ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എങ്കിലും, ജീവരക്ഷോപയുക്തങ്ങളായ ബഹുവിധം ആയുധങ്ങളേയും വിവിധമുഖന്മാരായ കിങ്കരന്മാരേയും അതിനകത്തു കാണുകയാൽ, അതിന്റെ നിർമ്മാണാവശ്യത്തെത്തന്നെ ആ മണ്ഡപം അപ്പോഴും നിറവേറ്റുന്നതായി ബാലൻ അനുമിച്ചു. മണ്ഡപത്തിന്റെ പിൻഭാഗത്തുള്ള ഭൂമിയിൽ തിമിർത്ത ഗാത്രങ്ങളോടുകൂടിയ അശ്വം, വൃഷഭം, ഗർദ്ദഭം — മുതലായ മൃഗങ്ങളെ നിർത്തീട്ടുണ്ടായിരുന്നു.

മണ്ഡപത്തിന്റെ പുരോഭാഗം അവർണ്ണനീയമായുള്ള സാന്നിദ്ധ്യത്തോടുകൂടി പ്രശോഭിക്കുന്നു. ആ വെളിപ്രദേശത്തിന്റെ മദ്ധ്യത്തിൽ പൂർവ്വദക്ഷിണപശ്ചിമോത്തരഭാഗങ്ങളിൽ അഗ്നികുണ്ഡങ്ങൾ വളർത്തിയിരിക്കുന്നു. ജടാഭാരം, കാഷായാംബരം, യോഗവേഷ്ടി, യോഗദണ്ഡം ഇത്യാദി ധരിച്ചിട്ടുള്ള ചില ശിഷ്യപ്രധാനന്മാർ ഈ കുണ്ഡങ്ങളിൽ ബഹുവിധപദാർഥങ്ങൾ അർപ്പിച്ച് അക്ഷയജ്വാലയോടുകൂടി അഗ്നിയെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ചതുഷ്കുണ്ഡങ്ങങ്ങളുടെ മദ്ധ്യത്തിൽ അതുകളുടെ തേജഃപുഞ്ജം മൂർത്തീഭവിച്ചതുപോലെ ഒരു ജ്യോതിഷ്മാൻ, ആശാപാശവിനിർമ്മുക്തനും സർവവാസനാവർജ്ജിതനും വർത്തമാനനിവൃത്തനും തമോഹങ്കാരവിരഹിതനും എന്നുള്ള നിലയിൽ ഭദ്രപീഠത്തിന്മേൽ സ്ഥിതിചെയ്യുന്നു. വാമാംഗുഷ്ഠാഗ്രത്തെ ഊന്നി മടക്കിവെച്ചിട്ടുള്ള പാദത്തിന്റെ ഊരുവിന്മേൽ ദക്ഷിണപാദവും അതിന്മേൽ വാമഹസ്തവും ജ്ഞാനമുദ്രയോടുകൂടി ദക്ഷിണഹസ്തവും സ്ഥാപിച്ച്, നമ്രമുഖനായി, നാഭിയെ ലക്ഷ്യമാക്കിയുള്ള സ്ഥിരവീക്ഷണത്തോടുകൂടി, ശ്രോണിപ്രവേശംകൊണ്ട് പീഠസ്പർശംചെയ്യാതെ, കേവലം കാഷ്ഠശരീരനായി ഒരു വിഷമയോഗാസനത്തെ അവലംബിച്ചിരിക്കുന്ന, ആ പുരുഷനെ കണ്ടപ്പോൾ അവിടെ സന്നിഹിതരായുള്ള മറ്റു ബഹുജനങ്ങളെപ്പോലെ ബാലനും താൻ അറിയാതെ ബദ്ധാഞ്ജലിയായ് ഭവിക്കുന്നു. സതീദഹനാനന്തരം സാക്ഷാൽ വാമദേവൻ അനുഷ്ഠിച്ച ദീർഘയോഗത്തിന്റെ രൗദ്രപ്രഭ ഈ യോഗീശ്വരനിൽ പൂർണ്ണമായി പകർന്നു കാണപ്പെടുന്നു. ബ്രാഹ്മം, ആർഷം, ക്ഷാത്രം എന്നീ ധർമ്മങ്ങൾ സ്ഫുടമായി സ്ഫുരിക്കുന്ന ആ ആകാരം അതുകളുടെ സംഗമമാഹാത്മ്യംകൊണ്ട് ത്രിവേണീമാഹാത്മ്യത്തെയും അധഃകരിക്കുന്നു. അതാ ധ്യാനത്തിൽനിന്നും വിരമിച്ച ആ ദാന്തത്മാവിന്റെ നേത്രങ്ങൾ വജ്രസ്ഫുരണങ്ങളോടുകൂടി ശോഭിച്ച് അഗ്നികുണ്ഡങ്ങളിലെ പ്രഭയെ ധൂസരമാക്കുന്നു. അന്തർഭാഗത്തിലേക്ക് അത്യഗാധതയേയും, ബഹിർഭാഗത്തിലേക്ക് അതിദൂരവീക്ഷണശക്തിയേയും പ്രത്യക്ഷമാക്കി നീലരക്തസമ്മിശ്രദ്യുതികളെ വിതറുന്ന ആ നേത്രങ്ങൾ, ആ പുരുഷനിൽ വാമദേവത്വവും കാമദേവത്വവും കാലധർമ്മാനുസാരമായി കൃത്രിമസങ്കലനംചെയ്തിരിക്കുന്നതിന്റെ സുവ്യക്തസൂചകങ്ങളായി വിളങ്ങുന്നു. സൗന്ദര്യാദിലക്ഷണങ്ങൾ സങ്കല്പവേലാവിലംഘികളായി വിലസുന്ന ആ ശാരീരം കലികാലത്തെ നവമനോധർമ്മങ്ങളിൽ പരിചയിച്ചിട്ടുള്ള ഒരു നവവിധാതാവിനാൽത്തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കണം. ഉഗ്രതയും ശാന്തതയും തങ്ങളിൽ മത്സരം കലർന്ന് കളിയാടിക്കൊണ്ടിരിക്കുന്ന ആ മുഖത്തിലെ അനുക്ഷണചേഷ്ടാഭേദങ്ങൾ പ്രേക്ഷകന്മാർക്ക് അദ്ദേഹത്തിന്റെ സ്വഭാവഗ്രഹണം ദുഷ്‌പ്രാപമാക്കുന്നു. ക്ഷത്രിയാന്തകനായ ഭാർഗ്ഗവരാമന്റെ ഗാംഭീര്യത്തോടുകൂടിയ ശിരശ്ചലനങ്ങൾചെയ്ത് അനുവാദസൂചകങ്ങൾ അരുളുന്ന ആ മഹാനുഭാവൻ ക്ഷത്രിയകുലസംരക്ഷകനായ രഘുരാമബാലന്റെ ശാന്തമൃദുലസ്വരത്തിലാണ് വാചാകല്പനകൾ നൽകുന്നത്. സരസ്വതീകരലസത്തായ വീണയുടെ ചേതോഹാരിത്വത്തോടു കൂടിയ അദ്ദേഹത്തിന്റെ വചസ്സുകൾ സകലചരാചരങ്ങളേയും വശീകരിക്കുന്നു. പാദങ്ങളിൽ വീണു തൊഴുന്ന ഭക്തന്മാരെ നിസ്സീമമായ നാട്യകലാവൈദഗ്ദ്ധ്യത്തോടുകൂടി അദ്ദേഹം സസ്മേരം കടാക്ഷം ചെയ്തനുഗ്രഹിക്കുന്നു. സംഭാവനയായി സമർപ്പിക്കപ്പെടുന്ന ദ്രവ്യങ്ങളെ നട്ടുവേഷധാരികളായ ചില കാര്യസ്ഥന്മാർ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനെ സ്വധർമ്മവിലോപമായി അദ്ദേഹത്തിന്റെ കരവിക്ഷേപങ്ങൾകൊണ്ട് നിരോധിക്കുന്നതിൽ എത്ര ധർമ്മശാസ്ത്രങ്ങൾ അന്തർഭവിച്ചിരിക്കുന്നു?

യോഗീശ്വരൻ, അന്നത്തെ യോഗസമാധിയും ഉപഹാരസ്വീകരണവും അവസാനിച്ചപ്പോൾ, ധ്യാനപരിശ്രമംകൊണ്ടുള്ള അലസതയെ സ്ഫുരിപ്പിക്കുന്നതായ അധരങ്ങളെ വിടുർത്തി ചില ആജ്ഞകളെ അരുളിച്ചെയ്യുന്നു. അതുകളെ ചെവിക്കൊള്ളുന്നതിനായി ജനസംഘങ്ങൾ അഗ്നികുണ്ഡങ്ങളോട് അണഞ്ഞ് ഒരു ജനവലയാകാരമായി സ്ഥിതിചെയ്യുന്നു. എന്തോ വിശേ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/9&oldid=158588" എന്ന താളിൽനിന്ന് ശേഖരിച്ചത്