്തിപുത്രനൻ പരാശരൻ.
വൃദ്ധരായും ബാലരായുമെത്തും രാക്ഷസരെ മുനി
ദഹിപ്പിച്ചു യജ്ഞവഹ്നൗ ശക്തിയെക്കൊന്നതോർത്തഹോ!
രക്ഷോവധത്തിലവനെത്തടുത്തീലാ വസിഷ്ഠനും
ഇവന്റെ രണ്ടാം ശപഥമുടയ്ക്കേണ്ടെന്നുവെച്ചുതാൻ.
സത്രത്തിൽ മൂന്നഗ്നികൾക്കുംമധ്യത്തിലരുളും മുനി
ജ്വലിച്ചു തുല്യം വിലസീ നാലാമഗ്നികണക്കനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/507&oldid=156859" എന്ന താളിൽനിന്ന് ശേഖരിച്ചത്