ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏവം ചൊന്ന വിധം തന്നേ ചെയ്താരായവരേവരും
അവ്വണ്ണം യാദവന്മാർക്കാ ദ്വീപിങ്കൽ ഭരതർഷഭ!
അഹസ്സിരുപതും നാലും നടന്നിതു മഹോത്സവം.
കൃഷ്ണരാമാഹു കാക്രൂരപ്രദ്യമ്നകനിസത്യകർ
സമുദ്രംപുക്കിതാ വീരർ കുകുരാന്ധകവൃഷ്ണികൾ.
യന്ത്രക്കൊടികളോടൊത്തിട്ടന്തണന്മാരുമൊത്തവർ
വഞ്ചികേറിസ്സമുദ്രത്തിൽപ്പുക്കാരാപ്പുരവാസികൾ.
ഉടൻ സുഭദ്ര ദാശാർഹപ്രൗഢൻ കൃഷ്ണന്റെ സാന്നിധൗ
അണഞ്ഞുണർത്തിനാളേവം യതിവര്യന്റെ ശാസനാൽ:
“പന്തിരണ്ടു ദിനത്തോളമാവിടെപ്പാർക്കുമാ യതി
അദ്ദേഹത്തിന്റെ ശശ്രൂഷാകൃത്യം ചെയ്യേണ്ടതാരിഹ?”
അവളോടോതിനാൻ കൃഷ്ണൻ"നീയല്ലാതിതിനാരുവാൻ?
ആ മുനീന്ദ്രന്റെ സേവയ്ക്കു മറ്റാരും മതിയായ് വരാ.
നീതാനാത്മഹിതത്തോടാ മുനിതൻ പാട്ടിൽനിന്നിനി
സർവ്വകാര്യങ്ങളും ചെയ്ക കീർത്തിധർമ്മങ്ങൾ കാത്തുതാൻ.
അതിഥിശ്രേഷ്ഠനവനും മറ്റു മാമുനികൾക്കുമേ
ശുശ്രൂഷാപരമായ് ഭദ്രേ പാട്ടിൽ നീ പാർത്തുകൊള്ളെടോ.”
ഏവം ഭദ്രയോടേൽപ്പിച്ചു രക്ഷ കൽപ്പിച്ചു മാധവൻ
ശംഖും പെരുമ്പറകളും മുഴക്കിയെഴുന്നള്ളിനാൻ.
ഉടനാ ദ്ദീപിലെത്തീട്ടു ദാനധർമ്മങ്ങൾ ചെയ്യഹോ!
വിഹരിച്ചാരുഗ്രസേനൻ മുതൽ പേരായ യാദവർ.
ഏഴു യോജന വിസ്താരം പത്തുയോജന നീളവും
കാടും മലകളും കൂടുന്നിടമാണാത്തുരുത്തഹോ!
അണയും പൊയ്കയും വാപീപല്വലോദ്യനജാലവും
മറ്റുമാർന്നാ സ്ഥലം യാദവർക്കു കേളീപ്രദേശമാം.
ആ ദ്വീപു കൃഷ്ണനോടൊത്ത കുകുരാന്ധകവീരരാൽ
ശോഭതേടീ ദേവകളാൽ സ്വർഗ്ഗമെന്ന കണക്കിനെ.
അഹസ്സിരുപതും നാലും ദാനധർമ്മങ്ങൾ ചെയ്തഹോ!
വിഹരിച്ചാരുഗ്രസേനൻ മുതൽപേർ കുകുരാന്ധകർ
ചിത്രമാല്യഭരണരായ് ചിത്രധൂപാനുലേപരായ്
പാനവും ചെയ്തു നന്ദിച്ചു വിഹരിച്ചിതു യാദവർ;
ആട്ടം പാട്ടം കൊട്ടുമായിട്ടേവരും കേളിയാടിനാർ.
ദാശാർഹമുഖ്യനാം കൃഷ്ണനങ്ങെഴുന്നെള്ളി വാഴവേ
സുഭദ്രോദ്വാഹമിക്കാലം യുക്തമെന്നോർത്തു പാർത്ഥനും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/610&oldid=156934" എന്ന താളിൽനിന്ന് ശേഖരിച്ചത്