ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേദജ്ഞരം ബ്രാഹ്മണേന്ദ്രമാരും വന്ദിജങ്ങളും
സ്തുതിക്കുമാറാ നാട്ടാരങ്ങഭിനന്ദിച്ചിടുംപടി 62

ഏറെക്കാലം വാണു വാനുമേറി മാനിതനാം നൃപൻ
ഋത്വൿസദസ്യമാരോടുമൊത്തു പാർത്ഥിവസത്തമൻ. 63

ഹവിസ്സശിച്ചു പന്തീരാണ്ടാസ്സത്രത്തിങ്കലഗ്നിയും
ആജ്യധാരയൊടൊന്നിച്ചാ പ്രാജ്യകർമ്മത്തിലെപ്പൊഴും. 64

ഹവിസ്സുകൊണ്ടിട്ടന്നഗ്നിയവിടെത്തൃപ്തിനേടിനാൻ
അന്യൻ നല്കും ഹവിസ്സേല്ക്കാനഗ്നിക്കാഗ്രഹമറ്റുപോയ് 65
 
വിളർത്തു നിറവും മാറിത്തെളിയാതായി മുൻപടി.
അന്നേമുതല്ക്കു വഹ്നിക്കു വന്നുപെട്ടിതു രോഗവും 66

തേജസ്സറ്റു ക്ഷീണമേറ്റു വല്ലായ്മയുളവായിതേ.
തേജോഹാനി തനിക്കേറ്റതറിഞ‌്ഞിട്ടു ഹുതാശനൻ 67

ലോകപൂജിതമാം ബ്രഹ്മലോകത്തേക്കു ഗമിച്ചുടൻ
നന്മയോടങ്ങരുളിടും ബ്രഹ്മാവിനോടുണർത്തിനാൻ. 68
അഗ്നി പറഞ്ഞു
ഭഗവൻ, പരമപ്രീതി നല്കീ മേ ശ്വേതകേതുതാൻ
പെരുത്തരുചിയായ്‌ത്തീന്നിതരുതായതു മാറ്റുവാൻ. 69

തേജസ്സും ബലവും കെട്ടിതോജസ്സും മേ ജഗൽപതേ !
നിൻ പ്രസാദത്തിനാൽ പൂർവ്വസ്ഥിതിക്കാകേണമാശൂ ഞാൻ. 70
വൈശമ്പായനൻ പറഞ്ഞു
എന്നഗ്നി ചൊല്ലിക്കേട്ടപ്പോൾ വിശ്വകർത്താവു പത്മജൻ
ഹവ്യവാഹനൊടീവണ്ണം മന്ദസ്മിതമൊടോതിനാൻ. 71
ബ്രഹ്മാവ് പറഞ്ഞു
പന്തീരാണ്ടു വസോർദ്ധാരാഹവിസ്സായി ഹുതാശന !
ഉപയോഗിക്കകൊണ്ടാണീ ഗ്ലാനി വന്നു പിണഞ്ഞതും. 72

തേജസ്സറ്റതുകൊണ്ടിട്ടു നീ ജവാൽ ഹവ്യവാഹന !
മാഴ്കിടേണ്ട ഭവാനേ ഞാൻ മുൻനിലയ്ക്കാക്കിവെക്കുവൻ; 73

രുചിക്കുറവു തീർക്കാം ഞാൻ സമയത്താലെ നിന്നുടെ
മുന്നം വാനോർ പറഞ്ഞിട്ടു ഭസ്മമാക്കീലയോ ഭവാൻ 74

ദേവശത്രുക്കൾ വാണീടും ഘോരഖാണ്ഡവകാനനം.
അതിലിപ്പോൾ പാർപ്പു നാനാജീവജാലം വിഭാവസോ ! 75

അവറ്റിനുടെ മേദസ്സു ചെന്നാൽ മുൻമട്ടിലാം ഭവാൻ;
ഉടൻ ചെല്ലൂ ദഹിപ്പിപ്പാൻ കെടും നിൻ കേടതിന്നുമേൽ. 76
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം പത്മാസനൻ ചൊന്ന സത്യമാം വാക്കു കേട്ടുടൻ
ഉത്തമം ജവമുൾക്കൊണ്ടു സത്വരം പോന്നു പാവകൻ. 77

ഖാണ്ഡവാരണ്യമെത്തീട്ടു ചണ്ഡവീര്യമെടുത്തുടൻ
ചൊടിച്ച കാറ്റൊടും കത്തിപ്പിടിച്ചിതു ഹുതാശനൻ. 78

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/639&oldid=156965" എന്ന താളിൽനിന്ന് ശേഖരിച്ചത്