ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേച്ചിട്ടു സന്ധ്യക്കു ഗൃഹത്തിലെത്തി ഉപാദ്ധ്യായന്റെ സമീപത്തിൽ ചെന്നു നമസ്ക്കരിച്ചു. 35
ഉപാദ്ധ്യായൻ അവനെ തടിച്ചുകണ്ടിട്ട് "ഉണ്ണീ ഉപമന്യൂ നീ നല്ലവണ്ണം തടിച്ചിരിക്കുന്നുവല്ലോ.എന്തുകൊണ്ടാണുപജീവന" മെന്നു ചോദിച്ചു. 36
അവൻ ഉപാദ്ധ്യായനോട് ഭിക്ഷയേറ്റുപജീവനം കഴിക്കയാണെന്ന് മറുപടിപറഞ്ഞു. അവനോടുപാദ്ധ്യായൻ പറഞ്ഞു. 37
"ഭിക്ഷകിട്ടിയതു് എനിക്കു കൊണ്ടുവന്നു തരാതെ ഉപയോഗിക്കരുതു്". അതു കേട്ടതിന്റെശേഷം അവൻ ഭിക്ഷയെടുത്തു് ഉപാദ്ധ്യായന്നു കെണ്ടുപോയിക്കൊടുത്തു. 38
അവനോടുപാദ്ധ്യായൻ ഭിക്ഷ കിട്ടിയതു മുഴുവൻ വാങ്ങിച്ചു. അവൻ അങ്ങനെ കല്പനപ്രകാരം പകലൊക്കെപൈക്കളെ മേച്ചു സന്ധ്യയ്ക്കു ഗുരുകുലത്തിലെത്തി ഉപാദ്ധ്യായന്റെ മുൻപിൽ ചെന്നു നമസ്ക്കരിച്ചു. 39
അവൻ മുൻപത്തെപ്പോലെ തടിച്ചു കണ്ടിട്ടു് ഉപാദ്ധ്യായൻ ചോദിച്ചു "ഉണ്ണീ ഉപമന്യൂ നിനക്കു കിട്ടിയ ഭിക്ഷ മുഴുവൻ ഞാൻ വാങ്ങുന്നുണ്ടു്. പിന്നെ നീയെന്തുകൊണ്ടു വൃത്തി കഴിക്കുന്നു?". 40
അതു കേട്ടിട്ടവനുപാദ്ധ്യായനോടു പറഞ്ഞു.: "മുൻപു കിട്ടിയ ഭിക്ഷ മുഴുവൻ ഭഗവാനു കൊണ്ടുവന്നു തന്നിട്ടു രണ്ടാമതും ഞാൻ ഭിക്ഷയേറ്റു കഴിക്കുകയാണു്". അവനോടുപാദ്ധ്യായൻ മറുപടി പറഞ്ഞു. 41
"ഇതു മര്യാദയായ ഗുരുവൃത്തിയല്ല. നീ മറ്റുള്ള ഭിക്ഷോപജീവികളുടെ വൃത്തിക്കു തടസ്സം ചെയ്യുന്നു. ഇങ്ങനെ കഴിക്കുന്ന നീ ലുബ്ധനാണു്." 42
അവൻ അതങ്ങനെ സമ്മതിച്ചിട്ടു പൈക്കളെ മേച്ചു് ഉപാദ്ധ്യായഗൃഹത്തിലെത്തി അദ്ദേഹത്തിന്റെ മുൻപിൽ ചെന്നു വസിച്ചു. 43
ഉപാദ്ധ്യായൻ അങ്ങനെതന്നെ തടിച്ചു കണ്ടിട്ട് അവനോടു പിന്നെയും ചോദിച്ചു. "ഉണ്ണീ ഉപമന്യൂ, ഞാൻനിന്റെ ഭിക്ഷ മുഴുവൻ വാങ്ങുന്നുണ്ടു്; നീ പിന്നേയും ഭിക്ഷയേല്ക്കുന്നതുമില്ല. നല്ലവണ്ണം തടിച്ചുമിരിക്കുന്നു. എന്തുകൊണ്ടുപജീവനം കഴിക്കുന്നു?" 44
ഇതുകേട്ടിട്ടു് ഉപാദ്ധ്യായനോടു് "ഈ പൈക്കളുടെ പാലുകൊണ്ടാണ് ഞാൻ ഉപജീവനം കഴിക്കുന്നതെ"ന്നു പറഞ്ഞു.അവനോടുപാദ്ധ്യായൻ "ഇതു നീ ഉപയോഗിക്കുന്നതു ന്യായമല്ല. ഞാൻ അനുവദിച്ചിട്ടില്ല" എന്നു പറഞ്ഞു. 45
അവൻ അതങ്ങനെതന്നെ സമ്മതിച്ചു് പൈക്കളെ മേച്ചു് ഉപാദ്ധ്യായന്റെ ഗൃഹത്തിലെത്തി ഗുരുവിന്റെ മുൻപിൽ ചെന്നു നമസ്ക്കരിച്ചു. 46
അവനെ തടിച്ചുകണ്ടിട്ടു് ഉപാദ്ധ്യായൻ പിന്നെയും ചോദിച്ചു: "ഉണ്ണീ ഉപമന്യൂ, നീ ഭിക്ഷ ഭക്ഷിക്കുന്നില്ല. രണ്ടാമതും ഭിക്ഷയേല്ക്കുന്നില്ല, പാൽ കുടിക്കുന്നില്ല, നല്ലവണ്ണം തടിച്ചുമിരിക്കുന്നു. ഇപ്പോൾ എന്തുകൊണ്ടാണുപജീവനം കഴിക്കുന്നതു്?" 47

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/61&oldid=210417" എന്ന താളിൽനിന്ന് ശേഖരിച്ചത്