ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

210.വിദുരദ്രുപതസംവാദം

ഭീഷ്മാദികളുടെ വാക്കു സ്വീകരിച്ച ധൃതരാഷ്ട്രൻ പാണ്ഡവന്മാരെ കൂട്ടിക്കൊണ്ടു വരുന്നതിനായി വിദുരനെ പാഞ്ജാലരാജ്യത്തിലേക്കയയ്ക്കുന്നു. വിദുരൻ ദ്രുപദനെക്കണ്ടു ധൃതരാഷ്ട്രന്റെ സന്ദേശം ഭംഗിയായി പറഞ്ഞു മനസ്സിലാക്കുന്നു.


ധൃതരാഷ്ട്രൻ പറഞ്ഞു.
             വിദ്വാൻ ശാന്തനവൻ ഭീഷ്മൻ ദ്രോണൻ ബ്രഹ്മർഷിമുഖ്യനും
        നീയുമവ്വണ്ണമെന്നോടു ഹിതമേററമുരപ്പതാം. 1
        ആ വീരരായ കൗന്തേയർ പാണ്ഡുവിന്നെപ്രകാരമോ
        അപ്രകാരംതന്നെ ധർമ്മാലെനിക്കും മക്കളാം ദൃഢം. 2
        എന്മക്കൾക്കേതുവിധമീ രാജ്യം വിഹിതമാവതോ
        അതേവിധം പാണ്ഡവർക്കുമതിനില്ലൊരു സംശയം. 3
        ക്ഷത്താവേ, പോയ് കൊണ്ടുവരികവരെസ്സൽക്കരിച്ചു നീ
        അമ്മയൊന്നിച്ചഴകും കൃഷ്ണയൊന്നിച്ചു ഭാരതാ ! 4
        ഭാഗ്യം ജീവിച്ചു കൗന്തേയർ ഭാഗ്യം ജീവിച്ചു കൗന്തിയും
        ഭാഗ്യം ദ്രൗപതിയെ നേടീ യോഗ്യരാമാ മഹാരഥർ. 5
        ഭാഗ്യം വൃദ്ധി നമുക്കിപ്പോൾ ഭാഗ്യം ചത്തൂ പുരോചനൻ
        ഭാഗ്യമെന്റെ മഹാദുഖമൊക്കെയും നങ്ങി സന്മതേ! 6
വൈശമ്പായനൻ പറഞ്ഞു
         ഉടനേ പോയി വിദുരൻ ധൃതരാഷ്ട്രന്റെയാജ്ഞയാൽ
         യജ്ഞസേനനുമാപ്പാണ്ഡുപുത്രനും വാണിടുന്നിടം. 7
         ദ്രൗപതിക്കും പാണ്ഡവർക്കും യജ്ഞസേനന്നുമേ പരം
         പലമാതിരി വിത്തൗഘം രത്നമെന്നിവയൊത്തുതാൻ. 8
         അവിടെച്ചെന്നു ധർമ്മജ്ഞൻ ധർമ്മശാസ്ത്രവിചക്ഷണൻ
         ന്യായപ്രകാരം ദ്രുപദനൃപനെച്ചെന്നുകണ്ടുതേ. 9
         അദ്ദേഹവും വിദുരരെ സ്വീകരിച്ചു യഥാവിധി
         മര്യാദപോലെ കുശലപ്രശനവും ചെയ്ത തങ്ങളിൽ. 10
         പാണ്ഡുപുത്രരെയും കണ്ടിതവൻ ഗോവിന്ദനേയുമേ
         സ്നേഹത്തോടും പുണർന്നോതിയവരോടങ്ങനാമയം. 11
         മുറയ്ക്കായവർ ചെയ്യുന്ന പൂജയേററിട്ടു ബുദ്ധിമാൻ
         ധൃതരാഷ്ട്രൻ ചൊന്നവണ്ണം സ്നേഹമുൾക്കൊണ്ടു വീണ്ടുമേ. 12
         ആപ്പാണ്ഡുസുതരോടായിച്ഛോദിച്ചു താനനാമയം
         പലമാതിരി രത്നങ്ങൾ വസുജാലവുമേകിനാൽ. 13

        പാണ്ഡവൻമാർക്കുമാക്കുന്തീദേവിക്കും പാർഷതിയ്ക്കുമേ
        ദ്രുപഭന്റെ സുതന്മാർക്കും കരുക്കളുരുകുംപടി. 14
        പറഞ്ഞു പിന്നെ മതിമാൻ പരം വിനയമാണ്ടവൻ
        കണ്ണനും പാണ്ഡവന്മാരും കേൾക്കേ ദ്രുപദനോടവൻ. 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/574&oldid=156893" എന്ന താളിൽനിന്ന് ശേഖരിച്ചത്