ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

704
അങ്ങുമിങ്ങും പാനവും സ്വദേറുന്നാസവങ്ങളും
മൈരേയവും കൂടിച്ചേറ്റമവർ കൈകൊട്ടിയാർത്തതേ;
കൂട്ടുചേർന്നും പ്രീതിയാർന്നും കൂത്താടീ കുരുവൃഷ്ണികൾ.
ഏവം നാനാഭോഗമോടുമേറെനാൾ വിഹരിച്ചവർ
മാനിച്ചു കുന്തീകൌന്തേയസുഭദ്രകളെ യാദവർ
കേശവാനുജ്ഞ കൈക്കൊണ്ടു പുരം പൂകാനൊരുങ്ങിനാർ;
കുരുപൂജകൾ കൈയേറ്റാ ദ്വാരകാപുരി പൂകിനാർ.
കുരുമുഖ്യർ കൊടുത്തോരു പുരുവിത്തവുമൊത്തവൾ
ബലഭദ്രാദികൾ പരം യാത്ര ചെയ്തു യദൂത്തമർ.
ബലരാമൻ സോദരിയാം ഭദ്രയെത്തഴുകീത്തദാ
ഏല്പിച്ചിനിവളേയെന്നു കൃഷ്ണയ്ക്കേകീ മഹാബലൻ!
അച്ഛൻ പെങ്ങളെയും കുമ്പിട്ടിച്ഛപോലെഴുന്നള്ളിനാൻ
പൌരരും പാർത്ഥരും പൂജിച്ചരുളും വൃഷ്ണിപുംഗവൻ
വാസുദേവൻ പാർത്ഥനൊത്തു പാർത്തിതായവിടത്തതം
മുപ്പത്തിനാലു ദിവസമുൾപ്രിയത്താൽ മഹാബലൻ.
ഇന്ദ്രപ്രസ്ഥപുരത്തിങ്കൽ വാണുനന്ദിച്ചു മാധവൻ
കാളിന്ദീനദിക്കരയിൽ കൂടീ പാർത്ഥനൊന്നിച്ചു ഭാരത!

പാണ്ഡവപുത്രോൽപത്തി

അർജ്ജുനനു സുഭദ്രതയിൽ അഭിമന്യു എന്ന പുത്രനും ധർമ്മപുത്രാദികൾക്കു പാഞ്ചാലിയിൽ പ്രതിവിന്ധ്യൻ മുതലായ അഞ്ചു മക്കളും ജനിക്കുന്നു. എല്ലാവരും അർജ്ജുനന്റെ അടുക്കൽ അസ്ത്രവിദ്യ പഠിക്കുന്നു. കൂട്ടത്തിൻ അഭിമന്യു പിതാവിനെപ്പോലെ പരാക്രമശാലിയായ്ത്തീരുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെ സുഭദ്ര പെറ്റാളാക്കണ്ണൻതൻ പ്രിയസോദരി
സൌഭദ്രനെശ്ശിചി ജയന്തനെയെന്നകണക്കിനെ.
ദീർഗ്ഘബാഹു മഹാസത്വനൃഷഭാക്ഷനരിന്ദമൻ
സുഭദ്രാനന്ദനൻ വീരനഭിമന്യു നരർഷഭൻ.
അഭിയായ് മന്യുവുള്ളോരാണരിമർദ്ദനനെന്നഹോ!
അഭിമന്യുവതെന്നിട്ടൂ പേരാക്കാർഷ്ണിക്കു ഭ്രസുരർ.
ധനജ്ഞയനിൽനിന്നുണ്ടായസ്സാത്വതിയിലായവൻ
യജ്ഞത്തിങ്കൽ കടഞ്ഞീടും ശമിയിൽ തൂകണക്കിനെ.
അവനുണ്ടായ ദിവസം കുന്തീപുത്രൻ യുധിഷ്ഠിരൻ
വിപ്രർക്കേകീ സ്വർണ്ണമൊത്തു പൈക്കളേപ്പതിനായിരം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/629&oldid=156954" എന്ന താളിൽനിന്ന് ശേഖരിച്ചത്