ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"മദ്രാസിലെ സ്നേഹിതന്മാരോ? നിങ്ങളുടെ ചോദ്യം എനിക്കു മനസ്സിലാകുന്നില്ലാ. ഈ നാട്ടുകാരും പരിചിതരുമായ ചിലർ മദ്രാസിലുണ്ട്. അവർ ചില സമയങ്ങളിൽ ഇവിടെ വന്നിട്ടുമുണ്ട്. അവരാണോ?"

"അവരല്ലാ. Real Madrasees."

(മദിരാശിയിൽതന്നെ പാർത്തുപോരുന്ന ആ ദിക്കുകാർ)

"എന്തോ എനിക്കു നിശ്ചയമില്ലാ. ഇവിടെ വരുന്ന ആളുകളെയെല്ലാം ഞാൻ കാണാറില്ല. അവരുടെ ഊരും പേരും അന്വേഷിക്കാറുമില്ല."

"ക്ഷമിക്കണമേ" (I beg your pardon)

ഇപ്രകാരം സംവാദത്തിനിടയ്ക്ക് ആ കടലാസുകളിൽ ചിലതു നീക്കി വയ്ക്കുകയും മറ്റുള്ളവയെ കളയുകയും ചെയ്തു. എഴുത്തുകാർ രണ്ടുകെട്ടായും, ഉപന്യാസങ്ങൾ വേറെ രണ്ടുകെട്ടായും കെട്ടി സൂക്ഷിച്ചു. അനന്തരം, പുരമുറിക്കുള്ളിൽ ഉണ്ടായിരുന്ന അലമാരകളിൽനിന്നു പുസ്തകങ്ങൾ എടുത്തു നോക്കുകയും അവയിൽ മിക്കതിലും എന്റെ ഭാര്യയുടെ പേരെഴുതി കാണുകയാൽ തിരിയെ വെച്ചുകളകയും ചെയ്തു. എന്നാൽ ഒരലമാരയിൽ നിന്നുമാത്രം മൂന്നുനാലു പുസ്തകങ്ങളും, എതാനു എഴുത്തുകളും കൈയെഴുത്തുപകർപ്പുകളും, ചില മലയാളപത്രങ്ങളും എടുത്തു. പുസ്തങ്ങൾ ഗവർമ്മേണ്ടിനാൽ തടയപ്പെട്ടവയാണെന്നു പറഞ്ഞിട്ടായിരുന്നു എടുത്തത്. ഇവയിൽ ഒന്ന്, കീയ്ർഹാർഡി അവർകൾ എഴുതിയിട്ടുള്ള 'ഇൻഡ്യാ (India By Kier Hardie) എന്ന പുസ്തകവും, മറ്റൊന്ന് മദ്രാസിലെ ജി.എ. നടേശ കമ്പിനിക്കാർ പ്രസിദ്ധം ചെയ്തതും തെക്കേ ആഫ്രിക്കയിലെ ഇൻഡ്യക്കാരെപ്പറ്റി 'ഇൻഡ്യൻ ഒപ്പിനിയൻ' പത്രാധിപർ മിസ്റ്റർ എച്ച്.എസ്.എൽ. പോളക്ക് എഴുതിയതും ആയ (Indians of South Africa By H.S.L. Polak) ഒരു ചെറിയ പുസ്തകവും ആയിരുന്നു. ഇവ യാതൊന്നും ഇന്നേവരെ തടയപ്പെട്ടിട്ടുള്ളവയല്ലാതാനും. അനന്തരം മറ്റു പുരമുറികളും ശോധന ചെയ്തിട്ട്, ഉദ്ദേശം ഒമ്പതരമണിയോടുകൂടി ശോധന അവസാനിപ്പിച്ച് മഹസ്സർ തയ്യാറാക്കി പൊലീസുകാർ വീടുവിട്ടു പോകയും ചെയ്തു. താൻ നിമിത്തം ആ വീട്ടുകാർക്കുണ്ടായ ബുദ്ധിമുട്ടുകളെ ക്ഷമിക്കുവാൻ അപേക്ഷിച്ചിട്ടാണ് സൂപ്രേണ്ടു പോയത്. പൊലീസുകാർ ശോധന ചെയ്ത് എടുത്തതു കഴിച്ചുള്ള എഴുത്തുകൾ മുതലായവയൊക്കെ, 'അലങ്കോലം' ആയി അവിടെ തള്ളിയിരുന്നു. ശോധനയ്ക്കു മുമ്പിലാകട്ടെ, അതു നടന്നുകൊണ്ടിരുന്നപ്പോഴാകാട്ടെ, അതിനു പിൻപിലാകട്ടെ, അതിലേക്കു പൊലീസുകാരെ അധികാരപ്പെടുത്തിയിരുന്നതായി സംഭാവനം ചെയ്യപ്പെട്ടിട്ടുള്ള യാതൊരു രേഖയും ആ വീട്ടിൽ പാർത്തിരുന്ന യാതൊരാളെയും പൊലീസുകാർ കാണിച്ചിരുന്നതുമില്ല. 'സ്വദേശാഭിമാനി' അച്ചുക്കൂടത്തിലും പത്രം ആഫീസിലും നിന്നും വീട്ടിൽനിന്നും മേല്പടി പത്രം സംബന്ധിച്ചുള്ള സകല സാമഗ്രികൾക്കും പുറമേ 'ശാരദ, 'കേരളൻ', 'വിദ്യാർഥി' എന്നീ മാസികാ പുസ്തകങ്ങളെ സംബന്ധിച്ചുള്ള കത്തുകൾ, ലേഖനങ്ങൾ, നാൾവഴിക്കണക്കുകൾ, മറ്റു റിക്കാർഡുകൾ എന്നിതുകളും, അവിടെ അച്ചടിച്ചു വില്പാൻ വച്ചിരുന്ന അനേകം പുസ്തകങ്ങളും പൊലീസുകാർ സർക്കാരിലേക്കു കൈയടക്കം ചെയ്തിരുന്നു.

മേൽപ്പറഞ്ഞ ശോധനകളും കൈയടക്കവും നാടുകടത്തലും മറ്റും കഴിഞ്ഞ്, ജനങ്ങൾ അത്ഭുതപരവേശരായിരിക്കുമ്പോഴായിരുന്നു ഇതിന്നൊക്കെ ആധാരമായി പറഞ്ഞുകൊണ്ടിരുന്ന തിരുവെഴുത്തുവിളംബരം ജനങ്ങളുടെയിടയിൽ പ്രചാരപ്പെടുത്തപ്പെട്ടത്. ⚫

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/56&oldid=159025" എന്ന താളിൽനിന്ന് ശേഖരിച്ചത്