ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നില്ല. എന്തെങ്കിലും കുറ്റമോ കുറ്റങ്ങളോ പത്രാധിപരുടെമേൽ ചുമത്തിയിട്ടില്ല; രാജ്യത്തിന്റെയോ, രാജാവുതിരുമനസ്സിലെയോ നേർക്കു ഗൗരവപ്പെട്ടു വല്ല കുറ്റമോ കുറ്റങ്ങളോ പത്രാധിപർ ചെയ്തതായിട്ടാകട്ടെ, ചെയ്യാനുദ്യമിച്ചതായിട്ടാകട്ടെ, യാതൊന്നും ലക്ഷ്യം കാണുന്നില്ല. തിരുവെഴുത്തുവിളംബരത്തിൽ, രാജദ്രോഹക്കുറ്റമാകട്ടെ, അതിനു സമമായ മറ്റേതെങ്കിലും കുറ്റമാകട്ടെ പത്രാധിപരുടെമേൽ ആരോപിച്ചിട്ടേയില്ല. "പൊതുജനക്ഷേമത്തെക്കരുതി സ്വദേശാഭിമാനി പത്രത്തെ നിർത്തലാക്കേണ്ടത് ആവശ്യമാകുമെന്ന് തിരുമനസ്സിലേക്കു ബോദ്ധ്യം ആയിരിക്കുന്നു," എന്നു മാത്രമേ വിളംബരത്തിൽ പറയുന്നുള്ളു... രാമകൃഷ്ണപിള്ളയെ ഇത്ര കഠിനമായി ശിക്ഷിച്ചിരിക്കുന്നത് ഏതു കുറ്റത്തിനാണെന്നുള്ള വിവരമൊഴികെ മറ്റൊക്കെ വിളംബരത്തിലുണ്ട്. രാമകൃഷ്ണപിള്ളയെ നാടുകടത്തി, പത്രത്തെ നിറുത്തലാക്കി, പത്രം അച്ചടിച്ചു വന്ന അച്ചുക്കൂടത്തെയും സാമഗ്രികളെയും മറ്റും സർക്കാരിലേക്കൊതുക്കി; ഗവർമെൺന്റിന്റെയും സർക്കാരുദ്യോഗസ്ഥന്മാരുടേയും പേരിൽ പിള്ളയ്ക്കു സിവിലായോ ക്രിമിനലായോ യാതൊരു പരിഹാരവും തേടുവാൻ അവകാശമില്ലെന്നും തടസ്ഥം ചെയ്തു. ഇതു ബ്രിട്ടീഷ് ഗവണ്മെന്റു കൂടെയും ഇന്നോളം ചെയ്യാത്തതായ ഒരു ശിക്ഷ, അഥവാ ശിക്ഷകളുടെ സങ്കലനം ആകുന്നു...


സ്വേച്ഛാധികാരവും അധികാരപ്രമത്തതയും
(മറാട്ട, പുനാ)

'സ്വദേശാഭിമാനി' പത്രാധിപർ മിസ്സ്റ്റർ രാമകൃഷ്ണപിള്ളയെ ഏതാനും ദിവസം മുമ്പു പെട്ടെന്നു നാടുകടത്തിയ സംഗതിയിൽ ഒരു ക്ഷോഭം ഉണ്ടായിരിക്കുന്നു. ആ പത്രാധിപർ ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തിന്റെ സ്വാഭാവം ഇന്നതെന്നുള്ളതിനെപ്പറ്റി ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തി പത്രങ്ങളിൽ വാദപ്രതിവാദങ്ങൾ നടക്കുന്നു. ദിവാൻജിയെ കഠിനമായി അപകീർത്തിപ്പെടുത്തി എന്നും, രാജ്യധ്വംസകമായും രാജദ്രോഹകരമായും ഒളിവിൽ അർത്ഥമുള്ള ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി എന്നും ആണ് ഊഹങ്ങൾ. ഈ വാദപ്രതിവാദങ്ങളിൽ ഏതെങ്കിലും പക്ഷം പിടിക്കുന്നതിന് ഞങ്ങൾക്കാഗ്രഹമില്ല. മിസ്സ്റ്റർ പിള്ളയെ നാടുകടത്തിയതിനെ സംബന്ധിച്ച്, ഞങ്ങൾ, നീതിതത്ത്വത്തെ ആധാരമാക്കിക്കൊണ്ട്, തിരുവിതാംകൂർ ഗവണ്മെന്റിന്റെ നടപടിയെ പ്രബലമായി എതിർത്തു പറയുന്നു. യാതൊരാളെയും അയാളുടെ സമാധാനം ചോദിച്ചറിയാതെ ശിക്ഷിക്കരുത് . എന്നുള്ള നിയമസിദ്ധാന്തത്തെ ഗവണ്മെന്റ് നിർവ്യളികമായി ലംഘിച്ചിരിക്കുന്നു. പത്രാധിപരെ നാടുകടത്തി. പത്രത്തെ മുടക്കി. അച്ചുക്കൂടത്തെ പിടിച്ചടക്കി ഇതൊക്കെയും പത്രാധിപരുടെമേൽ ചുമത്തിയിരിക്കുന്ന കുറ്റമെന്തെന്ന് ആ ആളെ അറിയിക്കാതെയും, തന്റെ നിരപരാധിത്വത്തെ സ്ഥാപിക്കയോ ഒരു നിയമകോടതി വിചാരണചെയ്ത് കുറ്റം സ്ഥാപിക്കയോ ചെയ്യാൻ ആ ആൾക്ക് അവസരം നൽകാതെയും ചെയ്തിട്ടുള്ളതാണ്! മിസ്സ്റ്റർ പിള്ളയെ മുന്നറിവുകൊടുത്ത്, താക്കീതു ചെയ്തിട്ടുള്ളതായി, തിരുവിതാംകൂർ ഗവണ്മെന്റിന്റെ പക്ഷക്കാർകൂടെയും പറയുന്നില്ലാ. ഒരു എക്സിക്യുട്ടീവ് ഉത്തരവിന്മേൽ മാത്രം ഒരു മാന്യനായ പത്രാധിപരെ നാടുകടത്തുകയും ആ ആളുടെ പത്രത്തെ മുടക്കുകയും അച്ചുക്കൂടത്തെ സർക്കാരിലേക്കു കയ്യടക്കുകയും ചെയ്യുന്നത് അനീതി തന്നെയാണ്. തിരുവിതാംകൂർ സംസ്ഥാനത്ത്, തീരെ ഹീനമായ കുറ്റങ്ങൾ ചുമത്തപ്പെടുന്ന ഏറ്റവും നിന്ദ്യമായ ക്രിമിനൽ പുള്ളിയെക്കൂടെയും സമാധാനം ചോദിച്ചറിയാതെ ശിക്ഷിക്കാറില്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് . ഒരു നിയമക്കോടതി മുമ്പാകെ തനിക്കു പറവാനുള്ളതു പറവാനും തന്റെ ഭാഗം സ്ഥാപിപ്പാനും ഉള്ള അവസരം ഒരു പത്രാധിപർക്കും അതുപോലെ അനുവദിക്കപ്പെട്ടുകൂടെയോ?....

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/63&oldid=159033" എന്ന താളിൽനിന്ന് ശേഖരിച്ചത്