ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧. കേശവപിള്ള ദിവാൻജി.

കേശവപിള്ള ദിവാൻജിയുടെ പ്രസിദ്ധി തിരുവിതാംകൂറിലല്ലാതെ മറ്റങ്ങും വളരെ ഇല്ലെന്നുതന്നെ പറയാം. കൊച്ചിശ്ശീമയിലും ബ്രിട്ടീഷ് മലയാളത്തിലും അദ്ദേഹത്തിന്റെ പേരു കേട്ടിട്ടുള്ളവർ തന്നെ വളരെ ദുർലഭമാണ്. എന്നാൽ അദ്ദേഹത്തിന്റെ വൃത്താന്തമറിഞ്ഞിട്ടുള്ളവർ, രണഭൂമിയിലും രാജസഭയിലും ഒരു പോലെ ഇത്ര അഗ്രഗണ്യനായിട്ടു വേറൊരു മലയാളി ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ലെന്നു നിസ്സംശയമായി സമ്മതിക്കുന്നതാണ്. ദരിദ്രൻമാരായ മാതാപിതാക്കന്മാരുടെ സന്താനമായി ജനിച്ച് സേവയും ശിപാർശയും കൂടാതെ തന്റെ ബുദ്ധിവൈഭവം കൊണ്ടും, സ്വാമിഭക്തികൊണ്ടും ക്രമേണ വലുതായി ഒടുവിൽ, ൯൭൩-ൽ നാടുനീങ്ങിയ മഹാരാജാവിന്റെ പ്രധാനമന്ത്രിയും പ്രധാന സേനാപതിയുമായി, അന്നത്തെ ബങ്കാൾ ഗവർണർ ജനറലുടെ പക്കൽ നിന്നും രാജാ കേശവദാസൻ എന്ന സ്ഥാനപ്പേർ സമ്പാദിച്ച ആൾ ഒരു അസാമാന്യനായിരുന്നു എന്ന് പ്രധമദൃഷ്ടിയിൽത്തന്നെ സ്പഷ്ടമാകുന്നതാണ്. ഇത്ര മഹാനായ ഒരു മലയാളിയുമായി പരിചയമാകുന്നതിനു സ്വദേശാഭിമാനികളായ എല്ലാ മലയാളികൾക്കും അഭിലാഷമുണ്ടാകുമെന്നുള്ള ഉത്തമവിശ്വാസത്തിൻമേലാണ് ഞങ്ങൾ ഈ വിഷയത്തെപ്പറ്റി ഇവിടെ എഴുതുന്നത്. എന്നാൽ ഇംഗ്ലീഷുകാരുടേയും മറ്റും ഇടയിലുള്ളതുപോലെ മഹാൻമാരുടെ ചരിത്രങ്ങളെ വിസ്താരമായി എഴുതുന്നതുന്ന സമ്പ്രദായം നമ്മുടെ പൂർവ്വികരുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ വൃത്താന്തം പൂർണമായി എഴുതുന്നതിനു തരമില്ലാതെ വന്നിരിയ്ക്കുന്നു എന്ന് വ്യസനത്തോടുകൂടി പറയേണ്ടിയിരിക്കുന്നു. താഴെ പറയുന്നിടത്തോളം സംഗതികളെ തിരുവനന്തപുരം പി. അയ്യപ്പൻപിള്ള അവർകൾ കേശവപിള്ളയേപ്പറ്റി ഇംഗ്ലീഷിൽ ഒരു ചെറിയ പുസ്തകം എഴുതി പ്രസിദ്ധം ചെയ്തിട്ടുള്ളതിൽ നിന്ന് എടുത്തിരിക്കുന്നതാണ്.

കേശവപിള്ള ഏതു കൊല്ലത്തിൽ ജനിച്ചു എന്നു തീർച്ചയായി പറയുന്നതിന്നു യാതൊരു രേഖയും ഉള്ളതായി ഞങ്ങൾ അറിയുന്നില്ല. എങ്കിലും അത് ൯൨൦ - മാണ്ടിന് സമീപിച്ചായിരുന്നു എന്ന് ഏകദേശം ഊഹിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അമ്മ കുന്നത്തുക്കാരിയും ൧൫ വയസ്സു മുതൽ പത്മനാഭപുരം കൊട്ടാരത്തിൽ ഒരു തവണക്കാരിയുമായിരുന്നു. അങ്ങനെ ദാസ്യപ്രവർത്തി ചെയ്തു താമസിയ്ക്കുമ്പോൾ ഒരു ജ്യോതിഷക്കാരൻ ആ സ്ത്രീയ്ക്കു സംബന്ധമായി, ഉടനെ ഗർഭമുണ്ടായി. മേടമാസം ൧൦ -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/23&oldid=159717" എന്ന താളിൽനിന്ന് ശേഖരിച്ചത്