ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


43. വെള്ളവിചാരപ്പടങ്ങളിട്ടു
ഉള്ളകമൊക്കെ വിതാനിച്ചെങ്കിൽ
വള്ളുവനായാലും വെള്ളാളനായാലും
കൊള്ളാമെനിക്കവൻ യോഗപ്പെണ്ണെ!- ശുദ്ധ-
മുള്ളാടനാകട്ടെ ജ്ഞാനപ്പെണ്ണേ!

44. സാവധാനം യോഗക്കട്ടിലിന്മേൽ
വാവവയ്പ്പിച്ചു മനക്കുട്ടിയെ
പാവയെപ്പോലെ പരുങ്ങാതിരിക്കുന്ന
പാവനനെൻ ഗുരു യോഗപ്പെണ്ണെ!- ജാതി
ചോവനായാലെന്തു ജ്ഞാനപ്പെണ്ണെ!

45. ആലോലത്തു നിലാവമ്പിളിയും
കോലാഹലങ്ങളും കണ്ടും കേട്ടും
മേലാക്കം നോക്കി മനം ലയിപ്പിക്കുന്ന
വാലനുമെൻ ഗുരു യോഗപ്പെണ്ണെ!- പക്ഷെ
വേലനായാലെന്തു; ജ്ഞാനപ്പെണ്ണെ!

46. ചാടിച്ചരിക്കും മനക്കുഞ്ഞിനെ
കൂടിച്ചു യോഗ മണിമെത്തമേൽ
പാടിയുറക്കുന്ന പണ്ഡിതനെൻ ഗുരു-
ആടലകന്നവൻ യോഗപ്പെണ്ണെ!- മല-
വേടനായാലെന്തു ജ്ഞാനപ്പെണ്ണെ!

47. സത്യമെന്നുള്ള ലിപിദ്വയത്തെ
കൃത്യമായിട്ടോർത്തു പോരുന്നവൻ
ഉത്തമനാണു, മമ ഗുരുനാഥനാം
സത്തമനുമവൻ യോഗപ്പെണ്ണെ!- ഒരു
മേത്തനായാലെന്തു ജ്ഞാനപ്പെണ്ണെ!

48. പ്രാണങ്ങൾ നിന്നു മനം ലയിച്ചു
കാണുവാനുള്ള കഥകൾ കണ്ടു
തൂണുപോലല്പം ചരിക്കാതിരിക്കുന്നോ-
നാണുമമ ഗുരു യോഗപ്പെണ്ണെ!- അവൻ
പാണനായാലെന്തു ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/10&oldid=161442" എന്ന താളിൽനിന്ന് ശേഖരിച്ചത്