ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

884 ദ്യൂതപർവ്വം


വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ 12
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ.

യുധിഷ്ഠിരൻ പറഞ്ഞു
ഇത്രത്തോളം സഹസ്രങ്ങൾ ദാസന്മാരുണ്ടെനിക്കിഹ 13
സമർത്ഥന്മാർ പാട്ടിൽ നില്പോർ പട്ടുവസ്ത്രമുടുത്തവർ,
ചെറുപ്പക്കാർ ബുദ്ധിമാന്മാർ ദാന്തർ കുണ്ഡലമണ്ഡിതർ 14
പാത്രമേന്തിദ്ദിവാരാത്രം പാന്ഥന്മാർകളെയൂട്ടുവോർ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 15

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ. 16

യുധിഷ്ഠിരൻ പറഞ്ഞു
നില്ക്കുന്നുണ്ടായിരം മത്തഗജങ്ങൾ മമ സൗബല!
പൊൻചങ്ങലക്കോപ്പണിഞ്ഞു ഹേമമാലികൾ പത്മികൾ. 17
ഇണങ്ങും രാജവാഹങ്ങൾ പോരിലൊച്ച സഹിപ്പവ
നുകമൊക്കും കൊമ്പുമായ് വാച്ചെട്ടെട്ടു പിടിയൊത്തഹോ! 18
പുരം പിളർക്കുന്നവകൾ പുതുക്കാർനിറമാർന്നവ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 19

വൈശമ്പായനൻ പറഞ്ഞു
കൗന്തേയനേവം ചൊന്നപ്പോൾ ചിരിച്ചും കൊണ്ടു സൗബലൻ
ജയിച്ചിതെന്നും ശകുനി യുധിഷ്ഠിരനൊടോതിനാൻ. 20
യുധിഷ്ഠിരൻ പറഞ്ഞു
ഇത്രത്തോളം തന്നെ തേരു പൊൻതണ്ടിൽ കൊടിയാണ്ടവ
ഇണങ്ങുമശ്വങ്ങളൊടും യോധത്തേരാളിയൊത്തവ. 21
ഇതിലോരോരുത്തനായിരത്തിന്മേലുണ്ടു ശമ്പളം
മാസംതോറും യുദ്ധമുണ്ടെന്നാലുമില്ലെങ്കിലും ശരി. 22
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ

വൈശമ്പായനൻ പറഞ്ഞു
ഈവണ്ണം ചൊന്നരളവിൽ പകയാണ്ട ദുരാശയൻ 23
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ.

യുധിഷ്ഠിരൻ പറഞ്ഞു
തിത്തിരിപ്പുൾനിറം പൂണ്ടു പൊന്നണിഞ്ഞുള്ള വാജികൾ 24
പ്രീതിയോടും ചിത്രരഥൻ ഗാണ്ഡീവിക്കു കൊടുത്തവ
യുദ്ധത്തിൽ തോറ്റടങ്ങീട്ടു നന്ദി പൂണ്ടന്നരിന്ദമൻ;
ഇതെന്റെ പണയം രാജൻ, നിന്നൊടിപ്പോൾ കളിക്കുവാൻ 25

വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടിട്ടൊരുമ്പെട്ടു കള്ളകളി കളിച്ചുടൻ 26
ജയിച്ചിതെന്നും ശകുനി യുധിഷ്ഠരനൊടോതിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/809&oldid=157151" എന്ന താളിൽനിന്ന് ശേഖരിച്ചത്