ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തീയിൽനിന്നൊഴിവാൻവേണ്ടിയവൻ യത്നിച്ചിതേറ്റവും. 5

പുറത്തു ചാടാനാളായീലർജ്ജുനാസ്ത്രം തടുക്കയാൽ
വിഴുങ്ങിയവനേ മോചിപ്പിച്ചാളന്നമ്മ പന്നഗി. 6

തലതൊട്ടാ മെയ് വിഴുങ്ങി വാൽ വിഴുങ്ങുന്നനേരമേ
മകനേ വിടുവിപ്പാനായ് പുറത്തേക്കെത്തിനാളവൾ. 7

തീക്ഷ്‌ണധാരശരംകൊണ്ടിട്ടവൾതൻ തല പാണ്ഡവൻ
പോകുന്നേരമറുത്താ,നായതു കണ്ടു പുരന്ദരൻ 8

അവന്റെ മോചനത്തിന്നു കാറ്റു വർഷിച്ചു വാസവൻ;
മോഹിപ്പിച്ചാനർജ്ജുനനേ വിട്ടുപോയശ്വസേനനും. 9

ആഗ്ഘോരമായയാൽ നാഗം തന്നെ വഞ്ചിച്ചു പോയതിൽ
അർജ്ജുനൻ വാനെഴും പ്രാണികളെക്‌‌ഖണ്ഡിച്ചു വീണ്ടുമേ. 10

ശപിച്ചൂ കോപമുൾക്കൊണ്ടാപാമ്പിനെപ്പാണ്ഡുപുത്രനും
നിലകിട്ടാതെയാമെന്നു വഹ്നിയും വാസുദേവനും. 11

പിന്നെജ്ജിഷ്ണു സഹസ്രാക്ഷൻതന്നെ വാനിൽ ശരോത്‌കര
ചൊരിഞ്ഞു പൊരുതിച്ചാനാച്ചതികൊണ്ടു ചൊടിക്കയാൽ. 12

സംരബ്ധനാമർജ്ജിനനെക്കണ്ടുടൻ ദേവരാജനും
അംബരം മുഴുവൻ മൂടി പ്രയോഗിച്ചൂ നിജാസ്ത്രവും. 13

ഉടൻ ഘോഷത്തൊടും കാറ്റു കടലെല്ലാം കലങ്ങവേ
മഴ പെയ്യും മേഘജാലമംബരത്തിൽ പരത്തിതേ. 14

തടിൽപടലമോടൊത്തിട്ടിടി വെട്ടുമ്പടിക്കുടൻ
അതു നിർത്തീടുവാനെയ്താനുത്തമാസ്ത്രത്തെയർജ്ജുനൻ. 15

വായവ്യമഭിമന്ത്രിച്ചു മറുകൈ കണ്ടിടുന്നവൻ
അതിനാലിന്ദ്രമേഘൗഘവീര്യൗജസ്സു നശിച്ചുപോയ്. 16

ശരധാരകൾ വറ്റിപ്പോയ് പെരുകും മിന്നൽ മാഞ്ഞുപോയ്
ഇരുട്ടും പൊടിയും പോയിപ്പരം ശോഭിച്ചിതംബരം; 17

കുളുർകാറ്റും വീശിയർക്കൻ തെളിയുംവണ്ണമായിതേ.
അലം പ്രഹൃഷ്ടനായിട്ടു പലമാതിരി വഹ്നിയും 18

പ്രാണിദേഹങ്ങളിലെഴും വസ വീണതുകാരണം
ജ്വാലാമാലയൊടും കത്തിക്കാളീ ഘോരാരവത്തൊടും. 19

കൃഷ്ണന്മാർ കാത്തിടുന്നോരാക്കാട്ടുതീ കണ്ടു ഗർവ്വൊടും
ആകാശത്തെത്തി രാജേന്ദ്ര, സുപർണ്ണാദി പതത്രികൾ. 20

ഗരുഡന്മാർ വജ്രമൊക്കും പക്ഷതുണ്ഡമുഖങ്ങളാൽ
വാനിൽ കൃഷ്ണാർജ്ജുനന്മാരെ പ്രഹരിപ്പാനടുത്തതേ. 21

അവ്വണ്ണമുരഗൗഘങ്ങൾ പാണ്ഡവന്റെയടുത്തുടൻ
എത്തീ ഘോരവിഷം കത്തിജ്ജ്വലിക്കുന്ന മുഖത്തൊടും. 22

തടുത്തൂ പാർത്ഥനവരെ രോഷാഗ്ന്യുഗ്രശരങ്ങളാൽ
പതിച്ചിതു കടുംതീയിലഥ ചാകുമ്പടിക്കവർ. 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/646&oldid=156973" എന്ന താളിൽനിന്ന് ശേഖരിച്ചത്