ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

665
യോഗ്യരാം പാംണ്ഡുപുത്രന്മാർക്കുള്ളൊരായുധമൊക്കെയും 12
പാഞ്ചാലിയും ധർമ്മജനും പാർത്തിടുന്ന ഗൃഹത്തിലാം.
ചെൽവാനും ചെന്നിടായ്‌വാനുമൊല്ലാതായിട്ടു പാണ്ഡവൻ 13
ആർത്ത്യാ പഴിപറഞ്ഞീടും വിപ്രപ്രേരണകാരണം
ആസ്സങ്കടത്തിൽ കൗന്തേയൻ മാലോടും ചിന്ത തേടിനാൻ: 14
“തപസ്വിയാം ബ്രാഹ്മണന്റെ ധനം കക്കുന്നനേരമേ
കണ്ണീർ തുടച്ചുകൊള്ളേണമെന്നല്ലോ നല്ല നിശ്ചയം; 15
ഉപേക്ഷചെയ്താലധികമധർമ്മം നൃപനാപ്പെടും
പടിക്കൽ കരയും വിപ്രപാലനം ചെയ്തിടായ്കിലോ 16
അനാസ്തിക്യവുമീ ഞങ്ങൾക്കുള്ള രക്ഷയിലേറ്റവും
പറ്റിപ്പോയീടുമെന്നല്ല ധർമ്മവും കെട്ടുപോയിടും. 17
നൃപനേ ഞാനാദരിക്കാതകത്തേക്കു കടക്കിലോ
അജാതശത്രുരാജാവിന്നനൃതം ചെയ്തതായി ഞാൻ. 18
രാജപാർശ്വത്തിൽ ഞാൻ ചെന്നാൽ വനവാസം ദൃഢം മമ
രാജധർഷണ നോക്കേണം മറ്റെല്ലാം തുച്ഛമല്ലയോ? 19
അധർമ്മത്താലാപ്പെടട്ടേ വനേ മരണവും മമ
ദേഹം പോയീടിലും ധർമ്മം കാത്തുകൊൾവതു മെച്ചമാം.” 20
എന്നു ചിന്തിച്ചുറച്ചുട്ടു കുന്തീപുത്രൻ ധനഞ്ജയൻ
അകത്തുചെന്നരചനോടറിയിച്ചവനീപതേ! 21
വില്ലെടുത്തുംകൊണ്ടു ചെന്നു വിപ്രനോടേവമോതിനാൻ.

അർജ്ജുനൻ പറഞ്ഞു
ബ്രാഹ്മണേന്ദ്ര, വരൂവേഗം പരദ്രവ്യാപഹാരികൾ 22
ക്ഷുദ്രന്മാരകലെപ്പോകും മുൻപു ചെന്നേറ്റെതിർക്കണം,
കള്ളന്മാർ പക്കൽനിന്നാശു നിൻ ധനം വീണ്ടെടുക്കുവാൻ. 23

വൈശമ്പായനൻ പറഞ്ഞു
തേരും വില്ലും ചട്ടയുമായ് വീരൻ ചെന്നേറ്റു പാണ്ഡവൻ
അമ്പെയ്തു ചോരരെക്കൊണ്ടാ ബ്രഹ്മസ്വം വിടുവിച്ചുതേ. 24
വിപ്രോപകാരം ചെയ്തേവം കീർത്തികൈക്കൊണ്ടു പാണ്ഡവൻ
അഗ്ഗോധനം ബ്രാഹ്മണന്നായൊക്കെയും നല്കി വെക്കമേ. 25
പുറത്തേക്കു തിരിച്ചെത്തീ സവ്യസാചി ധനഞ്ജയൻ
ഗുരുക്കളെക്കണ്ടു കൂപ്പീട്ടഭിനന്ദനമേറ്റവൻ 26
ഉണർത്തീ ധർമ്മജനൊടു "കല്പിക്കേണം വ്രതം മമ
ഇവിടുത്തെക്കാൺകയാലേ തെറ്റിച്ചൂ സമയത്തെ ഞാൻ 27
വനവാസം ചെയ്തുകൊൾവനിതല്ലോ പൂർവ്വനിശ്ചയം"
ഉടനേ ധർമ്മതനയൻ കേട്ടീയപ്രിയവാക്കിനെ 28
ഇതെങ്ങനേയെന്നു ചൊന്നാൻ ലജ്ജാസങ്കടസംയുതം
യുധിഷ്ഠിരൻ ഗുഡാകേശനാകും സോദരനോടുടൻ 29
ഭീമസേനനായിട്ടു താനേവമരുളീടിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/590&oldid=156911" എന്ന താളിൽനിന്ന് ശേഖരിച്ചത്