ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃതാർത്ഥനായ് സ്വസ്തിയാണ്ട നിന്നേ വന്നിട്ടു കാണുവൻ;
കാണുന്നില്ലാരുമേ നിങ്ങൾ മുന്നം ചെയ്തോരു പാപവും. 23

വൈശമ്പായനൻ പറഞ്ഞു

എന്നു കേട്ടേവമെന്നോതിപ്പാണ്ടവൻ സത്യവിക്രമൻ
ഭീഷ്മദ്രോണന്മാരെ വന്ദിച്ചിറങ്ങീ ധർമ്മനന്ദനൻ. 24

79. കുന്തീസംവാദം

പാഞ്ചാലി കുന്തിയെ ചെന്നു കണ്ടു യാത്രാനുമതി ചോദിക്കുന്നു. കുന്തിയുടെ സങ്കടം. നഗരവാസികൾ ഈ വാർത്തയറിഞ്ഞു സങ്കടപ്പെടുന്നു. വേണ്ട ഉപദേശങ്ങൾ നല്കി കുന്തി പാഞ്ചാലിയെ യാത്രയാക്കുന്നു.

വൈശമ്പായനൻ പറഞ്ഞു

അവൻ പുറപ്പെട്ടവാറേ പൃഥയെക്കണ്ടു പാർഷതി
ദു:ഖത്തോടും യാത്ര ചൊല്ലീ, മറ്റു നാരികളേയുമേ 1

യഥാർഹം വന്ദനാലിംഗനാദിചെയ്തങ്ങിറങ്ങിനാൾ.
അപ്പോഴുണ്ടായ് പാണ്ഡവാന്ത:പുരത്തിൽ പരമാരവം 2

പോകും ദ്രൗപദിയെക്കണ്ടു കുന്തി സന്താപമാണ്ടഹോ!
ദു:ഖംകൊണ്ടിടറും വാക്കു പണിപ്പെട്ടേവമോതിനാൾ. 3

കുന്തി പറഞ്ഞു

വത്സേ, ദു:ഖിച്ചിടായ്കേതും വ്യസനം പറ്റിയെങ്കിലും
സ്ത്രീധർമ്മാഭിജ്ഞ നീ ശീലാചാരമുള്ളവളല്ലയോ? 4
വരരെപ്പറ്റി വേണ്ടെന്റെയുപദേശം ശുചിസ്മിതേ!
സാദ്ധ്വി സൽഗുണയും നീതാൻ കുലദ്വയവിഭൂഷണം. 5

ഭാഗ്യവാന്മാർ കൗരവന്മാരനഘേ, നീ ചുടായ്കയാൽ
ക്ലേശമെന്യേ യാത്ര ചെയ്യുകെൻപ്രാർത്ഥനയുമുള്ളു നീ. 6

സൽസ്ത്രീകൾക്കൊക്കുവോന്നല്ല ഭാവികാര്യത്തിൽ വൈകൃതം
ഗുരുകർമ്മങ്ങൾ കാക്കും നീയുടനേ നന്മ നേടിടും. 7

നോക്കേണം നീ കാട്ടിൽ വാഴുമെന്നുണ്ണി സഹദേവനെ
ആദ്ധീമാനീസ്സങ്കടത്തിൽ തളർന്നീടാത്തവണ്ണമേ. 8

വൈശമ്പായനൻ പറഞ്ഞു

ഏവമെന്നോതിയാദ്ദേവി കണ്ണുനീർവാർത്ത കണ്ണുമായ്
ചോരയേറ്റൊറ്റ വസൂത്തോടിറങ്ങീ മുക്തകേശിയാൾ. 9

കരഞ്ഞൂപോകുമവളെപ്പിൻതുടർന്നിതു കുന്തിയും
അപ്പോൾ കണ്ടാൾ വസൂഭൂഷാഹീനരാമ്മട്ടു മക്കളെ. 10

മാൻതോലുടുത്തു നാണിച്ചു തല കുമ്പിട്ടു നില്പതായ്
ശത്രുക്കൾ ചുറ്റം നന്ദിച്ചും മിത്രർ ശോചിച്ചുമങ്ങനെ. 11

അമ്മട്ടാ മക്കളെക്കണ്ടിട്ടുടൻ പാഞ്ഞാർത്തിയാർന്നവൾ
തഴുകിസ്സങ്കടത്തോടേ വിലപിച്ചാൾ പലേവിധം. 12

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/854&oldid=157195" എന്ന താളിൽനിന്ന് ശേഖരിച്ചത്