ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഖലോമശകലംപോലും ആ മണിമണ്ഡപങ്ങളിലും അങ്കണങ്ങളിലും വൃഥാസഞ്ചാരം ചെയ്കയില്ല. ആവശ്യപ്പെട്ടാൽ ജടാതാഡനതന്ത്രംകൊണ്ടു ഭൂമി പിളർന്നെന്നപോലെ, ഉണ്ടാകുന്ന ഭൃത്യസഞ്ചയപ്പുറപ്പാട് ഏവനേയും വിഭ്രമിപ്പിക്കുകയും ചെയ്യും. അവിടത്തെ അനവരതമായ നിശ്ശബ്ദതതന്നെ ആ ഭവനേശന്റെ പ്രതാപപാഞ്ചജന്യമായിരുന്നു. അതിദുശ്ശാഠ്യക്കാരനായ കാകൻപോലും പ്രഭുസേവനമാർഗ്ഗത്തെ പഠിച്ച്, ആ ഭവനത്തിലും അടുത്തുള്ള പ്രദേശങ്ങളിലും ബദ്ധതുണ്ഡവ്രതത്തെ ആചരിച്ചു.

ഈ നവലങ്കാനാഥന്റെ ഇംഗിതത്തെ ത്രികാലജ്ഞാനശക്തികൊണ്ടു ധരിച്ചിട്ടെന്നപോലെ അനന്യസാധാരണമായ ഒരു മാതൃകയിൽത്തന്നെ അദ്ദേഹത്തെ ബ്രഹ്മാവു നിർമ്മാണംചെയ്തു. ഇരുക്കോൽവിട്ടമുള്ള ഒരു വെള്ളകിൽഗോളത്തിൽനിന്നു ശില്പവിദഗ്‌ദ്ധന്റെ കൃത്രിമകരകൗശലംകൊണ്ടു നിർമ്മിക്കപ്പെട്ട ആ രൂപത്തെ അംഗംപ്രതി പരിശോധിച്ചാലും മിക്കതിന്റെ സൃഷ്ടിയിലും ഗോളധർമ്മം വിസ്മൃതമാകാതെതന്നെ രൂപനിർമ്മാണം നിർവ്വഹിക്കപ്പെട്ടിരുന്നുവെന്നു കാണപ്പെടും. വിസ്തൃതലലാടത്തിന് പുറകോട്ടുള്ള ചരിവും തെളുതെളുപ്പും, നേത്രഗർത്തങ്ങളിൽനിന്ന് ഉന്തിനില്ക്കുന്ന വട്ടക്കണ്ണുകളുടെ മണികൾക്കുള്ള പിംഗലതയും, ചിരിക്കുമ്പോൾ കർണ്ണങ്ങളെ എച്ചിലാക്കുന്ന വായുടെ ദൈർഘ്യവും, പത്മനാഭസ്വാമിക്ഷേത്രത്തിലെ മീനമഹോത്സവത്തിൽ നിറുത്തപ്പെടുന്ന പാണ്ഡവപ്രതിമകളിൽ കാണപ്പെടുന്നതുപോലുള്ള ദന്തപ്പരലുകളുടെ വെൺമയും, കഥകളിക്കാരുടെ കറുത്ത കുപ്പായം ശകലിച്ചു പതിച്ചതുപോലുള്ള രോമാവലിഭംഗിയും, മിത്രഭേദോപാഖ്യാനത്തിലെ പിംഗളർഷഭന്റെ മുക്കുറയ്ക്കൊത്ത ശബ്ദഘോരതയും, ശിവകിങ്കരനായ കുണ്ഡോദരന്റെ ഹാലാസ്യപുരാണപ്രസിദ്ധമായുള്ള അതിരോചകതയും സഞ്ചാരത്തിൽ ‘പാരിലെന്നെയിന്നാരറിയാതവർ’ എന്നു ചോദ്യംചെയ്യുന്ന തലയെടുപ്പും; വദനാണ്ഡംകൊണ്ട് ആകാശപത്രത്തിൽ വൃത്തലേഖനംചെയ്യുന്നതിൽ അന്തർഭവിച്ചുള്ള ഉന്മത്തതയും കൂട്ടിച്ചേർത്താൽ, ആ അമാനുഷന്റെ ആകൃതിയും ഏതാനും പ്രകൃതിയും ഒരുവിധം ഗ്രഹിക്കാവുന്നതാണ്.

അജ്യൗതിഷികന്മാരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ അവരുടെ സന്താനത്തിന്റെ ഭവിഷ്യൽപ്രഭാവത്തെ ഗ്രഹിക്കാതെ അതിന് അനുരൂപമല്ലാത്തവിധത്തിൽ നാമകരണം ചെയ്തു. ആ നാമത്തോടു കാരണവന്റെ നാമവും ചേർത്ത് ‘കാളിഉടയാൻ’ എന്നു പ്രയോഗിച്ചിട്ടും, ഏറെക്കുറെ മരങ്ങത്വം ചുവയ്ക്കയാൽ, പരിശ്രമശീലനായ ഉടയാൻപിള്ള സ്വബുദ്ധിയെ ക്ലേശിപ്പിച്ചു തന്റെ ഭവനപ്പേരോടു ചേരുമ്പോൾ ഗംഭീരമായി ധ്വനിക്കുന്ന ഒരു സ്ഥാനനാമത്തെ പുരാതനഗ്രന്ഥവരികൾ പരിശോധനചെയ്തു തിരഞ്ഞെടുത്തു. ചിലമ്പിനേത്ത് എന്ന നാമത്തോട് ‘ച’കാരാദ്യക്ഷരപ്രാസവും, ‘ന്ത്ര’ എന്ന ത്ര്യക്ഷരസംഘടനകൊണ്ടു രവമുഴക്കവുമുള്ള ‘ചന്ത്രക്കാറൻ’ എന്ന ഉദ്യോഗനാമത്തെ സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ സർവ്വാർത്ഥസിദ്ധിക്ക് ഒരുവിധം പൂർത്തിയുണ്ടായി. ‘ചിലമ്പിനേത്തു ചന്ത്രക്കാറൻ’ എന്ന നാമധേയം ക്ഷണകാലംകൊണ്ടു പ്രസിദ്ധിവിഷയത്തിൽ ‘കുലശേഖരപ്പെരുമാൾ’ എന്ന സ്ഥാനത്തോടു തുല്യതയെ സമ്പാദിച്ചു. ഈ സ്ഥാനനാമലബ്ധിയുടെ ചരിത്രത്തേയും സംക്ഷേപമായി വിവരിക്കാം. കഴക്കൂട്ടത്തുപിള്ളമാരുടെ കുലദൈവക്ഷേത്രമായ ‘ചാമുണ്ഡിക്കാവ്’ എന്നൊരു ദേവസ്വത്തെ ആ കുടുംബധ്വംസനാനന്തരം ഉടയാൻപിള്ള തന്റെ സ്വാധീനത്തിലാക്കി. വളരെ ഭൂസ്വത്തുക്കളും നിറഞ്ഞ ഭണ്ഡാരവും വിലയേറിയ ആഭരണങ്ങളും അളവറ്റ വെങ്കലപാത്രങ്ങളും ശ്രീകോവിൽ, നാലമ്പലം, സോപാനം, ഗർഭഗൃഹം എന്നിത്യാദി സാമഗ്രികളും ഉള്ളതുകൊണ്ട് ഐശ്വര്യസമ്പൂർണ്ണമായി ഊട്ടും പാട്ടും താലപ്പൊലിയും മറ്റും പല ആഘോഷങ്ങളും നടത്തിവന്ന ആ മഹാക്ഷേത്രത്തെ കരസ്ഥമാക്കിയപ്പോൾ, ചന്ത്രക്കാറൻ എന്ന ഉദ്യോഗനാമത്തേയും അദ്ദേഹം അണിഞ്ഞുതുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ ഭരണത്തകർപ്പുകൊണ്ട് ആ ക്ഷേത്രം അചിരേണ പൊളിഞ്ഞ് ഇടിഞ്ഞ്, ഒരു തറയും സ്ഥാനഭ്രഷ്ടരായ ചില കരിങ്കല്ലുകളും, ദുർമ്മരണപ്രേതങ്ങളുടെ ഒരു ശവക്കാടും ദുർഗ്ഗന്ധത്താൽ അടുത്തുകൂടാത്തതായ ഒരഗാധകുഴിയും ശേഷിച്ചു. നാവില്ലാവിശ്വസ്വരൂപിണിയുടെ സ്വത്തുകളെല്ലാം അതുകളെ സംഗ്രഹിപ്പാൻ പരമശക്തി തൽക്കാലം വഹിച്ച സ്ഥാനത്തു ലയിച്ചു എന്നേ പറവാനുള്ളു. ദേവസ്വം നശിച്ചു എങ്കിലും, ഉടയാൻപിള്ള സ്വായത്തമായി ധരിച്ച

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/14&oldid=158405" എന്ന താളിൽനിന്ന് ശേഖരിച്ചത്