ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തന്റെ സംസ്ഥാനസ്പൃഹാഗ്നിപ്രഭയിൽ ആ ലേഖനത്തെ ക്ഷണത്തിൽ വായിച്ചു. രാമരാജാബഹദൂർ സംസ്ഥാനാധിപന്റെ നേർക്കുള്ള ഉപജാപങ്ങളെ നിറുത്തിവയ്ക്കണമെന്ന്, ഹൈദരാലിനവാബ് തിരുവുള്ളംകൊണ്ട് അരുളിച്ചെയ്തിരിക്കുന്നു എന്നു ധരിപ്പിപ്പാൻ അവിടത്തെ ഒരു സേവകപ്രധാനൻ, ആജ്ഞാനുസാരം എഴുതിയിരുന്ന ആ ലേഖനത്തെ ഹരിപഞ്ചാനനൻ ക്ഷണംകൊണ്ട് അണുമാത്രങ്ങളായി ത്യജിച്ചു. അദ്ദേഹത്തിന്റെ ശാർദ്ദൂലനേത്രങ്ങൾ അനുജനേയും വൃദ്ധസിദ്ധൻ, പടത്തലവർ, കുമാരൻതമ്പി എന്നിവരേയും വീക്ഷിച്ചില്ല. തന്റെ അനുചരന്മാരുടെ വേഷത്തെ ധരിച്ചു നിൽക്കുന്ന യുവസിദ്ധൻ കേശവപിള്ളയുടെ നേർക്ക് അദ്ദേഹത്തിന്റെ ലോചനദ്വന്ദ്വം സുദർശനപാശൂപതങ്ങൾപോലെ പ്രപാതംചെയ്തു. വൃദ്ധസിദ്ധനും തടയാൻ കഴിയുന്നതിനുമുമ്പ്, സകല ജയമാർഗ്ഗങ്ങളും നഷ്ടമായിക്കണ്ട ഹരിപഞ്ചാനനൻ സമീപത്തു ചുവരിൽ ചാരിവച്ചിരുന്ന ഖഡ്ഗത്തെ ഉറയിൽനിന്ന് ഊരി വീശിക്കൊണ്ട് ബുദ്ധിപ്രമാണനായ ആ യുവാവിന്റെ പ്രതിരോധത്തെ ശിക്ഷിപ്പാനായി, രുഗ്മിവധത്തിനു ചാടിയ ബലരാമദേവന്റെ വീര്യോഗ്രതയോടുകൂടി സാഹസപ്ലവനംചെയ്തു. വൃദ്ധസിദ്ധൻ പടത്തലവരുടെ ആംഗ്യത്താൽ തടുക്കപ്പെട്ടു. ജെൺട്രാൾ കുമാരൻതമ്പിയും കേശവപിള്ളയും പടത്തലവരുടെ ഒരു കൈവീശുകൊണ്ടു മാറ്റിനിറുത്തപ്പെട്ടു. ഹരിപഞ്ചാനനയോഗിയുടെ അഭിനവഖഡ്ഗവും തമ്മിൽ ഇടഞ്ഞു. അംഗൃഹപ്രധാനന്മാരുടെ പൗരുഷത്തിന്റെയും വഞ്ചിരാജശക്തിയുടെയും ചിരകാലമാത്സര്യത്തിന്റെ അവസാനതരംഗമായി മഹാപാടവത്തോടുകൂടി പ്രതിയോഗികളാൽ സമുചിതപ്രഗത്ഭതയോട് ആ സംഗ്രാമം അഭിനീതമാകുന്നു. മദ്ധ്യവയസ്കനും ദൃഢഗാത്രനും മല്ലപ്രവീണനും സമരവിദഗ്ദ്ധനും ആയ ഹരിപഞ്ചാനനനെ പടത്തലവരുടെ വാൾ പ്രദക്ഷിണംചെയ്യുന്ന വേഗത്തിനിടയിൽ, യോഗിവര്യനായ ജന്യചതുരൻ സ്വഗാത്രത്തെ സൂക്ഷ്മതമമാക്കിക്കൊള്ളുന്നു. ഹരിപഞ്ചാനനന്റെ ഭടജനങ്ങളും പടത്തലവരുടെ അനുകൂലികളും വൃദ്ധബാഹുവിക്രമിയുടെ പാദനിശ്ചലതയേയും കരഭ്രമണദ്രുതത്തെയും കണ്ട് ആശ്ചര്യത്താൽ സ്തംഭിതന്മാരായി നിലകൊണ്ടുപോകുന്നു. അനന്തപത്മനാഭസേനാനിയുടെ ഖഡ്ഗം അനന്തമായ മിന്നൽപ്പിണർപോലെ പ്രകാശിച്ചും, അസ്തമിച്ചും, ഹരിപഞ്ചാനനന്റെ നേത്രങ്ങളെ ചലിപ്പിച്ച്, സന്ധ്യാസമയത്ത് ആ വാടത്തെ ലക്ഷ്മീപൂർണ്ണമാക്കിയ ദീപകോടികൾ അവിടെ ആവർത്തനംചെയ്തപോലെ തോന്നിക്കുന്നു. ഇത്രയൊക്കെ വരുമെന്ന് യോഗീശ്വരയോദ്ധാവു വിചാരിച്ചിരുന്നതല്ല. പടത്തലവരുടെ വാൾ, പാടും മാടും മുനയും വായും, എങ്ങനെയെന്നറിഞ്ഞില്ല, പ്രതിയോഗിയുടെ മുതുകും, ഭുജവും, വക്ഷസ്സും, പക്ഷങ്ങളും തലോടി, വസ്ത്രശകലങ്ങളെ മാത്രം അപഹരിച്ച് സന്തുഷ്ടിയടയുന്നു. ഹരിപഞ്ചാനനൻ നടസരസതയെ സന്ധാനംചെയ്ത് പടത്തലവരുടെ ഖഡ്ഗഭ്രമണത്തെ അഭിവാദനംചെയ്യുന്നു. എന്നാൽ, പടത്തലവരുടെ മോഹഭ്രമം അദ്ദേഹത്തിന്റെ നേത്രങ്ങളെ വൃദ്ധസിദ്ധന്റെ നേർക്ക് ഒന്നു നയിക്കുന്നു. ആ ക്ഷണത്തിൽ ഹരിപഞ്ചാനനൻ ആകാശചാരിയായപോലെ ഉയർന്ന്, തന്റെ പാരസികഖഡ്ഗത്തെക്കൊണ്ട് സുദർശനചക്രകരങ്ങളാലെന്നപോലെ പടത്തലവരെ വലയംചെയ്ത് , അദ്ദേഹത്തിന്റെ ഖഡ്ഗത്തേയും അങ്കണത്തിൽ പതിപ്പിച്ചു. പാരസീകഖഡ്ഗം പടത്തലവരുടെ കവചത്താൽ പ്രതിബന്ധിക്കപ്പെടുകയാൽ, സാൽവയെ അപഹരിച്ച്, രണ്ടാമതും സർപ്പബഹുലതുല്യം നാനാഭാഗങ്ങളിലും പ്രചലിച്ച് ശത്രുഗാത്രലക്ഷ്യമായി ധാരാനിപാതം ചെയ്തു. വൃദ്ധസിദ്ധന്റെ ദണ്ഡം ആ ഖഡ്ഗധാരിയായ ഹസ്തത്തെ ഒരു ലഘുപ്രപാതംകൊണ്ട് അസ്തശക്തമാക്കി ഖഡ്ഗത്തെ നിലത്തു പതിപ്പിച്ചു.

പടത്തലവരുടെ സാൽവ നീങ്ങിയപ്പോൾ അരയിൽ തിരുകപ്പെട്ടിരുന്ന കൈത്തോക്കുകളെക്കണ്ട് ഹരിപഞ്ചാനനന്റെ മനസ്സിൽ ഒരു മഹായുക്തി ഉദയംചെയ്തു. പ്രാണായാമപ്രവൃത്തനായിരുന്ന ശാന്തനെ നോക്കി ‘ഉഠോ’ എന്നു സിംഹനാദത്തിൽ ഒരു കല്പന കൊടുത്തും, ആ ജീവാർദ്ധത്തെ തന്റെ പ്രയോഗശക്തമായ ഹസ്തത്തെ ഗ്രഹിച്ചും, ഉച്ചവും ഉഗ്രവുമായ സ്വരത്തിലും പടത്തലവർക്കും മനസ്സിലാകാത്തതായ ഒരു ഭാഷയിലും സ്വഭടന്മാർക്കു ചില കൽപനകൾ നൽകിയും, ഹരിപഞ്ചാനനത്രിവിക്രമൻ ആ രംഗത്തുനിന്നു മറഞ്ഞു. കിഴക്കും മറ്റുവശങ്ങളിലുമുള്ള വാതലുകൾ ഹരിപഞ്ചാനനന്റെ കൽപനയ്ക്കനുസരണമായി ക്ഷണത്തിൽ ബന്ധിക്കപ്പെട്ടു. “ഞങ്ങൾ ജ്യേഷ്ഠാനുജന്മാർ ഉഗ്രനും ശാന്തനും ഒന്നിച്ചു കൂടി

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/230&oldid=158506" എന്ന താളിൽനിന്ന് ശേഖരിച്ചത്