ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരോഗ്യരക്ഷ ചെയ്യുമ്പോൾ നമുക്ക് യാതൊരു അസഹ്യതകളും ഇല്ലാതിരിക്കുകയും നമ്മുടെ പ്രവർത്തികളേ വേണ്ടുംവണ്ണം ചെയ്യുന്നതിന്നു ശക്തിയും ഉത്സാഹവും ഉണ്ടായിരിക്കുകയും ചെയ്യുന്നു. അതിഭാഗ്യം കൊണ്ടു മാത്രം ലഭിക്കാവുന്ന ഈ അവസ്ഥയെ ആകുന്നു നാം അരോഗതയെന്നു പറയുന്നത്.

        എന്നാൽ ഈ അവസ്ഥയ്ക്ക് പല കാരണങ്ങൾ കൊണ്ടും പലവിധത്തിലുള്ള ന്യൂനതകൾ സംഭവിക്കാവുന്നതാണു് .അപ്പോൾ പലപ്രകാരത്തിലുള്ള രോഗങ്ങളും അരിഷ്ടതകളും ഉണ്ടാകുന്നു.ഈ വക രോഗങ്ങളും അരിഷ്ടതകളും ഉണ്ടാകാതെ സൂക്ഷിക്കത്തക്ക വിധത്തിലാകുന്നു പരമകാരുണികനായ ഈശ്വരൻ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. അങ്ങിനെ ശരീരം സൂക്ഷിക്കേണ്ടതിന്നു നാം അനുഷ്ടിക്കേണ്ടതായി ദൈവകല്പിതങ്ങളായി ചില നിയമങ്ങളും ഉണ്ട് .ആ നിയമങ്ങളേ മനസിലാക്കി യഥാവിധി ആചരിച്ചാൽ ശരീരസുഖത്തോടുകൂടി കാലക്ഷേപം ചെയ്യാവുന്നതാണ്. നേരേമറിച്ച് അജ്ഞാനം കൊണ്ടോ ഉദാസീനതകൊണ്ടോ നാം അവയെ ലംഘിച്ചാൽ നമുക്ക് അരോഗന്മാരായിരിപ്പാൻ അസാദ്ധ്യം തന്നെ. മനുഷ്യകല്പിതങ്ങളായ നിയമങ്ങളേ ലംഘിച്ചാൽ ശിക്ഷകൂടാതെ രക്ഷപ്പെടുന്നതിനു ചിലർക്കു കഴിയുമായിരിക്കാം .മേല്പറഞ്ഞ നിയമങ്ങളെ ലംഘിക്കുന്നവർക്കു ശിക്ഷയിൽ നിന്നു വേർപെടുവാൻ അസാദ്ധ്യമാണെന്നു പറയേണ്ടതില്ലല്ലോ.    

രോഗങ്ങൾ നാംതന്നെ വരുത്തിക്കൂട്ടുന്നതാണെന്നു പറഞ്ഞതു എല്ലാപേർക്കും സമ്മതമാകുമോ എന്നു സംശയമാണ്.അരോഗതയും രോഗവും പൂർവജന്മത്തിൽ ചെയ്ത പുണ്യപാപങ്ങളുടെ ഫലമാണെന്നും ,അതുകൊണ്ട് മനുഷ്യയത്നംകൊണ്ടു രോഗങ്ങളേ നിവാരണം ചെയ്യാൻ അസാദ്ധ്യമാണെന്നും ചിലർക്ക് അഭിപ്രായമുണ്ടായിരിക്കാം.എന്നാൽ അവരുടെ അഭിപ്രായം അനുഭവവിരുദ്ധമാകയാൽ അത്ര ശരിയായിട്ടുള്ളതാണെന്നു വിചാരിപ്പാൻ പാടില്ല. എങ്ങിനെയെന്നാൽ നിയമേന അമിതഭക്ഷണം ചെയ്കയോ ദേഹപ്രവൃത്തിക്കുചേരാത്ത പദാർത്ഥങ്ങളെ ഭക്ഷിക്കുകയോ ചെയ്താൽ ഉടനേതന്നെയോ കാലക്രമം കൊണ്ടോ ഉദരരോഗങ്ങളും അധികമായ വിചാരംകൊണ്ടും മനഃക്ളേശം കൊണ്ടും ബുദ്ധിക്കും ഹൃദയത്തിനും മറ്റു രക്താശയങ്ങൾക്കും ഉപദ്രവവും മഴയത്തോ മഞ്ഞത്തോ നടന്നാൽ ജലദോഷവും അതുപോലെ തന്നെ മറ്റോരോ കാരണങ്ങളാൽ വേറെ പല വ്യാധികളും ഉണ്ടാകുന്നതു എല്ലാപേർക്കും അനുഭവമല്ലേ. അതുകൊണ്ടു രോഗങ്ങളേ സാധാരണമായി സ്വയംകൃതദോഷങ്ങളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാണ് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/45&oldid=204694" എന്ന താളിൽനിന്ന് ശേഖരിച്ചത്