ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജാനുഗൻ കൗരവന്മാർസദസ്സിൻ-
പുറത്തെത്തീട്ടിപ്രകാരം പറഞ്ഞു. 25

ഭീമസേനൻ പറഞ്ഞു
ദുര്യോധനനെ ഞാൻ കൊല്ലും കൊല്ലും കർണ്ണനെയർജ്ജുനൻ
ചൂതിൽ കള്ളൻ ശകുനിയെക്കൊല്ലുമീസ്സഹദേവനും. 26
ഇതുംകൂടിപ്പറഞ്ഞേക്കാം മഹാവാക്കീസ്സഭാന്തരേ
സത്യമാക്കും ദേവകളീ നമുക്കുണ്ടായ് വരും രണം. 27
പാപി ദുര്യോധനനെ ഞാൻ ഗദയാൽ തച്ചു വീഴ്ത്തിടും
ഇവന്റെ തല കാൽകൊണ്ടു നിലത്തിട്ടു ചവിട്ടിടും. 28
വാക്കിൽ ശൗര്യമെഴും ദുഷ്ടനാകും ദുശ്ശാസനന്റെയും
ചോര പോരിൽ കുടിക്കും ഞാൻ ഘോരസിംഹം കണക്കിനെ.

അർജ്ജുനൻ പറഞ്ഞു
ഈ വാക്കിനാൽ നിശ്ചയത്തെയറിയാ ഭീമ, സജ്ജനം
പതിന്നാലാമാണ്ടു കാണും വരുവാനുള്ളതേവരും. 30

ഭീമസേനൻ പറഞ്ഞു
ദുര്യോധനന്റെയും കർണ്ണന്റെയും ശകുനിതന്റെയും
ദുശ്ശാസനന്റെയും ചോര കുടിക്കും ഭൂമി നിശ്ചയം

അർജ്ജുനൻ പറഞ്ഞു
അസൂയ പൂണ്ടു കണ്ടോരെദ്ദുർവ്വാക്കോതിയ കർണ്ണനെ
ഭീമസേന, ഭവാൻചൊല്ലാൽ പോരിൽ കൊല്ലുന്നതുണ്ടു ഞാൻ.
ഭീമസേനപ്രിയത്തിന്നായ് സത്യംചെയ്യുന്നിതർജ്ജുനൻ
കർണ്ണനേയും കൂട്ടരേയും പോരിലന്വെയ്തു കൊല്ലുവൻ. 33
ബുദ്ധിമോഹാൽ നമ്മൊടൊത്തു വേറേ മന്നോരെതിർക്കിലും
അവരേവരെയും കാലനൂർക്കയയ്ക്കും ശരങ്ങളാൽ. 34
ഇളകിപ്പോം പനിമല സൂര്യന്നും പ്രഭ കെട്ടു പോം
ചന്ദ്രന്നു ശൈത്യമില്ലാതാമെന്റെ സത്യം പിഴയ്ക്കുകിൽ. 35
ദുര്യോധനൻ പതിന്നാലാമാണ്ടു സൽക്കാരപൂർവ്വകം
രാജ്യം തന്നീലയെന്നാകിലന്നീസ്സത്യം നടന്നിടും. 36

വൈശമ്പായനൻ പറഞ്ഞു
എന്നർജ്ജുനൻ ചൊന്നളവിൽ ശ്രീമാൻ മാദ്രീകുമാരകൻ
വലിയോരാക്കയ്യു പൊക്കിസ്സഹദേവൻ പ്രതാപവാൻ 37
സൗബലന്റെ വധം പാർത്തു പറഞ്ഞാനുടനിങ്ങനെ
ക്രൂദ്ധനായ്ക്കൺ ചുവത്തീട്ടു വീർത്ത സർപ്പംകണക്കിനെ. 38
 
സഹദേവൻ പറഞ്ഞു
മൂഢ, ഗാന്ധാര, ദുഷ്കീർത്തികര, ചൂതുകളെന്നു നീ
ചൂതല്ല കാണ്മൂ യുദ്ധത്തിൽ ബാണങ്ങളെ വരിച്ചു നീ. 39
ബന്ധുക്കളോടൊത്ത നിന്നേപ്പറ്റിബ്ഭീമന്റെ ഭാഷിതം
ക്രിയകൊണ്ടിട്ടു ഞാൻ ചെയ്യും ചെയ്ക ചെയ്യേണ്ടതൊക്കയും. 40

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/851&oldid=157192" എന്ന താളിൽനിന്ന് ശേഖരിച്ചത്