ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുന്തി പറഞ്ഞു

സദ്ധർമ്മചാരിത്രമൊടും വൃത്തസ്ഥിതിയറിഞ്ഞവർ
അക്ഷുദ്രർ ദൃഢഭക്തന്മാർ ദൈവപൂജാപരായണർ 13

നിങ്ങളീയഴലിൽപ്പെട്ടതെന്തെന്തു വിധിയിങ്ങനെ
ആരു നല്കിയ ശാപംകൊണ്ടീദ്ദു:ഖം വന്നു നിങ്ങളിൽ! 14

നിങ്ങൾക്കു പെറ്റമ്മയാമെൻ ഭാഗ്യദോഷമിതേറ്റവും
സൽഗുണം പൂണ്ട നിങ്ങൾക്കീദ്ദു:ഖയോഗമിതെങ്ങനെ? 15

സമൃദ്ധി പോയ് ദുർഗ്ഗവനേ നിങ്ങൾ പാർക്കുന്നതെങ്ങനെ
വീര്യസത്വബലോത്സാഹതേജസ്സർന്നും മെലിഞ്ഞവർ? 16

കാട്ടിൽ പാർപ്പാം ദൃഢം നിങ്ങൾക്കെന്നു മുൻപേ ധരിക്കുകിൽ
ശതശൃംഗാൽ നാഗപുരം കേറാ പാണ്ഡു മരിക്കെ ഞാൻ. 17

താപോമേധാശാലി നിങ്ങൾക്കുള്ളച്ഛൻ ധന്യനാം ദൃഢം
പുത്രപീഡകൾ കാണാതെ നന്ദ്യാ സ്വർഗ്ഗമണഞ്ഞവൻ. 18

അതീന്ദ്രിയജ്ഞാനമാർന്നു പരം സൽഗതിയാണ്ടവൾ
എല്ലാംകൊണ്ടും ധന്യ ധർമ്മശീല കല്യാണി മാദ്രിയും. 19

രതിയും മതിയും സാധുഗതിയും കെട്ടുപോകിലും
കഷ്ടം ജീവനിലാശപ്പെട്ടെന്നെ നിന്ദിച്ചിടുന്നു ഞാൻ. 20

വിടാ നിങ്ങളെ ഞാൻ ക്ലേശപ്പെട്ടുണ്ടായ കിടാങ്ങളെ
ഞാനും വരും കാട്ടിലേക്കു കൃഷ്ണേ , നീയെന്നെ വിട്ടിതോ? 21

അതിരുള്ളീ പ്രാണധർമ്മത്തിങ്കൽ കൈയ്പിഴയാൽ വിധി
എനിക്കതിർ കുറച്ചീല ചത്തീടാത്തതാണു ഞാൻ. 22

ഹാ!കൃഷ്ണ,ദ്വാരകാവാസ,നീയെങ്ങു ബലസോദര!
എന്തേ,മാൽ തീർത്തു കാക്കാത്തതെന്നയീ വീരരേയുമേ? 23

ആദ്യന്തമറ്റിടും നിന്നെ നിനച്ചീടും ജനങ്ങളെ
നീ കാക്കുമെന്ന ചൊല്ലിപ്പോളെന്തേ നിഷ്ഫലമാകുവാൻ? 24

ഇവർ സദ്ധർമ്മമാഹാത്മ്യയശോവീര്യാനുവർത്തികൾ
വ്യസനിപ്പാൻ തക്കനരല്ലിവരിൽ കൃപചെയ്യണേ! 25

നിത്യർത്ഥനിപുണന്മാരാം ഭീഷ്മദ്രോണ കൃപാദികൾ
കുലപാലരിരുന്നിട്ടുമെന്തീയാപത്തു പറ്റുവാൻ? 26
 
പാണ്ഡുരാജ, ഭവാനെങ്ങുണ്ടെന്തുപേക്ഷിപ്പതിങ്ങനെ
ശത്രുക്കൾ ചൂതിൽ തോല്പിച്ചു മക്കളെക്കാടു കേറ്റവേ? 27

സഹദേവ, തിരിക്കെന്മെയ്യിലും നീ പ്രിയനാണു മേ
കുപുത്രനെപ്പോലെ മാദ്രീപുത്ര, തള്ളരുതെന്നെ നീ. 28

നിന്നണ്ണന്മാർ പോയിടട്ടേ സത്യവത്സലരെങ്കിലോ
എന്നെ രക്ഷിച്ചു ധർമ്മം നീയിവിടെത്തന്നെ നേടുക. 29

വൈശമ്പായനൻ പറഞ്ഞു

ഏവം കേഴും കുന്തിയെക്കുമ്പിട്ടു കൂപ്പി മുറയ്ക്കുടൻ
പാണ്ഡവന്മാരങ്ങു ഹർഷമെന്നിയേ കാടു പൂകിനാർ. 30

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/855&oldid=157196" എന്ന താളിൽനിന്ന് ശേഖരിച്ചത്