ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

666
ധർമ്മപുത്രൻ പറഞ്ഞു
ഞാൻ പ്രമാണം നിനക്കെന്നാലെൻവാക്കൊന്നിതുകേൾക്കനീ 30
അകത്തു കയറിത്താനെന്നപ്രിയം ചെയ്തുവെങ്കിലും
അതൊക്കെ ഞാൻ സമ്മതിച്ചേനെനിക്കില്ലൊരു നീരസം 31
ജ്യേഷ്ഠദാരാവലോകത്തിൽ കുറ്റമില്ലനുജന്നെടോ
അനുജാനുപ്രവേശത്തിൽ ജ്യേഷ്ഠന്നോ വിധിവിലോപമാം 32
വനം പോകേണ്ട ഹേ വീര, കേട്ടുകൊൾകെന്റെ വാക്കിനെ
ധർമ്മലോപം നിനക്കില്ലാ ധർഷണം ചെയ്തതില്ല നീ. 33

അർജ്ജുനൻ പറഞ്ഞു
ധർമ്മം വ്യാജാൽ നടത്തൊല്ലെന്നങ്ങു ചൊല്ലീട്ടു കേൾപ്പു ‌ഞാൻ
സത്യം തെറ്റിക്കുകില്ലീ ഞാൻ സത്യമായുധമാണു മേ. 34

വൈശമ്പായനൻ പറഞ്ഞു
രാജാനുവാദം വാങ്ങിച്ചു വനചര്യാ വ്രതത്തൊടും
വനത്തിങ്കൽ പന്തിരണ്ടുമാസം വാഴ്വാനിറങ്ങിനാൻ. 35

218. ഉലൂപീസംഗമം

ഗംഗാതീരത്തിൽ താമസിക്കുന്ന അവസരത്തിൽ പ്രണയാഭ്യർത്ഥനചെയ്ത ഉലൂപി എന്ന നാഗകന്യകയിൽ അർജ്ജുനൻ ഇരാവാൻ എന്ന പുത്രനെ ജനിപ്പിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
വീരനാക്കൗരവയശോധരനർജ്ജുനനങ്ങനെ
പുറപ്പെട്ടപ്പൊഴേ കൂടെപ്പുറപ്പെട്ടു ദ്വിജാതികൾ 1
വേദവേദാംഗവിദ്വാന്മാരദ്ധ്യാത്മവഴിയോർക്കുവോർ
ഭിക്ഷയേല്പോർ ദേവഭക്തർ പുരാണകഥ ചൊല്ലുവോർ, 2
പഴങ്കഥക്കാർ യതികൾ വടുക്കൾ വനവാസികൾ
ദിവ്യാഖ്യാനങ്ങൾ മധുരമരുൾചെയ്യുന്ന ഭൂസുരർ, 3
ഇവരും മറ്റുപലരും തുണയായ് പാണ്ഡുനന്ദനൻ
ശ്ലക്ഷ്ണവൃത്തരുമായ് വാനോരൊത്ത ശക്രൻകണക്കിനെ 4
രമണീയങ്ങളാം ചിത്രകാനനങ്ങൾ സരസ്സുകൾ
പുഴയാഴികളെന്നോരോ ദേശത്തിൽ ചുറ്റി ഭാരത! 5
പുണ്യ തീർത്ഥങ്ങളോരോന്നു കണ്ടിതാബ്ഭരതർഷഭൻ
ഗംഗാദ്വാരത്തിലെത്തീട്ടു വസിച്ചിതവിടെ പ്രഭു. 6
അവന്നവിടെയുണ്ടായ വൃത്തം കേൾ ജനമേജയ!
വിശുദ്ധനാം പാണ്ഡുപുത്രപ്രവരൻ ചെയ്തൊരത്ഭുതം. 7
കൗന്തേയനാ ബ്രാഹ്മണരോടൊന്നിച്ചവിടെ വാഴവേ
അഗ്നിഹോത്രങ്ങളും ചെയ്തുംകൊണ്ടു പാർത്തിതു ഭൂസുരൻ. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/591&oldid=156912" എന്ന താളിൽനിന്ന് ശേഖരിച്ചത്