ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്രപ്രതികരണങ്ങൾ


ഭീമമായ തെറ്റ്
(ദി ഹിന്ദു)


നടപടിക്ക് അടിസ്ഥാനമാക്കി തിരുവെഴുത്തുവിളംബരത്തിൽ പറയുന്നത്, "സ്വദേശാഭിമാനിപ്പത്രത്തെ അമർച്ചചെയ്യുന്നതും അതിന്റെ പത്രാധിപരെ നമ്മുടെ രാജ്യത്തുനിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യകമെന്നു നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ." എന്നു മാത്രമാകുന്നു. ഈ നിഷ്‌ഠുരനടപടി പൊതുക്ഷേമത്തിന് ആവശ്യകമായത് എന്തുകൊണ്ടാണെന്നും, മഹാരാജാവിന് അപ്രകാരം ബോദ്ധ്യംവരാൻ മാർഗ്ഗമെന്തെന്നും, കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന പത്രാധിപർക്കു തന്റെമേലുള്ള കുറ്റം എന്താണെന്നു നോട്ടീസു കൊടുക്കുകയോ, അതിനെ നിഷേധിപ്പാൻ തെളിവുകൊണ്ടുവന്നു വ്യവഹരിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നും, തന്റെ കുറ്റത്തെപ്പറ്റി പശ്ചാത്തപിച്ചു ക്ഷമായാചനം ചെയ്‌വാൻ പത്രാധിപർക്ക് അവസരം കൊടുത്തിരുന്നുവോ എന്നും മറ്റുമുള്ള വിവരങ്ങൾ അറിയിച്ചിട്ടില്ല. ഈ നടപടികളൊക്കെ സ്വേച്ഛാധികാരനയത്തെയും അനീതിയെയും തടയുന്നവയായിരുന്നിട്ടും, ഇവയൊന്നും ഈ ശിക്ഷ നൽകുന്നതിനുമുമ്പായി നടത്തീട്ടില്ലെന്നു വിചാരിക്കുവാനാണ് അവകാശം കാണുന്നത്. തിരുവിതാംകൂർ സംസ്ഥാനത്ത് ഒരു നിയമനിർമാണസഭയുണ്ട്, നിയമശാസനസഞ്ചയവുമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലുള്ളതിനോടൊട്ടൊക്കെ ഒപ്പമായ നിയമപരിപാലനവ്യവസ്ഥയുണ്ട്. മഹാരാജാവിന്റെ സ്ഥാനത്തിനു സഹജാതമായ അധികാരം എന്തുതന്നെ ആയിരുന്നാലും, ഒളിവിൽ സംഭരിച്ചുവെച്ചിരിക്കുന്ന ഒരു രാജാധികാരത്തെ എടുത്തു പ്രയോഗിക്കുന്നതിന് അത്രമേൽ അസാമാന്യമായ ഒരു അടിയന്തരാവശ്യം ഉണ്ടായിരിക്കേണ്ടതാണ്- മഹാരാജാവു തന്റെ മേൽക്കോയ്മയ്ക്കുള്ളതിലധികം അധികാരത്തെ ആവശ്യപ്പെടുന്നതായി കാണുന്നത് പ്രകടമായും രാജതന്ത്രനിയമത്തിനു വിരോധമായിരിക്കുന്നുണ്ട്- ഈ നാടുകടത്തൽ സംഗതിയിൽ, തിരു

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/58&oldid=159027" എന്ന താളിൽനിന്ന് ശേഖരിച്ചത്