ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പാതകപുണ്യങ്ങളെന്നതിവനുണ്ടൊ"—(കേശവപിള്ള കയർത്ത് അവിടെനിന്നു പോകാൻ ഭാവിച്ചു.)

മാമാവെങ്കിടൻ, "നില്ലപ്പാ, ശൊല്ലപ്പാ!" എന്നു പറഞ്ഞുകൊണ്ട് മൗനത്തെ അവലംബിച്ച്, കഥകളിയിൽ മഹർഷിവേഷക്കാരെപ്പോലെ കാലിന്മേൽ കാലുമിട്ട് ജപത്തോടുകൂടി ഇരിപ്പായി.

കേശവപിള്ള: "നാളെക്കാലത്തു ചിലമ്പിനേത്ത് എത്താൻ തയ്യാറുണ്ടോ?" (മാമൻ കഥകളിക്കാരുടെ രീതിയിൽ സമ്മതത്തെ അഭിനയിച്ച്)— "അവിടെത്തെ മേളങ്ങളെല്ലാം സൂക്ഷിച്ചറിഞ്ഞുവരണം." (അത്രേ വേണ്ടുവോ എന്ന് ശിരസ്സും കരങ്ങളുംകൊണ്ട് ചോദ്യംചെയ്തു.) "നിസ്സാരമായ സംഗതിപോലും, ഒന്നും വിട്ടുപോകരുത്" (ഛേ! ഛേ! ഒന്നും വിടുകയില്ലെന്ന് അഭിനയിച്ച്) "തിരുമനസ്സിലെ ക്ഷേമത്തെ സംബന്ധിക്കുന്ന ഒരു കാര്യമാണ്. തിരുമനസ്സിലേക്കുവേണ്ടി അങ്ങ് ജീവൻ കളയേണ്ട ആളാണ്." (തന്റെ ഭക്തിയോടുകൂടിയ ശുശ്രൂഷയ്ക്കു പാത്രമായ ഉണ്ണിയാണ് മഹാരാജാവ് എന്ന് അഭിനയിച്ചു.) കേശവപിള്ള തന്റെ സ്വരത്തെ വളരെ താഴ്ത്തി. "ഇപ്പോഴത്തെ ആ മോതിരസംഗതിയുണ്ടല്ലൊ—" (മാമാവെങ്കിടൻ ചാടി എഴുന്നേറ്റു. താൻതന്നെ ശത്രുസംഹാരം ചെയ്യുന്നുണ്ടെന്ന് അതിരൗദ്രത്തോടുകൂടി അഭിനയിച്ചു. കുടുമയെ മുറുക്കിക്കെട്ടി 'പ്രമദാവനമിതു ഭഞ്ജിക്കുന്നേൻ' എന്നു പാടി, ഏകദേശം ആട്ടവും തുടങ്ങി. പിന്നീട് തിരിഞ്ഞുനിന്നു കേശവപിള്ളയോട് ഇങ്ങനെ പറഞ്ഞു.) "പൊറുത്തുക്കോ അപ്പൻ! ഇതെല്ലാം കേശവൻകുഞ്ഞുടെ വിനോദത്തുക്ക്. അങ്കെ പോനാൽ മാമാവെങ്കിടൻ 'രാജമന്ത്രി സമോ ഭവ' ഇങ്കെ അലുവലുക്കാർ? ചോദ്യം വന്തുട്ടാൽ—"

കേശവപിള്ള: "അതിനെല്ലാം സമാധാനമുണ്ടാക്കിക്കൊള്ളാം. മുറുകിവരികയാണെങ്കിൽ കാര്യത്തെത്തന്നെ തിരുമനസ്സറിയിച്ചേക്കാം. അടിക്കടി തിരുമുമ്പിൽ ചെന്നുപദ്രവിക്കാതെ, ഇങ്ങനെയുള്ള ചില്ലറ കാര്യങ്ങൾ ഉപ്പും ചോറും തിന്നുന്ന നാം തന്നെ സാധിക്കണം. ഞാനിനി പകടശാലയിൽ പോട്ടെ. അപകടമൊന്നുമുണ്ടാക്കരുത്. സ്ഥലം വീട്, ആളുകൾ—ആണും പെണ്ണും—കാര്യക്കിടപ്പ്, നടപടി എല്ലാം ഒന്നും വിടാതെ സൂക്ഷിച്ചറിഞ്ഞുപോരണം. മിടുക്കുണ്ടെങ്കിൽ എന്തു കൗശലംകൊണ്ടെങ്കിലും സ്വാമിയാരേയും സൽക്കാരിയേയും—" (നഖം ചുരണ്ടി നേത്രവിക്ഷേപംകൊണ്ട്) 'പിണക്കാമോ' എന്ന് ചോദ്യം ചെയ്തു.

മാമാവെങ്കിടൻ: (കാര്യസ്ഥനായി) "അന്ത ബ്രഹ്മരക്ഷസാക്കളിടയിലെ പോറാതേ തിക്തകകഷായമാട്ടമിരുക്ക്. ആനാലും അന്നദാനപ്രഭു സ്വാമികാര്യത്തിലെ മാമാവെ 'പങ്കജാക്ഷപാഹി ശൗരെ!" (പ്രാർത്ഥനകൊണ്ടു വിക്രമനായിട്ട്) "ശണ്ഡാളപ്പയകളെ! രാമരാവണരാക്കമാട്ടനാ?—എൻ കുഴന്തയാനാൽ ഒരു വായ് മലർപ്പൊടി ശാപ്പട്ടുകൊണ്ടു പോ."

കേശവപിള്ള: "വേണ്ട മാമാ, വയർ പത്തായം പോലെ വീർത്തിരിക്കുന്നു."

മാമാവെങ്കിടൻ: "കള്ളപ്പയൽ! കാലത്താലെ പഴഞ്ചിക്കലത്തിലെ മുംഗിയുട്ടാനാക്കും." (കേശവപിള്ള തല കുലുക്കി.) "ആമാ— തലകുലുക്ക്. ഒൻ കച്ചവടമെല്ലാം നമുക്കു തെരിഞ്ചാച്ച്! അന്ത അണ്ണാക്കുട്ടി കറുത്തവാവാട്ടം തിരുമ്പിവന്തിരുക്കിറാനേ അവനെങ്കേ പോയിരുന്താൻ? ഏൻ തിരുമ്പിവന്താൻ? അവനിടത്തിൽ ഉനക്കെന്ന ഇടപാട്?"

കേശവപിള്ള: "ഉറക്കത്തിലെ കിനാവിനെ പകൽ പുലമ്പിക്കൊണ്ടു നടന്നാൽ വല്ലവരും ഭ്രാന്തനെന്നു പറയും."

മാമാവെങ്കിടൻ: "കഴുവുക്കു കഴുത്തെക്കൊടാതും പിള്ളായ്, തുറന്ത കണ്ണാലെ കണ്ടത് കിനാവാ?" (വിനോദവാർത്ത എന്ന ഭാവത്തിൽ) "ചിന്നപ്പയൽ! രാത്രിയിലെ 'അങ്ങോടടൻ പുനരിങ്ങോടടൻ' അപ്പടി പോറപോത് ആരാവത് രണ്ടു പോട്ടൂടാവടിക്കു മാമനും തുടർന്തേൻ." (ഗൗരവത്തിൽ അഭിനന്ദനമായി) "അന്ത അണ്ണാക്കയ്യിലെ ചരക്കെന്നത്തെ?—കട്ടിക്കാറപ്പയൽ! നീ മുന്നുക്കു വരുവാൻ തെള്ളിവിട്! അന്ത മോതിരം കുഴന്തകളെ തൂങ്കുറുതുക്കും വിടറതില്ലെ—" മാമന്റെ അഭിപ്രായങ്ങളെ പൂർത്തിയാവാൻ സമ്മതിക്കാതെ അയാളെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/38&oldid=158532" എന്ന താളിൽനിന്ന് ശേഖരിച്ചത്