ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുരു പറഞ്ഞു
ദേവദൃഷ്ടോപായമെന്തു കേവലം ചൊല്ക ഖേചര!
ഇന്നു ഞാനതുചെയ്തിടാമെന്നെ രക്ഷിക്കണം ഭവാൻ. 10

ദേവദൂതൻ പറഞ്ഞു
ആയുസ്സിൽ പാതി കന്യകയ്ക്കു നീയേകൂ ഭൃഗുനന്ദന!
പ്രമദ്വരയെഴുന്നേല്കുമെന്നാൽ നിൻ ഭാര്യ ഹേ രുരോ! 11

രുരു പറഞ്ഞു
എന്നായുസ്സിൽ പാതി നല്കാം കന്യകയ്ക്കായ് ഖേചരോത്തമ!
അഴകേററമണിഞ്ഞുള്ളോളെഴുന്നേൽക്കട്ടെയെൻ പ്രിയ.12

സൂതൻ പറഞ്ഞു
പിന്നെഗ്ഗന്ധർവ്വരാജാവും ധന്യനാം ദേവദൂതനും
ധർമ്മരാജാവിനെച്ചെന്നു നന്മയിൽകണ്ടു ചൊല്ലിനാർ. 13

രുരുവിന്നർദ്ധമായുസ്സാൽ ഭാര്യയാകും പ്രമദ്വര
മരിക്കിലും ധർമ്മരാജാ, ജീവിക്കാൻ സമ്മതിക്കണം. 14

ധർമ്മരാജാവു പറഞ്ഞു
രുരുവിൻ ഭാര്യയായീടും പ്രമദ്വരയതെങ്കിലോ
രുരുവിന്നർദ്ധമായുസ്സാൽ ജീവിക്കും ദേവദൂതരേ! 15

സൂതൻ പറഞ്ഞു
ഏവം ചെന്നപ്പോഴേതന്നെയെഴുന്നേററൂ പ്രമദ്വര
രുരുവിന്നർദ്ധമായുസ്സാലുറങ്ങിയുണരുംവിധം. 16

രുരുവിൻ ജാതകത്തിങ്കലിതു കാണായിതപ്പൊഴേ
ദീർഘായുസ്സിൽ പാതിഭാഗം ഭാര്യാർത്ഥം ലുപ്തമായതും. 17

പിന്നെയിഷ്ടദിനത്തിങ്കൽ പിതാക്കന്മാരിവർക്കുടൻ
വേളിക്രിയ കഴിപ്പിച്ചൂ മേളിച്ചവർ സുഖിച്ചുതേ. 18

അല്ലിത്താരമല്ലിമൃദുമെയ്യുള്ളീ ദുർല്ലഭഭാര്യയെ
കൈപ്പററീട്ടവനങ്ങേററാൻ സർപ്പഹിംസാകടുവ്രതം. 19

കണ്ട പാമ്പിനെയൊക്കെയും കൊണ്ട കോപത്തോടായവൻ
ഊക്കൻ ദണ്ഡായുധം കൈക്കൊണ്ടൂക്കോടെ തച്ചുകൊല്ലുമേ. 20

ഒരുനാളാ രുരു പരം പെരുതാം കാടു പൂകിനാൻ
പാർത്തിതങ്ങു കിടക്കുന്ന മൂത്ത ഡുണ്ടുഭമൊന്നിനെ. 21

ചൊടിച്ചു കാലദണ്ഡിന്റെ വടിവാം വടിയോങ്ങിനാൻ
വിപ്രനപ്പോൾ തടുത്തോതീ ക്ഷിപ്രമ മൂത്ത ഡുണ്ടുഭം. 22

ഡുണ്ടുഭം പറഞ്ഞു
അങ്ങയ്ക്കു ഞാൻ പിഴച്ചിട്ടില്ലെങ്ങുമേ മുനിസത്തമ!
ഇങ്ങെന്നെക്കോപമോടെന്തിനങ്ങു ഹിംസിപ്പതിങ്ങനെ? 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/83&oldid=157174" എന്ന താളിൽനിന്ന് ശേഖരിച്ചത്