ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉടൻ വിവരമായ്ച്ചൊല്ലിക്കൊടുത്താനൊക്കെയർജ്ജുനൻ; 24
അതു കേട്ടോതി വാർഷ്ണേയനിതെന്നാൽ ശരിയെന്നുതാൻ,
ഇഷ്ടമട്ടീപ്രഭാസത്തിൽ ക്രീഡിച്ചാ കൃഷ്ണപാണ്ഡവർ 25
പാർപ്പതിന്നായ് രൈവതപൃകപർവ്വതത്തെയ്ക്കു പൂകിനാർ.
മുന്നമേ കൃഷ്ണവാക്കാലാക്കുന്നിലിലാൾക്കാരിരിപ്പിടം 26
അലങ്കരിച്ചൊരുക്കീട്ടുണ്ടഷ്ടിക്കുള്ളൊരു വട്ടവും.
അതൊക്കെയേറ്റർജ്ജുനൻതാനുപയോഗിച്ചു പാണ്ഡവൻ 27
നാട്യനൃത്തങ്ങളും കണ്ടാ വാസുദേവനോടൊപ്പമേ.
നന്ദിച്ചവരെ മാനിച്ചു വിട്ടയച്ചിതു പാണ്ഡവൻ 28
വിരിച്ച ദിവ്യപ്പൂമെത്ത കേറി കണ്ണനുമൊത്തുതാൻ.
തീർത്ഥങ്ങൾ ദിവ്യക്ഷേത്രങ്ങൾ പുഴ മാടുകൾ കാടുകൾ 29
ഇവ കണ്ടതു തഞ്ചമ്പോലവിടെച്ചൊല്ലിയർജ്ജുന‌ൻ.
അവൻ കഥപറഞ്ഞും കൊണ്ടുറങ്ങീ ജനമേജയ! 30
സ്വർഗ്ഗത്തിനൊത്ത പൂമെത്തയിന്മേൽ കുന്തീകുമാരകൻ.
മധരസ്വരമാം പാട്ടു വീണവായനയങ്ങനെ 31
സ്തോത്രമെന്നിവ കേട്ടാദ്യുണർന്നൂ മംഗളത്തൊടും.
കൃഷ്ണാഭിനന്ദിതൻ നിത്യകൃത്യമെല്ലാം കഴിച്ചവൻ 32
കൃഷ്ണന്റെ സമ്മതം വാങ്ങിച്ചങ്ങു പാർപ്പുമുറച്ചുതേ.
കണ്ണനവ്വണ്ണമെന്നോതീട്ടണ്ണനോടുരചെയ്തുടൻ 33
സന്യാസിവേഷനിപ്പാണ്ഡുപുത്രനേ വിട്ടു കേശവൻ
പൊന്മണിത്തേരിലേറീട്ടാ ദ്വാരകയ്ക്കെഴുന്നെള്ളിനാൻ. 34
ദ്വാരകാപുരിയോ കുന്തീപുത്രന്റെ വരവിന്നഹോ!
അലങ്കരിച്ചിരുന്നൂ നിഷ്കണ്ടകം സർവ്വഭാഗവും. 35
കൗന്തേയനെക്കാണ്മതിന്നായ് ദ്വാരകാപുരവാസികൾ
രാജമാർഗ്ഗത്തിലേക്കെത്തീ നൂറുമായിരവും ക്ഷണാൽ. 36
നൂറുമായിരവും നാരിമാരും കാണും വഴിക്കഹോ!
ഭോജവൃഷ്ണ്യന്ധകന്മാരുമാശു തിക്കിത്തിരക്കിതേ. 37
അവ്വണ്ണമേ ഭോജവൃഷ്ണ്യന്ധകപൂജിതനാമവൻ
വന്ദ്യരായോരെ വന്ദിച്ചു നന്ദിയേറ്റു യഥാക്രമം. 38
കുമാരന്മാർ ചെയ്ത സൽക്കാരാഭിവാദ്യങ്ങളേറ്റുടൻ
വയസ്സുകിടയായോരെ സ്വയംപൂകീട്ടു വീണ്ടുമേ, 39
സ്വന്തമാ മന്ദിരം പൂകീ ഹന്ത കൃഷ്ണൻ മഹാദ്യുതി
പ്രഭാസാൽ വന്നൊരാക്കൃഷ്ണൻതന്നെപ്പൂജിച്ചു ദേവകൾ 40

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/601&oldid=156924" എന്ന താളിൽനിന്ന് ശേഖരിച്ചത്