ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെക്കുകയോ ചെയ്യാവുന്നതാകുന്നു.

ജാമ്യത്തുകകളെ അൽവെത്ത്നട്ട് കമ്പനി ബാങ്കിൽ നിക്ഷേപിക്കുന്നതും, പലിശ അതാതിന്റെ ഉടമസ്ഥന്മാർക്ക് കൊടുക്കുന്നതുമാകുന്നു. എന്നാൽ മേൽപടി കമ്പനി ബാങ്ക് പൊളിഞ്ഞുപോയാൽ ജാമ്യത്തുക വീണ്ടും കെട്ടിവേക്കേണ്ടതല്ലാതെ, നഷ്ടത്തിന്നു ഗവണ്മെന്റ് ഉത്തരവാദിയാകുന്നതല്ല.

(6) യാതൊരു അച്ചടിശാലയിൽനിന്നും ദിവാൻജിയുടേയോ, യാതൊരു കൊട്ടാരം സേവന്റേയോ, മാതൃകാ ഉദ്യോഗസ്ഥന്റേയോ, രഹസ്യമായോ പരസ്യമായോ ഉള്ള നടത്തയെക്കുറിച്ച്, ബഹുജനങ്ങളുടെ ഉള്ളിൽ ജുഗുപ്സ ജനിപ്പിക്കത്തക്കവണ്ണം വ്യംഗ്യമായോ വാച്യമായോ അർത്ഥമാകുന്ന രാജദ്രോഹകരമായ യാതൊന്നും അച്ചടിക്കയോ, പ്രസിദ്ധീകരിക്കുകയോ ചെയ്തുകൂടാത്തതാകുന്നു.

വിവരണം:- ഒരു ദിവാൻജി വേശ്യാലമ്പടനാണെന്നു പറയുന്നത് രാജദ്രോഹമാകുന്നു. ഒരു മാതൃകാ ഉദ്യോഗസ്ഥൻ ഒരു ദിവാൻജിക്കു വേശ്യകളെ സംഭരിച്ചു കൊടുക്കുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു. ഒരു കൊട്ടാരം സേവൻ സർക്കാരുദ്യോഗങ്ങൾ കൊടുപ്പാനായി കൈക്കൂലി മേടിക്കുന്നു എന്നു പറയുന്നത് രാജദ്രോഹമാകുന്നു. ഒരു കൊട്ടാരം സേവൻ അരമനമുതൽ അപഹരിക്കുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു. ദിവാൻജി സ്വേച്ഛാപ്രഭുവായി ഹൈക്കോടതിയെ നിന്ദിക്കുന്നുവെന്നോ, ജാതിസ്പർദ്ധാജനകമായ നടപടികൾ നടത്തുന്നു എന്നോ പറയുന്നതും രാജദ്രോഹമാകുന്നു. ഒരു ദിവാൻജി പൊതുജനങ്ങളുടെ പക്കൽനിന്നു ശേഖരിക്കുന്ന പബ്ലിക് പണത്തെ പാഴ്ച്ചെലവു ചെയ്യുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു. ഉദ്യോഗക്കയറ്റത്തിന്ന് ന്യായാവകാശിയെ വിസ്മരിച്ച് ആശ്രിതന്മാരെ നിശ്ചയിക്കുന്നു എന്നു പറയുന്നതും രാജദ്രോഹമാകുന്നു.

വ്യത്യസ്തം:- (1) ദിവാൻജിയുടേയോ കൊട്ടാരം സേവൻന്റേയോ മാതൃകാ ഉദ്യോഗസ്ഥന്റേയോ നടപടികളെക്കുറിച്ചുള്ള ആക്ഷേപം അവരെ മുഖസ്തുതി ചെയ്യുന്ന പത്രങ്ങളിൽ വന്നാൽ രാജദ്രോഹമാകയില്ല.

വ്യത്യസ്തം:- (2) മുൻ വിവരിച്ച വിധത്തിൽ ആക്ഷേപം പറഞ്ഞതിന്റെ ശേഷം ഒരു പത്രം മേലാൽ അങ്ങിനെ ആക്ഷേപം പറയാതിരിക്കുന്നതിന്ന് പ്രതിഫലമായി പട്ടോ, പണമോ, വളയോ സംഭാവന മേടിക്കുമെങ്കിൽ ആ ആക്രേപ പ്രസ്താവം രാജദ്രോഹമാകയില്ല.

(7) മുൻ ആറാം വകുപ്പിൽ പറഞ്ഞിരിക്കുന്ന തരത്തിൽ രാജദ്രോഹകരമായോ, പ്രക്ഷോഭജനകമായോ, ഭീഷണമായോ, മനോവ്യഥാജനകമായോ ഉള്ള വാക്കുകളടങ്ങിയ വർത്തമാനപത്രങ്ങളേയോ പുസ്തകങ്ങളേയോ അഞ്ചൽവഴി അയക്കുകയോ, ചെലവു ചെയ്‌കയോ, യാതൊരുവനും വായിക്കുകയോ ചെയ്തുകൂടാത്തതും, അപ്രകാരം ശങ്കിക്കപ്പെടുവാൻ കാരണമുള്ള യാതൊരു വർത്തമാനപത്രത്തെയും പുസ്തകത്തെയും മേൽവിലാസക്കാർക്കു കൊടുക്കാതെ യുക്തമെന്നു തോന്നുന്ന പ്രകാരത്തിൽ നശിപ്പിച്ചു കളവാൻ അഞ്ചൽമാസ്റ്റർമാർ, ഗുമസ്തന്മാർ, ചെലവു സാധനക്കാർ, അഞ്ചലോട്ടക്കാർ എന്നിവർക്കു, ഗവണ്മെന്റിന്റെ ആജ്ഞയില്ലെങ്കിൽകൂടെയും അധികാരം ഉള്ളതുമാകുന്നു.

(8) മുൻ ആറാം വകുപ്പിലെ നിബന്ധനയ്ക്കു വിപരീതമായി, രാജദ്രോഹകരമായ വല്ലതും അച്ചടിക്കയോ പ്രസിദ്ധീകരിക്കയോ ചെയ്യുന്ന യാതൊരുവന്നും, കുറ്റം സ്ഥാപിച്ചു കഴിഞ്ഞാൽ, ജീവപര്യന്ത്യം ഏകാന്തത്തടവോ, അമ്പതുകൊല്ലത്തിൽ കവിയാത്ത കാലത്തേക്കു നാടുകടത്തലോ, രണ്ടുംകൂടേയോ ശിക്ഷവിധിക്കുന്നതാകുന്നു. അച്ചടിശാലയെ ഗവണ്മെന്റ് കണ്ടുകെട്ടിയെടുക്കുന്നതും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/25&oldid=158991" എന്ന താളിൽനിന്ന് ശേഖരിച്ചത്