ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

234. ബ്രഹ്മണരൂപാനലാഗമനം

കൃഷ്ണാർജ്ജുനന്മാരും കൂടെയുള്ള സ്രീജനങ്ങളും സന്തോഷിച്ചു മദിച്ച് യമുനാനദീതീരത്തിൽ ഇരിക്കുമ്പോൾ തേജസ്വിയായ ഒരു ബ്രാഹ്മ ണൻ കൃഷ്ണാർജുനന്മരെ സമീപിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
നാനാ വൃക്ഷമെഴും കേളീസ്ഥാനം പൂകീടിനാരവർ
പാരമുച്ചാവചഗൃഹം ചേരുമിന്ദ്രപുരോപമം 1

ഭക്ഷ്യഭോജ്യങ്ങൾ പേയങ്ങൾ സ്വാദും വിലയുമുള്ളവ
പുഷ്പഗന്ധങ്ങളോടൊത്തു കൃഷ്ണാർജ്ജുനപരിഗ്രഹം* 2

അന്ത:പുരമതിൽ കൂടീ നാനാ രത്നോച്ചയത്തൊടും
യഥേഷ്ടമേവരും കേളിയാടിക്കൊണ്ടിതു ഭാരത! 3

പൃഥുശ്രോണികളായ് പീനസ്തനിമാരാം വരാംഗികൾ
മദാലസം സഞ്ചരിച്ചു കളിച്ചു മദിരാക്ഷികൾ. 4

കാട്ടിൽ ചിലർ ജലത്തിങ്കൽ ചിലർ ഗേഹത്തിലും ചിലർ
കളിച്ചിതു യഥാപ്രീതി കൃഷ്ണാർജ്ജുനവധൂജനം. 5

വാസുദേവന്റെ ദയിതാമണിയാം സത്യഭാമയും
സുഭദ്രയും ദ്രൗപതിയും വസ്ത്രാഭരണസഞ്ചയം 6

കൊടുത്തിതു മഹാരാജ, നാരികൾക്കു മദാകുലം.
ചിലർ നന്ദ്യാ നൃത്തമാടി പാടീ കൂത്താടി മറ്റുപേർ 7

ചിരിച്ചു മധുമോന്തിസ്സഞ്ചരിച്ചു മറ്റു നാരിമാർ.
തടുത്തു കേറിപ്രഹരം കൊടുത്തു ചിലർ തങ്ങളിൽ 8

അടുത്തു ചിലർ മന്ദ്രിച്ചു മടുത്തേന്മൊഴിമാർ പരം.
വേണുവീണാമൃദംഗാദി നാനാ ദിവ്യസ്വരങ്ങളാൽ 9

ആ ഹർമ്മ്യഭാഗവും കാടുംകൂടിയേറ്റം മുഴങ്ങിതേ.
ഏവം കഴിഞ്ഞിടുമ്പോഴാക്കുരുദാശാർഹനന്ദനർ 10

അടുത്തഴകെഴും നല്ലോരിടത്തേക്കെഴുനെള്ളിനാർ.
അവിടെപ്പോയ് പരപുരഞ്ജയരാം കൃഷ്ണരൊപ്പമേ 11

ശ്രേഷ്ഠങ്ങളായ പീഠങ്ങളേറി വാണൂ മഹീപതേ!
അവിടെപ്പൂവ്വവിക്രാന്തി കഥയും മറ്റുമങ്ങനെ 12

പലതും രസമായ് ചൊല്ലി രമിച്ചു പാർത്ഥമാധവർ.
നന്ദിച്ചവിടെ നാകത്തിലശ്വിനീദേവർപോലവേ 13

വാഴും കൃഷ്ണാർജ്ജുനന്മാർക്കു കാണായിതൊരു വിപ്രനെ:
വന്മരംപോലുയർന്നുള്ളോൻ പൊന്മയപ്രഭയാണ്ടവൻ 14

നീലപിംഗശ്മശ്രു പൊക്കം വണ്ണമെന്നിവയൊത്തവൻ,
തരുണാദിത്യസദൃശൻ പരം ചീരജടാധരൻ 15

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/634&oldid=156960" എന്ന താളിൽനിന്ന് ശേഖരിച്ചത്