ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിശുപാലവധം 851

 
യുധിഷ്ഠിരനൊടായ് ചൊല്ലീ വാസുദേവൻ പ്രതാപവാൻ:
“യാത്ര ചൊല്ലുന്നു,പോകട്ടേ,ദ്വാരകയ്ക്കു കുരുദ്വഹ 53
രാജസൂയക്രതുവിനെസ്സാധിച്ചൂ ഭാഗ്യവാൻ ഭവാൻ.”
ഏവം കേട്ടാദ്ധർമ്മപുത്രൻ ജനാർദ്ദനനൊടോതിനാൻ: 54
“ഗോവിന്ദ,നിൻ പ്രസാദത്താൽ ക്രതു സാധിച്ചതാണു ഞാൻ
നിൻ പ്രസാദാൽ ക്ഷത്രിയന്മാരൊക്കയും പാട്ടിൽ വന്നു മേ.
മുഖ്യമാം കപ്പവും തന്നു വന്നൂ സേവിച്ചിതേവരും.
ഞാൻ ഭവാനുടെ യാത്രയ്കു വാക്കു നല്കുന്നതെങ്ങനെ? 56
ഭവാനില്ലാതെ ഞാൻ വീര ,സന്തോഷിക്കില്ലൊരിക്കലും
ഭവാനെന്നാൽ ദ്വാരകയ്ക്കു പോവാതേയും കഴിഞ്ഞിടാ.” 57
എന്നു കേട്ടാദ്ധർമ്മമൂർത്തി യുധിഷ്ഠിരസഹായനായ്
പൃഥയെച്ചെന്നു കണ്ടോതീ പൃഥുകീർത്തികരൻ ഹരി: 58
"പിതൃഷ്വസാവേ ,നിന്മക്കൾ സാമ്രാജ്യം നേടിനാരിവർ
സിദ്ധാർത്ഥരായീ സമ്പന്നരായീ നന്ദിച്ചുകൊൾക നീ; 59
നിന്നനുജ്ഞയൊടും പോകാനോർക്കുന്നേൻ ദ്വാരകയ്ക്കു ഞാൻ.”
സുഭദ്രാദ്രൗപദികളെയാദരിച്ചിതു കേശവൻ 60
അന്തഃപുരത്തിൽനിന്നിട്ടു പോന്നൂ ധർമ്മജസംയുതം.
കുളിച്ചു ജപവും ‌ചെയ്തു വിപ്രാശീർവ്വാദമേററുടൻ 61
മേഘസങ്കാശമായ് വേണ്ടുമൊരുക്കംപൂണ്ട തേരിനെ
പൂട്ടിക്കൊണ്ടാ മഹാബാഹു ദാരുകൻ വന്നിതപ്പോഴേ 62
ഗരുഡദ്ധ്വജമായിടും തേരു വന്നതു കണ്ടുടൻ
പ്രദക്ഷിണംവെച്ചതിങ്കൽക്കയറിപ്പൂരുപുണ്യവാന് 63
പുറപ്പെട്ടൂ പങ്കജാക്ഷനപ്പോഴേ ദ്വാരകയ്കുടൻ.
കാൽനടയ്ക്കായ് പിൻതുടർന്നൂ ധർമ്മരാജൻ യുധിഷ്ഠിരൻ 64
സോദരാന്വിതനായ് ശ്രീമാൻ ശക്തനാം വാസുദേവനെ.
മുഹൂർത്തം പോന്നതിൽപ്പിനെ തേരു നിർത്തി മുരാന്തകൻ 65
കൗന്തേയനാം ധർമ്മജനോടോതിനാൻ പങ്കജേഷണൻ:
“അപ്രമാദം പ്രജകളെപ്പാലിക്കുക ധരാപതേ! 66
ജീവജാലം കാറുപോലേ ഖഗൗഘം തരുപോലവേ;
ബന്ധുക്കളങ്ങെസ്സേവിക്കും വാനോരിന്ദ്രനെയാംവിധം.” 67
പരസ്പരം നിശ്ചയങ്ങൾ ചെയ്തിട്ടാക്കൃഷ്ണപാണ്ഡവർ
തമ്മിൽ സമ്മതവും വാങ്ങി സ്വഗൃഹത്തേക്കു പൂകിനാർ. 68
ദ്വാരകയ്ക്കാസ്സാത്വതനാം കൃഷ്ണൻ പോയൊരു ശേഷമേ
ഏകൻ ദുർയോധനനൃപൻതാനും ശകുനിതാനുമേ 69
ആദ്ദിവ്യസഭയിൽത്തന്നെ പാർത്തുകൊണ്ടാർ നരർഷഭർ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/776&oldid=157114" എന്ന താളിൽനിന്ന് ശേഖരിച്ചത്