ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മറ്റുള്ള യജ്ഞസംഭാരങ്ങളും ധൗമ്യന്റെ ചൊല്പടി
ഒരുക്കീടട്ടെയാൾക്കാരിങ്ങൊക്കുംവണ്ണം യഥാക്രമം. 29

ഇന്ദ്രസേനൻ വിശോകൻതാൻ പുരുഫൽഗുനസൂതനും
അന്നാദി സംഭരിച്ചീടാൻ നില്ക്കട്ടേയെൻ പ്രിയത്തിനായ്. 30

വേണ്ടതെല്ലാമൊരുക്കേണം രസഗന്ധസമന്വിതം
ദ്വിജർക്കാശയ്ക്കൊത്തവണ്ണമൊക്കയും കരുസത്തമ! 31

അതു കേട്ടുടനേതന്നെയെല്ലാമുണ്ടെന്നുണർത്തിനാൻ
സഹദേവൻ മഹാവീരൻ ധർമ്മപുത്രനൊടാദരാൽ 32

പിന്നെ ദ്വൈപായനൻ ചേർത്തുകൊണ്ടാനൃത്വിഗ്ജനങ്ങളായ്
മൂർത്തി കൈക്കൊണ്ടിടും വാനോർക്കൊത്തെഴും വിപ്രമുഖ്യരെ. 33

സ്വയം ബ്രഹ്മത്വമങ്ങേറ്റുകൊണ്ടാൻ സത്യവതീസുതൻ
ധനഞ്ജയാന്വയൻ പൂണ്ടു സുസാമ സമാഗത്വവും 34

ബ്രഹ്മഷ്ഠനാം യാജ്ഞവല്ക്യനദ്ധ്വര്യുസ്ഥാനമേറ്റുതേ
വസുപുത്രൻ പൈലമുനി ഹോതാവായ് ധൗമ്യനൊത്തുതാൻ. 35

ഇവർക്കുള്ളാത്മജന്മാരും ശിഷ്യരും ഭരതർഷഭ!
ഹോത്രഗന്മാരായി വേദവേദാംഗപരരേവരും. 36

അവർ പുണ്യാഹമോതീട്ടു സങ്കല്പം ചെയ്തശേഷമേ
ശാസ്ത്രപ്രകാരമാ യാഗശാലാപൂജ നടത്തിനാർ. 37

കല്പനപ്പടി തീർത്താരങ്ങാലയാവലി ശില്പികൾ
വിശാലമായ് ഗന്ധമേന്തി വാനോർനിലയഭംഗിയിൽ. 38

ധർമ്മരാജൻ ക്ഷണിച്ചീടാനായിട്ടാ രാജസത്തമൻ
മന്തിയാം സഹദേവന്നു പിന്നെക്കല്പന നല്കിനാൻ: 39

“ക്ഷണമെത്തും ദൂതരേ വിട്ടിടണം നീ ക്ഷണിക്കുവാൻ"
രാജാവിൻ വാക്കു കേട്ടിട്ടങ്ങവൻ വിട്ടിതു ദൂതരെ. 40

സഹദേവൻ പറഞ്ഞു

ക്ഷണിപ്പിൻ നാടുതോറും പോയ് വിപ്രരെബ്‌ഭൂപരേയുമേ
വൈശ്യരേയും മാന്യരായ ശുദ്രരേയും വരുത്തുവിൻ. 41

വൈശമ്പായനൻ പറഞ്ഞു

ആജ്ഞപ്തരായ ദൂതന്മാർ പാണ്ഡുപുത്രന്റെ ശാസനാൽ
ക്ഷണിച്ചൂ പലരേ മറ്റുപലരെക്കൊണ്ടുവന്നുതേ 42

വേറേ ചിലരേയും കൂട്ടായ്‌ക്കൂട്ടിശ്ശീഘ്രം ഗമിച്ചഹോ!
അഥ കൗന്തയനാം ധർമ്മസുതനേ വിധിയാംവിധം 43 43

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/750&oldid=157086" എന്ന താളിൽനിന്ന് ശേഖരിച്ചത്