ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

661
പത്മാക്ഷമായ് ദക്ഷിണമാം ഭാഗത്തുണ്ടായിതാനനം. 25
പിന്നിലെത്തിയനേരത്തു പിന്നിലും വേറെയാനനം
ഇടത്തെത്തിയവാറുണ്ടായിടത്തെപ്പുറവും മുഖം. 26
മഹേന്ദ്രനും ലോചനങ്ങൾ പിൻപാർശ്വം മൂന്നിടങ്ങളിൽ
രക്താന്തമായ് വിശാലങ്ങളാകും വണ്ണമുയർന്നുതേ. 27
ഏവം നാന്മുഖനായ്ത്തീർന്നു ദേവദേവനതേമുതൽ
സഹസ്രനേത്രനായ്ത്തീർന്നിതവ്വണ്ണം വലവൈരിയും. 28
അവ്വണ്ണം വാനവന്മാർക്കും ദിവ്യമാമുനികൾക്കുമേ
തിലോത്തമ തിരിഞ്ഞേടം തിരിഞ്ഞിതു മുഖങ്ങളും. 29
അവൾതൻമെയ്യിലായ്പ്പെട്ടിതാ യോഗ്യന്മാരുടെ ദൃഷ്ടികൾ
ബ്രഹ്മദേവൻ മാത്രമൊഴിച്ചട്ടെല്ലാരുടേയുമേ. 30
അവൾ പോകുന്ന നേരത്തു വാനവരും മുനിമുഖ്യരും
ചന്തം കണ്ടിട്ടു സാധിച്ചു കാര്യമെന്നും നിനച്ചുതേ. 31
തിലോത്തമ ഗമിച്ചോരു ശേഷം ലോകപിതാമഹൻ
പിരിച്ചയച്ചിതാ സർവ്വദേവർഷിനികരത്തെയും. 32

216. സുന്ദോപസുന്ദനിര്യാണം

തിലോത്തമ സുന്ദോനും ഉപസുന്ദനും ഇരിക്കുന്ന ദിക്കിലേക്കു കടന്നുചെല്ലുന്നു. കാമോന്മത്തരായ ആ സഹോദരന്മാർ തിലോത്തമനിമിത്തം തമ്മിൽ പിണങ്ങി ഗദായുദ്ധംചെയ്തു പരസ്പരം പ്രഹരിച്ചു മൃത്യുവടയുന്നു. ഇതുപോലെ അന്യോന്യം തെറ്റാതിരിക്കുന്നതിനുവേണ്ടി പാഞ്ചാലിയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു വ്യവസ്ഥ ചെയ്യണമെന്നു നാരദൻ പറയുന്നു. ഒരുകൊല്ലം ഒരാൾക്ക് എന്ന നിലയിൽ ഒരു വ്യവസ്ഥ ഏർപ്പെടുത്തി നാരദൻ മറയുന്നു.


നാരദൻ പറഞ്ഞു
ഭൂമിവെന്നാദ്ദൈത്യവീരർ നിസ്സപത്നം ഗതവ്യഥർ
ത്രൈലോക്യവും കീഴടക്കിക്കൃതകൃത്യതയാർന്നുതേ. 1
ദേവഗന്ധർവ്വയക്ഷന്മാർ നാഗ പാർത്ഥിവ രാക്ഷസർ
ഇവർക്കെഴും രത്നമെല്ലാം നേടിസ്സന്തുഷ്ടി തേടിനാർ. 2
അവരോടെതിരിട്ടീടാനാരുമില്ലാതെയായതിൽ
ഉദ്യമം നിർത്തിവെച്ചിട്ടു കളിച്ചാർ ദേവസന്നിഭർ. 3
സ്ത്രീകൾ പുഷ്പങ്ങൾ ഗന്ധങ്ങൾ ഭക്ഷ്യഭോജ്യങ്ങളിങ്ങനെ
പല പാനങ്ങളിവയാൽ പരമപ്രീതി നേടിനാർ. 4
അന്തഃപുരങ്ങളുദ്യാനം പർവ്വതം കാടിവ്വണ്ണമേ
യഥേഷ്ടമോരോ ദേശത്തു കളിച്ചാരമരോപമർ. 5

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/586&oldid=156906" എന്ന താളിൽനിന്ന് ശേഖരിച്ചത്