ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതു കേട്ടിട്ടവനുപാദ്ധ്യായനോടു പറഞ്ഞു: "പൈക്കുട്ടികൾ തള്ളകളുടെ മുലകുടിച്ചു വായിൽക്കൂടി കക്കുന്ന നുരയാണ് ഞാൻ ഭക്ഷിക്കുന്നത്." അവനോടുപാദ്ധ്യായൻ പറഞ്ഞു. 48

"ഗുണമുള്ള ഈ പൈക്കുട്ടികൾ കൃപകൊണ്ടു വളരെ നുര കക്കുന്നുണ്ടായിരിക്കാം. അതുകൊണ്ടു നീയിങ്ങനെ ചെയ്യുന്നതായാൽ ഈ പൈക്കുട്ടികളുടെ വൃത്തിക്കു വിരോധം ചെയ്യുകയാവും. നുരയും നീ ഭക്ഷിക്കരുത്." അവൻ അങ്ങനെ തന്നെ എന്ന് ഏറ്റു പിന്നെയും പൈക്കളെ മേച്ചു. 49

അങ്ങനെ വിരോധിച്ചതുകൊണ്ടു ഭിക്ഷ ഭക്ഷിക്കാറില്ല. രണ്ടാമതു ഭിക്ഷയേല്ക്കാറില്ല. പാൽ കുടിക്കാറില്ല, നുരയും കഴിക്കാറില്ല. അവനൊരിക്കൽ കാട്ടിൽ സഞ്ചരിച്ചിട്ടു വിശന്നു വയ്യാതെയായി എരിക്കില തിന്നു. 50

ക്ഷാരതിക്തകടുകങ്ങളും തീക്ഷ്ണവിപാകങ്ങളുമായ എരിക്കിലകൾ തിന്നതുകൊണ്ടു് അവനു കണ്ണിൽ ദീനംപിടിച്ചു കണ്ണും പൊട്ടി. പിന്നെ അന്ധനായിട്ടു സഞ്ചരിച്ചു പൊട്ടക്കിണറ്റിൽ വീണു. 51

പിന്നെ സൂര്യനസ്തമിച്ചിട്ടും അവൻ വരാഞ്ഞതു കണ്ടപ്പോൾ ഉപാദ്ധ്യായൻ "ഉപമന്യു വന്നില്ലല്ലോ" എന്നു ശിഷ്യരോടു പറഞ്ഞു. അവർ ഗുരുവിനോടു "കാട്ടിൽ പൈക്കളെ മേയ്ക്കാൻ പോയിരിക്കുകയാണു്" എന്നറിയിച്ചു. ഉപാദ്ധ്യായൻ അവരോടു പറഞ്ഞു. 52

"ഞാൻ ഉപമന്യുവിനെ എല്ലാക്കാര്യത്തിലും തടഞ്ഞിരുന്നതുകൊണ്ടു് അവൻ ഇടഞ്ഞിട്ടു വരാൻ താമസിക്കുന്നതായിരിക്കാം. എന്നാലന്വഷിക്കുകതന്നെ" എന്നുപറഞ്ഞു ശിഷ്യരോടുകൂടി കാട്ടിൽച്ചെന്നു് "ഉപമന്യൂ, നീയെവിടെയാണു്? ഉണ്ണീ വരൂ" എന്നു വിളിച്ചു. 53

അവൻ ഉപാദ്ധ്യായന്റെ ഒച്ച കേട്ടിട്ടു് "ഇതാ ഞാൻ കിണറ്റിൽ വീണുകിടക്കുകയാണ"ന്നു വിളിച്ചു പറഞ്ഞു. ഇതു കേട്ടുപാദ്ധ്യായൻ "നീയെങ്ങനെ കിണറ്റിൽ വീണു" എന്നു ചോദിച്ചു. 54

"എരിക്കില തിന്നു കണ്ണു പൊട്ടുകയാൽ കിണറ്റിൽ വീണുപോയി" എന്നു പറഞ്ഞു. ഉപാദ്ധ്യായൻ മറുപടി പറഞ്ഞു. 55

"ദേവവൈദ്യന്മാരായ അശ്വിനീദേവകളെ സ്തുതിക്കുക. അവർ നിനക്കു കണ്ണുണ്ടാക്കിത്തരും." ഇങ്ങനെ ഉപാദ്ധ്യായൻ പറഞ്ഞതു കേട്ടിട്ടു് ആ ഉപമന്യു ഋക്കുകളെകൊണ്ടു് അശ്വിനീദേവകളെ സ്തുതിക്കുവാനാരംഭിച്ചു. 56

ആദ്യാദ്യഭൂചിത്രഭാനുക്കളെൻവാക്-
ചിത്താശംസാസ്ഥാനമനന്തമല്ലൊ
സുവർണ്ണന്മാർ വൃത്തിചൈതന്യർമാന-
രജോഹീനം വിശ്വവിക്ഷേപകന്മാർ. 57
സുവർണ്ണപക്ഷിപ്പടി കല്പം കഴിപ്പോർ
നാസത്യദസ്രർ സുനസന്മാർ ജയിപ്പൂ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/62&oldid=210457" എന്ന താളിൽനിന്ന് ശേഖരിച്ചത്