ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

664

അർജ്ജുനവനവാസപർവ്വം

217. അർജ്ജുനതീർത്ഥയാത്ര

ഒരർദ്ധരാത്രി സമയം ഗൃഹദ്വാരത്തിൽവന്നു മുറവിളികൂട്ടിയ ബ്രാഹ്മണന്റെ സ്വത്ത് കള്ളന്മാരിൽനിന്നു വീണ്ടെടുക്കുന്നതിനുവേണ്ടി ആയുധമെടുക്കാനായി ധർമ്മപുത്രവസതിയിൽച്ചെന്ന അർജ്ജുനൻ സത്യഭംഗം നേരിടാതിരിക്കാൻ പന്ത്രണ്ടുമാസം നീണ്ടുനില്ക്കുന്ന വനവാസത്തിനു പുറപ്പെടുന്നു.


വൈശമ്പായന‌ൻ പറഞ്ഞു
ഈവണ്ണം നിയമം വെച്ചിട്ടവിടെപ്പാർത്തു പാണ്ഡവർ
ശസ്ത്രപ്രഭാവംകൊണ്ടന്യഭൂപരെക്കീഴടക്കുവോർ. 1
മനുഷ്യസിംഹരായീടുമവരൈവരിലും സമം
വശവർത്തിനിയായ് നിന്നൂ പാർത്ഥവല്ലഭ പാർഷതി. 2
അവളായവരോടൈവരവരായവളോടുമേ
ചേർന്നു നന്ദിച്ചു നാഗങ്ങൾ പിടിയോടെന്നപോലവേ. 3
പാണ്ഡവന്മാരിപ്രകാരം ധർമ്മംകാത്തുവരും വിധൗ
കുരുപ്രജകൾ വർദ്ധിച്ചൂ കുറ്റമറ്റു സുഖത്തൊടും. 4
ഏറെനാളീവിധം വാഴ്കെയൊരു വിപ്രന്റെ മന്ദിരേ
കള്ളന്മാർ ചിലർ വന്നെത്തീ കട്ടുകൊണ്ടാർ പശുക്കളെ. 5
ഗോധനം കട്ടിടും നേരം ക്രോധമാർന്നാ ദ്വിജോത്തമൻ
ഖാണ്ഡവപ്രസ്ഥമുൾപ്പുക്കാർത്തുണർത്തീ പാണ്ഡുപുത്രരെ. 6

ബ്രാഹ്മണൻ പറഞ്ഞു
ക്ഷുദ്രരാം ദുഷ്ചോരന്മാരീ നാട്ടിൽ ഗോധനങ്ങളെ
ഹരിക്കുന്നൂ പാണ്ഡവരേ, ചെന്നു നേരിട്ടെതിർക്കുവിൻ 7
കാക്കകൊത്തിപ്പരത്തുന്നൂ ശാന്തവിപ്രഹവിസ്സുകൾ
വ്യാഘ്രത്തിൻഗുഹപുക്കോരിയിടുന്നിതു കുറുക്കനും. 8
ഷഷ്ഠാംശം കരവും വാങ്ങിരക്ഷിക്കാത്ത നരേന്ദ്രനെ
സർവ്വലോകരിലും പൂർണ്ണപാപനെന്നോതിടുന്നുപോൽ! 9
ബ്രഹ്മസ്വം ചോരർ മോഷ്ടിച്ചു ധർമ്മലോപം വരുത്തവേ
ഞാനേവം വിലപിക്കുമ്പോളവലംബം തരേണമേ! 10

വൈശമ്പായനൻ പറഞ്ഞു
അടുത്തേവം നിലവിളിച്ചീടും വിപ്രന്റെ വാക്കുകൾ
ഒക്കയും കേട്ടുകൊണ്ടാനാക്കുന്തീപുത്രൻ ധനഞ്ജയൻ 11
കേട്ടവാറേ പേടിയായ്കെന്നോതിയാ വിപ്രനോടവൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/589&oldid=156909" എന്ന താളിൽനിന്ന് ശേഖരിച്ചത്