ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യച്ചിട്ടുണ്ടല്ലോ. ആ കത്തെവിടെ?"

"ആ കത്ത് വീട്ടിലുണ്ട്. ആ കത്തിനെപ്പറ്റി നിങ്ങൾക്ക് മാത്രമല്ല, എഴുതിയിട്ടുള്ളത്. മദ്രാസ് ഗവർണർസായിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി, ബ്രിട്ടീഷ് റസിഡണ്ട്, ഡിസ്‌ട്രിക്ട് മജിസ്ട്രേട്ട് ഇവർക്കൊക്കെ എഴുതീട്ടുണ്ട്."

"നിങ്ങളെന്തിനാണ് ആ വാറോലയെ ഗണ്യമാക്കിയത്"

"ഞാൻ ഗണ്യമാക്കിയതല്ല. എനിക്ക് അതിൻമേൽ നിയമപ്രകാരം നടപടി നടത്തണമെന്നാഗ്രഹമുണ്ടായില്ല. എന്നാൽ, ഇങ്ങനെയൊരു വാറോല എനിക്ക് കിട്ടീട്ടുണ്ട് എന്ന വസ്തുതയെ നിങ്ങൾ മുതലായവരെ ധരിപ്പിക്കേണ്ടതാവശ്യമെന്നു കരുതിയാണ്. അതിനേപ്പറ്റി പത്രത്തിലും പ്രസ്താവിച്ചിട്ടുണ്ട്."

"ആട്ടെ. ഈ സാമാനലിസ്റ്റ് ഒപ്പിട്ടുതരാമല്ലോ," എന്ന് പ്രസ്സ്മുറിയിലെ സാമാനങ്ങളുടെ ലിസ്റ്റ് കാണിച്ചിട്ടു പറഞ്ഞു.

"ഇല്ലാ. ഈ സാമാനങ്ങളുടെ വിവരം വ്യക്തമായി വേണം. ടൈപ്പുകൾ തൂക്കം നോക്കി തിട്ടപ്പെടുത്തണം."

"അതെന്തിനാണ്? ടൈപ്പുകൾ തൂക്കം നോക്കിയാണോ വിലവയ്ക്കുന്നത്?"

"അതേ മാത്രമല്ല, സാമാനങ്ങളുടെ ഉടമസ്ഥൻ ഞാനല്ല. ഞാൻ അച്ചുകൂടം നടത്തിപ്പുകാരൻ മാത്രമാണ്. ഉടമസ്ഥൻ ഒരു മുഹമ്മീയനാണ്."

"ഇവിടെ കുറെ മുമ്പേ കണ്ടിരുന്ന മുഹമ്മദിയനാണോ?"

"അല്ല. അദ്ദേഹം ഇവിടെ മണക്കാട്ടുള്ള ഒരു സ്നേഹിതനാണ്. ഉടമസ്ഥൻ ചിറയിൻകീഴിൽ വക്കം എന്ന സ്ഥലത്തുള്ള ഒരാളാണ്."

"ടൈപ്പുകൾ ഞങ്ങൾ കളകയില്ലാ. തൂക്കം നോക്കേണ്ടതെന്തിന്?"

"നിങ്ങൾ കളകയില്ലായിരിക്കാം. വല്ലവിധവും നഷ്ടം വന്നാൽ ആരാണ് ഉത്തരം പറയുന്നത്? എന്തുമാത്രം സാമാനം ഉണ്ടെന്ന് എങ്ങനെ നിശ്ചയിക്കാം?"

"എന്നാൽ, ഇൻസ്പെക്ടറേ, ഒരു തുലാസു കൊണ്ടുവന്നു തൂക്കം നോക്കിപ്പോകട്ടെ."

"നിങ്ങൾ ഇതൊക്കെ എടുത്തുകൊണ്ടു പോകയാണെങ്കിൽ നിശ്ചയമായും തൂക്കം നോക്കി തിട്ടപ്പെടുത്തണം."

"അതേ. ഈ സാമാനങ്ങളൊക്കെ എടുത്തുകൊണ്ടു പോവാനാണ് എനിക്കു കല്പന കിട്ടീട്ടുള്ളത്."

"ബോധിച്ചപോലെ ചെയ്യൂ." എന്നു പറഞ്ഞു ഞാൻ മറ്റൊരു ഭാഗത്തേക്കു പോയി.

സ്‌ക്രീൻ വച്ചു മറച്ചിരുന്ന മറുഭാഗം സാധാരണയായി, അച്ചടിച്ചുകഴിഞ്ഞ പത്രം മടക്കിക്കെട്ടി അയപ്പാനും, അതു സംബന്ധിച്ച സിൽബന്തികൾക്ക് ഇരിപ്പാനും ഉപയോഗപ്പെടുത്തി വന്നിരുന്നതായിരുന്നു. അവിടെയാണ്, സാധാരണയായി, പുറമേനിന്നു പത്രാധിപരെ കാണ്മാൻ വരുന്ന ആളുകൾ ആദ്യമായി കടക്കുന്നത്. മുറ്റത്തുനിന്ന് ആ മുറിക്കുള്ളിൽ കടക്കുന്ന വാതില്ക്കൽ ആളുകൾ മുമ്പത്തേതിലധികം വന്നുചേർന്നു. ഞാൻ അവരോടു വർത്തമാനം പറഞ്ഞുനിന്നതിനിടയിൽ, എന്റെ ആഫീസ്മുറി

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/45&oldid=159013" എന്ന താളിൽനിന്ന് ശേഖരിച്ചത്